Home Blog Page 18

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കാണുന്നില്ല

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ്. തെളിവ് നശിപ്പിക്കലെന്ന് സംശയം. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ സ്റ്റോറേജ് ഡിവൈസ് എടുത്തുമാറ്റിയ നിലയിൽ.

ആന്റോ അഗസ്റ്റിനുമായി വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോയുടെ പേരിൽ തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായി എക്സൈസ്

മെസ്സിയുടെ മറവിലെ തട്ടിപ്പ്, ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT

lതിരുവനന്തപുരം.മെസ്സിയുടെ മറവിലെ തട്ടിപ്പിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT. മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ പ്രധാന നീക്കം. അബ്കാരി കേസിൽ നിലവിൽ ജയിലിൽ ഉള്ള സ്പോൺസറെയും പിന്നാലെ ചോദ്യം ചെയ്യും.

വിവിധ വകുപ്പ് റിപ്പോർട്ടുകളുടെയും എസ്ഐടി ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. മുൻ കായിക മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥ തല ചോദ്യം ചേയ്യലും എസ്ഐടിയുടെ പരിഗണനയിലുണ്ട്. സർക്കാരിനെതിരെ ആൻ്റോ അഗസ്‌റ്റിൻ നൽകിയ മൊഴിയും എസ് ഐ ടി പരിശോധിച്ചു വരികയാണ്.

പിണറായിക്കെതിരെ കേസെടുക്കാം,നിയമോപദേശം ഇങ്ങനെ

കൊച്ചി. സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (PC Act) സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന പിതാവിന് വേണ്ടി വീണ കൈക്കൂലിയോ നിയമവിരുദ്ധമായ പ്രതിഫലമോ കൈപ്പറ്റി എന്നത് ശക്തമായ വാക്കാലുള്ള മൊഴിയാല്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രേഖാമൂലവും, ഡിജിറ്റല്‍ തെളിവുകളും ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം, കൈക്കൂലിപ്പണം വീണ തന്റെ പിതാവിന് വേണ്ടി, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിയമവിരുദ്ധമായി കൈപ്പറ്റിയതാണെന്ന് അനുമാനിക്കാവുന്നതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

നിയമപരമായി തനിക്ക് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത 3,28,01,000 രൂപ വീണ സിഎംആര്‍എല്ലില്‍ (CMRL) നിന്ന് കൈപ്പറ്റി എന്നത് വസ്തുതയാണ്. ഇതു കൈക്കൂലിയല്ലെന്ന് ഖണ്ഡിക്കാന്‍ അവ്യക്തമായ വിശദീകരണങ്ങള്‍ മതിയാകുന്നതല്ലെന്നും ഡിജിപി നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നു.

റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാം

സിഎംആര്‍എല്‍ കേസില്‍ മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കി. 2019 ജനുവരി 26-ന് ആദായനികുതി നിയമത്തിലെ 132(4)ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ സിഎംആര്‍എല്‍ (CMRL) എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി ഈ നിഗമനത്തെ സാധൂകരിക്കുന്നതായി ഡിജിപി പറയുന്നു.

‘കരാര്‍ പ്രകാരമുള്ള സേവനദാതാക്കള്‍ ഞങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള ജോലിയോ സേവനമോ, സോഫ്‌റ്റ്വെയര്‍ പരിപാലനമോ, കണ്‍സള്‍ട്ടന്‍സിയോ മറ്റേതെങ്കിലും തരത്തിലുള്ള സേവനമോ ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും, കരാര്‍ പ്രകാരമുള്ള പ്രതിമാസ പണം നല്‍കിവരുന്നുണ്ട്.’ എന്നാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.

ശശിധരന്‍ കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിതാവ് വഴി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ക്രമക്കേട് വരുത്തുന്നതിനായി വീണ കൈക്കൂലിത്തുക കൈപ്പറ്റി എന്ന് അനുമാനിക്കാവുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ മൂന്നാമതൊരാളിലൂടെയാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ പോലും, ആ പൊതുപ്രവര്‍ത്തകന്‍ വിചാരണ നേരിടാന്‍ ബാധ്യസ്ഥനാണെന്നും നിയമോപദേശത്തില്‍ ഡിജിപി വ്യക്തമാക്കുന്നു.

ഒരു പൊതുപ്രവര്‍ത്തകന് കൈക്കൂലി നല്‍കിയെന്നാരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, കമ്പനീസ് നിയമപ്രകാരം രൂപീകരിച്ച സിഎംആര്‍എല്‍ (CMRL) കമ്പനിയും നിയമനടപടിക്ക് വിധേയമാകാന്‍ ബാധ്യസ്ഥമാണ്. 2018-ലെ 16-ാം നിയമപ്രകാരം ഭേദഗതി വരുത്തിയ 1988-ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(b) വകുപ്പ് പ്രകാരം, വീണയുടെ ഭര്‍ത്താവും അന്നത്തെ മന്ത്രിയുമായിരുന്ന പി എ മുഹമ്മദ് റിയാസിനെതിരെയും നടപടിയെടുക്കാം. വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സാമ്പത്തിക ആസ്തി കൈവശം വെച്ചെന്നാരോപിച്ച് റിയാസിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

മാസപ്പടിക്കേസ്: പിണറായിക്കെതിരെ കൈക്കൂലികേസ് നിലനിൽക്കുമെന്ന് നിയമോപദേശം

കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് കൈമാറിയ നിയമോപദേശത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്‌. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നിഗമനത്തിലെത്തിയത്. 

അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 7 പ്രകാരമുള്ള കൈക്കൂലിക്കുറ്റവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ചുമത്തുന്ന വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്നാണ് നിയമോപദേശത്തിലുള്ളത്. ഇല്ലാത്ത സേവനത്തിന് മുൻമുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിലൂടെ മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിനു ചുമത്തുന്ന വകുപ്പ് 7(2)-ഉം ബാധകമാകും. 


പണം നൽകിയെന്ന് സിഎംആർഎൽ സ്ഥാപക എംഡിയും ഉദ്യോഗസ്ഥരും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ കേസിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കായിരിക്കും. കൂടാതെ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പേരിലും വകുപ്പ് 13 (1) ബി ബാധകമാകുമെന്നും നിയമോപദേശത്തിൽ പറയുന്നു.

ഈ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം നടത്താനായിരിക്കും സർക്കാർ തീരുമാനിക്കുക. വിജിലൻസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം വേണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നിയമോപദേശത്തില്‍ പറയുന്നു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും വെള്ളി; ടേബിൾ ടെന്നീസിൽ ക്വാർട്ടർ

നഗോയ: ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വെള്ളി മെഡലാണിത്. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പാകിസ്താനെ 3–0ന് പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചു.
രുദ്രാങ്ക്ശ് പാട്ടീൽ, ഹിമാംശു ധില്ലൺ, പാർഥ് മാനെ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയത്. ഫൈനലിൽ 1890.1 പോയിന്റ് നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 1899 പോയിന്റുമായി ചൈന സ്വർണം സ്വന്തമാക്കി.
വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തി. 631.8 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ രുദ്രാങ്ക്ശ് പാട്ടീലും 630 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ ഹിമാംശു ധില്ലണും പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. 628.3 പോയിന്റുമായി 11-ാം സ്ഥാനത്തെത്തിയ പാർഥ് മാനെയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം. ഒരാള്‍ക്ക് ഒരു ടില്‍ അരവണയും മൂന്ന് കവര്‍ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാല്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചതാണ് ക്ഷാമത്തിന് കാരണം.

കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകര്‍ അധികം എത്തിയിരുന്നു. അരവണ ശേഖരം കുറഞ്ഞതിനെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകള്‍ അടച്ചു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.


കന്നിമാസ പൂജയ്ക്ക് 2.6 ലക്ഷം അരവണയാണ് നിര്‍മിച്ചത്. ഈ വര്‍ഷം 50,000 യൂണിറ്റ് കൂടുതല്‍ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പറയുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നില്‍ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്.

അപ്പത്തിന് നിലവില്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അരവണയുടെ കരുതല്‍ ശേഖരം തീരുന്ന മുറയ്ക്ക് വില്‍പ്പനയും നിര്‍ത്തിവയ്ക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലമ്പൂർ പൂക്കോട്ടുംപാടം കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിൽ മരണം നാലായി

മലപ്പുറം : നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി. ഒരാൾക്കായി തെരച്ചിൽ തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച തിരച്ചിലാണ് രണ്ട് പുരുഷ മൃതദേഹങ്ങൾകൂടി ലഭിച്ചത്. പൊട്ടിക്കല്ല് ഗ്രൗണ്ടിന് സമീപത്തുനിന്നും ആൻ്റണിക്കാട് അസംപ്ഷൻ സ്കൂളിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വണ്ടൂർ, കരുവാരക്കുണ്ട് സ്വദേശികളായ യുവാക്കളാണ് ഇതെന്ന് സംശയമുണ്ട്.

ഞായർ വൈകിട്ട് അഞ്ചോടെയാണ് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശവാസിയായ സ്ത്രീയടക്കം ആറുപേരെ കാണാതായി. ഇതിൽ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച ലഭിച്ചത്. മുഹമ്മദ്കുട്ടിയുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽനിന്നും അനസിന്റേത് ആന്റണിക്കാട്‌ അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുള്ള പുഴയിൽനിന്നുമാണ് കിട്ടിയത്. അനിസിന്റെ ബാപ്പ: മങ്ങാടൻ ഹമീദ്. ഉമ്മ: പാത്തുമോൾ. ഭാര്യ: ഫാത്തിമ ഷെറിൻ.

അവധിദിനമായതിനാല്‍ നിരവധിയാളുകള്‍ പുഴയോരത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽമുതൽ ടി കെ കോളനിവരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. ചിലര്‍ പുഴയിലിറങ്ങി.

മലവെള്ളപ്പാച്ചിലില്‍ പുഴയിലെ വെള്ളം ഉയർന്നു. ചിലര്‍ സമീപത്തെ മരക്കൊമ്പിലും പാറയിലും കയറിനിന്നു. ഇങ്ങനെ കയറിനിന്ന മുപ്പതോളംപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലഭാഗത്തും ആളുകൾ രക്ഷപ്പെടാനാകാതെ ഏറെനേരം കുടുങ്ങകിടന്ന വരെ
നിലമ്പൂരില്‍നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കാണാതായവര്‍ക്കായി തിരച്ചില്‍‌ നടത്തിയത്. ഞായറാഴ്ച രാത്രി 9.30 തോടെ നിർത്തി വെച്ച തിരച്ചിൽ ഇന്ന് രാവിലെ പുന:രാരംഭിക്കുകയായിരുന്നു.

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാലിക പ്രസക്തമായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമാണ് ഇന്ന്. 1928 സെപ്തംബർ 20-ന് ശിവഗിരിയിലാണ് ഗുരുദേവൻ സമാധിയടഞ്ഞത്.
ഗുരുദേവന്റെ പുണ്യജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ അധ്യായമാണ്. അറിവും വിദ്യാഭ്യാസവും ക്ഷേത്രദർശനം പോലും അധഃസ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ ചെമ്പഴന്തിയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാണു, സ്വഭാവത്തിലും പെരുമാറ്റത്തിലും പുലർത്തിയിരുന്ന സവിശേഷതകളിലൂടെ ആധ്യാത്മികതയിലൂന്നിയ നവോത്ഥാന പാതയിലേക്ക് സഞ്ചരിച്ചു. മനുഷ്യസാഹോദര്യത്തിൽ അധിഷ്ഠിതമായ ദാർശനികതയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെട്ട അദ്ദേഹം പിൽക്കാലത്ത് ശ്രീനാരായണ ഗുരു എന്ന നാമത്തിൽ ലോകമറിയുന്ന മഹദ് വ്യക്തിത്വമായി മാറി.
പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട അധഃസ്ഥിത വിഭാഗങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ഗുരുദേവൻ അവരെ മുന്നോട്ടുനയിച്ചു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്ക് ദേവാലയങ്ങൾ സ്ഥാപിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കായി വിദ്യാലയങ്ങൾ ആരംഭിച്ചു. അറിവിന്റെ ആഴങ്ങളിൽനിന്ന് ഗുരുദേവൻ ഉയർത്തിയ സാമൂഹിക വിപ്ലവം പിൽക്കാലത്ത് കേരളത്തിലുണ്ടായ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അടിത്തറയായി.

മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി

മലപ്പുറം :ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച തിരച്ചിലാണ് രണ്ട് പുരുഷ മൃതദേഹങ്ങൾകൂടി ലഭിച്ചത്. നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയില്‍ ആണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
പൊട്ടിക്കല്ല് ഗ്രൗണ്ടിന് സമീപത്തുനിന്നും ആൻ്റണിക്കാട് അസംപ്ഷൻ സ്കൂളിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വണ്ടൂർ, കരുവാരക്കുണ്ട് സ്വദേശികളായ യുവാക്കളാണ് ഇതെന്ന് സംശയമുണ്ട്.


ഞായർ വൈകിട്ട് അഞ്ചോടെയാണ് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശവാസിയായ സ്ത്രീയടക്കം ആറുപേരെ കാണാതായി. ഇതിൽ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച ലഭിച്ചത്. മുഹമ്മദ്കുട്ടിയുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽനിന്നും അനസിന്റേത് ആന്റണിക്കാട്‌ അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുള്ള പുഴയിൽനിന്നുമാണ് കിട്ടിയത്. അനിസിന്റെ ബാപ്പ: മങ്ങാടൻ ഹമീദ്. ഉമ്മ: പാത്തുമോൾ. ഭാര്യ: ഫാത്തിമ ഷെറിൻ.


അവധിദിനമായതിനാല്‍ നിരവധിയാളുകള്‍ പുഴയോരത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽമുതൽ ടി കെ കോളനിവരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. ചിലര്‍ പുഴയിലിറങ്ങി.

മലവെള്ളപ്പാച്ചിലില്‍ പുഴയിലെ വെള്ളം ഉയർന്നു. ചിലര്‍ സമീപത്തെ മരക്കൊമ്പിലും പാറയിലും കയറിനിന്നു. ഇങ്ങനെ കയറിനിന്ന മുപ്പതോളംപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലഭാഗത്തും ആളുകൾ രക്ഷപ്പെടാനാകാതെ ഏറെനേരം കുടുങ്ങിക്കിടന്നു. നിലമ്പൂരില്‍നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കാണാതായവര്‍ക്കായി തിരച്ചില്‍‌ നടത്തിയത്. ഞായറാഴ്ച രാത്രി 9.30ന് അവസാനിപ്പിച്ച തിരച്ചിൽ തിങ്കളാഴ്ച പുലർച്ചെ പുനരാരംഭിക്കുകയായിരുന്നു.