അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. ‘ഡോക്ടർ’ എന്ന് ഈ വിഭാഗക്കാർ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു.
1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമീഷനടക്കം നോട്ടീസയച്ചു. ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
തെറാപ്പിസ്റ്റുകൾ പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിയമപരമല്ല: ഹൈക്കോടതി
നായ കടിച്ച മുറിവിന്‍റെ വലിപ്പം 12 സെ.മീ., 42 പല്ലും ആഴ്ന്നിറങ്ങിയതിനാൽ 20 ലക്ഷം നഷ്ടപരിഹാരം വേണം… ഹർജിയുമായി യുവതി കോടതിയിൽ
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കണക്ക് നിരത്തി 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹരജി. ഡൽഹി മുനിസിപ്പൽ കോർപറേഷൻ 20 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക റായ് എന്ന സ്ത്രീയാണ് ഹൈകോടതിയെ സമീപിച്ചത്.
പഞ്ചാബ്-ഹരിയാന ഹൈകോടതി 2023ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ടുവെച്ച ഒരു ഫോർമുല ആധാരമാക്കിയാണ് ഹരജിക്കാരി 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നായ് കടിച്ചപ്പോൾ എത്ര പല്ലുകൾ ഇറങ്ങിയാണ് മുറിവേറ്റതെന്നും, മാംസം കടിച്ചെടുത്തിട്ടുണ്ടോ എന്നതും കണക്കിലെടുത്ത് നഷ്‍ടപരിഹാരം നിർണയിക്കണമെന്നായിരുന്നു കോടതി ഉത്തരവിലെ നിർദേശം.
ഇതനുസരിച്ച് തനിക്കേറ്റ മുറിവ് 0.2 സെന്‍റിമീറ്റർ ഉണ്ടെങ്കിൽ 20,000 രൂപ കണക്കാക്കാം. തനിക്കുണ്ടായ മുറിവിന്‍റെ വലുപ്പം 12 സെന്‍റിമീറ്റർ ആണെന്നും, അതിന് 12 ലക്ഷം രൂപ വരുമെന്നും സ്ത്രീ പറയുന്നു. നായയുടെ ഒരു പല്ല് ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിന് 10,000 രൂപയാണ് കോടതിയുടെ കണക്ക്. തനിക്കേറ്റ മുറിവിൽ നായയുടെ 42 പല്ലും ഇറങ്ങിയെന്നും ആ വകയിൽ 4.2 ലക്ഷം രൂപ വരുമെന്നുമാണ് അവകാശവാദം. തനിക്കുണ്ടായ മാനസിക വ്യഥക്ക് 3.8 ലക്ഷം രൂപയും കണക്കാക്കിയാണ് മൊത്തം നഷ്‍ടപരിഹാര തുക 20 ലക്ഷത്തിൽ എത്തിച്ചിരിക്കുന്നത്.
പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു
കൊല്ലം: പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സംഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.
ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.
മില്‍മയില്‍ 12 വര്‍ഷത്തിന് ശേഷം നിയമനം; സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി, വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ
തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകളില്‍ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് വിജ്ഞാപനം . വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയന്‍ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മലബാര്‍ മേഖലയില്‍ 23 ഓളം വരുന്ന തസ്തികളില്‍ 47 ഒഴിവുകളില്‍ ആണ് വിജ്ഞാപനം. തിരുവനന്തപുരം മില്‍മയില്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്.
മില്‍മയില്‍ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, അതുവഴി മില്‍മയെ ഉയര്‍ച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികള്‍. ക്ഷീരകര്‍ഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയില്‍ അവിടുത്തെ സ്ഥിര നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
സഹകരണ ചട്ടങ്ങളില്‍ ഇതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവില്‍ നടക്കാന്‍ പോകുന്ന നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുന്‍ഗണന ഏര്‍പ്പെടുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവര്‍ക്ക് ചട്ടപ്രകാരമുള്ള സംവരണം നല്‍കിയാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.
അപേക്ഷകൾ ഓൺലൈനിൽ നൽകാം. നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.
എ. ഓഫിസർ കാറ്റഗറി
അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 8, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ 11, അസിസ്റ്റന്റ് ഡയറി ഓഫിസർ 22, അസിസ്റ്റന്റ് എച്ച്ആർഡി ഓഫിസർ 3, അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ 1, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ 7, അസിസ്റ്റന്റ് വെറ്റിറിനറി ഓഫിസർ 5, അസിസ്റ്റന്റ് പർച്ചേസ് ഓഫിസർ 3, അസിസ്റ്റന്റ് എൻജിനീയർ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ) പ്രൊജക്റ്റുകൾ 1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) പ്രൊജക്റ്റുകൾ 4 , അസിസ്റ്റന്റ് ഡയറി ഓഫിസർ (പ്രൊജക്റ്റുകൾ) 4 എന്നിങ്ങനെയാണ് ഒഴിവുകൾ
ബി. നോൺ ഓഫിസർ കാറ്റഗറി
സിസ്റ്റം സൂപ്പർവൈസർ 7, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ അസിസ്റ്റന്റ് 36, ജൂനിയർ സൂപ്പർവൈസർ 33, മാർക്കറ്റിങ് അസിസ്റ്റന്റ് 4, ലാബ് അസിസ്റ്റന്റ് 8, ടെക്നിഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്സ്/ എംആർഎസി/ ബോയിലർ – ഫിറ്റർ)34 എണ്ണം ഇങ്ങനെ ഒഴിവുകൾ.
സി. പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് 1, പ്ലാന്റ് അസിസ്റ്റന്റ് 140 ഒഴിവുകൾ.
അപേക്ഷ യോഗ്യത
വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾക്ക് വ്യത്യാസമുണ്ട്. മിൽമ തിരുവനന്തപുരം/ മലബാർ യൂണിയനുകൾ നൽകിയ ജോലി വിജ്ഞാപനത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്. ചില തസ്തികകളിൽ പ്രവർത്തിപരിചയം ആവശ്യമാണ്.
പ്രായം
അപേക്ഷകരുടെ പ്രായം 01-01-2025 തീയതി കണക്കാക്കി 18 നും 40 ഇടയിലായിരിക്കണം. വിമുക്തഭടന്മാർ/ പിന്നോക്ക വിഭാഗക്കാർക്ക് മൂന്നു വയസ്സും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭിക്കും. മിൽമ അഫിലിയേറ്റഡ് പാൽ സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. ഇവർക്ക് മൂന്നുവർഷത്തെ തുടർച്ചയായ സർവീസ് ഉണ്ടായിരിക്കണം.
സെലക്ഷൻ രീതി
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. തസ്തികകൾക്കനുസരിച്ച് ഇതിനുള്ള വ്യതാസങ്ങളും, മറ്റു വിശദാംശങ്ങളും വിജ്ഞാപനത്തിൽ ഉണ്ട്. അഫിലിയേറ്റ് ചെയ്ത സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർക്കും ആശ്രിതർക്കും എഴുത്തുപരീക്ഷയിൽ ആകെ നേടിയ മാർക്കിന്റെ 10% വെയ്റ്റേജ് ആയും നൽകും.
ശമ്പളം
ഓഫിസർ കാറ്റഗറിയിൽ ഉൾപ്പെട്ട തസ്തികകൾക്കുള്ള ശമ്പള സ്കെയിൽ 50320-101560 രൂപ. നോൺ ഓഫിസർ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവർക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത വീട്ടുവാടക അലവൻസ് എന്നിവ പുറമെ. എല്ലാ വിഭാഗക്കാർക്കും ഇപിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ട്.
മറ്റ് കാര്യങ്ങൾ
ഒഴിവുകളിൽ 50% ആനന്ദ് മാതൃകയിൽ അഫിലിയേറ്റ് ചെയ്ത പാൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് തസ്തികക്ക് നിർദ്ദേശിച്ച യോഗ്യതയും മൂന്നുവർഷത്തെ തുടർച്ചയായ സേവന പരിചയവും വേണം. വിജ്ഞാപനത്തിൽ പറഞ്ഞ എല്ലാ രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷ ഫീസ് കാറ്റഗറി എ 1000 രൂപ, കാറ്റഗറി ബി 700 രൂപ, മറ്റു കാറ്റഗറി 500 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ, 350 രൂപ,250 രൂപ. ഒന്നിലേറെ അപേക്ഷ നൽകുമ്പോൾ അതിനനുസരിച്ച് ഫീസ് നൽകണം. റാങ്ക് ലിസ്റ്റിന് രണ്ടു വർഷത്തെ കാലാവധിയുണ്ട്. വിവരങ്ങൾക്ക്: www.malabarmilma.com,www.mrcmpu.com, www.milmatrcmpu.com.
കരുനാഗപ്പള്ളിയിലെ വിഭാഗീയത ,സൂസൻ കോടിയെ തരം താഴ്ത്തി
കരുനാഗപ്പള്ളി. സി പി ഐ എം സംസ്ഥാന സമിതിയംഗം സൂസൻ കോടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ ഭാഗമാണ് നടപടിയെന്ന് വിശദീകരണം. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റിന് എതിരെയും നടപടി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലെ എല്ലാ ഘടകങ്ങളിലും വെട്ടിനിരത്തൽ നടന്നു.
തൊടിയൂരിൽ 7 ലോക്കൽ കമ്മിറ്റി അംഗങ്ങളെയും, 5 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കി. 20 പേർക്ക് താക്കീത്. കല്ലേലിഭാഗത്ത് 3 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. കുലശേഖരപുരത്തും കൂട്ട നടപടി. പരാതിക്കാരായിരുന്ന സ്ത്രീകൾക്ക് എതിരെയും നടപടി. ഡി വൈ എഫ് ഐ മേഖല പ്രസിഡൻ്റിന് സസ്പെൻഷൻ. കുലശേഖരപുരം സൗത്തിൽ 6 പേരെ എൽ സി യിൽ ഒഴിവാക്കി.
ആലപ്പാടും നടപടി, 5 എൽ സി മെമ്പർന്മാരെ തരംതാഴ്ത്തി. 3 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. ക്ലാപ്പനയിൽ 4 പേരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. മോശം പെരുമാറ്റത്തിൽ നടപടി നേരിട്ടയാളെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ച് എത്തിച്ചു. ആരോപണ വിധേയര സംരക്ഷിച്ച് നടപടിയെന്ന് ആരോപണം. വിശദീകരണം പരിശോധിക്കാതെയുള്ള നടപടിയെന്ന് ഒരുവിഭാഗം. നടപടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് സി പി ഐ എം ജില്ലാ നേതൃത്വം
സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും തിരുവാഭരണം മുൻ കമ്മീഷണർ ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി
പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി. ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മേല്‍നോട്ട ചുമതല വഹിക്കുന്നതില്‍ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്. കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.
റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി കരിമൂര്‍ഖന്‍
ശാസ്താംകോട്ട. റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി നിന്ന കരിമൂര്ഖൻ.
ഭരണിക്കാവ് ശാന്താലയം ജംഗ്ഷന് കിഴക്കുവശം ക്ഷീരസംഘത്തിന് സമീപമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പാമ്പിന്നെ കണ്ടത്. സമീപ വാസികൾ ഭീതിയിലാണ്. കാടുകയറികിടക്കുന്ന സമീപത്തെ പുരയിടത്തിൽ പാമ്പുകളുടെ ആവാസകേന്ദ്രമാണ്.
വനം, പഞ്ചായത്ത് അധികാരികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യം പെടുന്നു. അഡ്വ. ആനയടി സുധികുമാർ എടുത്ത ചിത്രം.
നിരവധി അവസരങ്ങൾ; വിശദവിവരങ്ങൾ അറിയാം
കണ്ണൂര്‍ ജില്ലയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, തെറാപ്പിസ്റ്റ് ഉൾപ്പെടെ നിരവധി തസ്തികകളിൽ അവസരങ്ങളുണ്ട്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തു. അധ്യാപകർ, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, തെറാപ്പിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 20,500 രൂപ മാസവേതനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ജി എൻ എം, ബി. എസ് സി നഴ്‌സിംഗ്, ഒരുവർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുള്ള, 40 വയസ്സിനുള്ളിൽ പ്രായമുളള ഉദ്യോഗാർഥികൾക്ക് നവംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ 0497 2709920.
ഫാർമസിസ്റ്റ് നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് ഇൻ ആയുർവേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടർ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബർ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666
ഇലക്ട്രീഷ്യൻ, പ്ലംബർ നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ/പ്ലംബർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, ഐടിഐ സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രീഷ്യൻ ട്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666
കെൽട്രോണിൽ സീറ്റ് ഒഴിവ്
കെൽട്രോണിന്റെ കണ്ണൂർ, തളിപ്പറമ്പ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കേരള സർക്കാർ അംഗീകൃതവുമായ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 9495642722
തെറാപ്പിസ്റ്റിനെ നിയമിക്കുന്നു
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പഞ്ചകർമ്മ പദ്ധതിയിൽ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നവംബർ 17 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തുന്നു. ഡി.എ.എം.ഇ.യുടെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ. 04972700911
ആപത്തുകാലത്ത് സമ്പത്തോ, ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ ഇന്നു നിശ്ചയിക്കും
തിരുവനന്തപുരം.ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എംപി എ .സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് CPIM പരിഗണിക്കുന്നത്.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഐഎം സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും.





























