Home Blog Page 1382

പൊതുവായ സ്വാഗതഗാനം,പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പൊതുവായ സ്വാഗതഗാനം ആലോചനയിൽ. ‘സ്കൂളുകളിലും പൊതുവായ സ്വാഗത ഗാനം പരിഗണിക്കാവുന്നതാണ് ‘. ജനാധിപത്യ മതനിരപേക്ഷ ശാസ്ത്ര ചിന്തയുള്ള ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണമെന്ന് വി ശിവൻകുട്ടി. പൊതുജനാഭിപ്രായം തേടി സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ്

മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് മാതാവ് മരിച്ചു

എടക്കര: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് മാതാവ് മരിച്ചു. പോത്ത്കല്ല് ഉപ്പട പൊട്ടൻതരിപ്പ ആക്കളത്തിൽ രവീന്ദ്രന്റെ ഭാര്യ പത്മിനിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ബന്ധുവിനെ കാണാൻ മകനൊപ്പം പോത്തുകല്ല് പനങ്കയത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.


സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ പദ്മിനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ശനി രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ്, സജിത, അജിത. മരുമക്കൾ: രാജേന്ദ്രൻ (കോയമ്പത്തൂർ), അയ്യപ്പൻ.

നെല്ല് സംഭരണം, പ്രതിസന്ധി പരിഹരിക്കാൻ ബദൽ പ്ലാനുമായി സർക്കാർ

തിരുവനന്തപുരം.നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ബദൽ പ്ലാനുമായി സർക്കാർ. നെല്ല് സംഭരണത്തിന് ഫുഡ് കോർപ്പറേഷനും സഹകരണ സംഘങ്ങളും രംഗത്തിറങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. കുട്ടനാട്ടിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എഫ്സിഐ നെല്ല് സംഭരിച്ച് സർക്കാരിന് നൽകും. പാലക്കാട് സഹകരണ സംഘങ്ങളെ ഉപയോഗിച്ച് സംഭരണം നടത്താനാണ് തീരുമാനം. മില്ലുടമകളുടെ ചൂഷണം അവസാനിപ്പിക്കാനാണ് സംഭരണത്തിന് സർക്കാർ ബദൽ മാർഗം കണ്ടെത്തിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കുട്ടനാട്ടിലെ കർഷകരെ മുൻനിർത്തിയുള്ള വിലപേശലായിരുന്നു മില്ലുടമകളുടെ ലക്ഷ്യമെന്നും മന്ത്രി വിമർശിച്ചു. നിലവിൽ ആറ് സ്വകാര്യമില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. ഇതുവരെ സംഭരിച്ച നെല്ലിന്റെ തുക ഉടൻ നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കി.

കടുവയാക്രമണം,കര്‍ഷകന്‍കൊല്ലപ്പെട്ടു

മൈസൂരു. സരഗൂരിൽ വീണ്ടും കടുവാക്രമണം. നുഗു വന്യജീവി സങ്കേതത്തിന് സമീപം കർഷകൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാമത്തെ കടുവാക്രമണമാണിത്.

നുഗു വന്യജീവി സങ്കേതത്തിന് സമീപം വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് കർഷകനെ കടുവ ആക്രമിച്ചത്. മൃതദേഹം തലയും തുടയുടെ ഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ മാസം സംഭവിച്ചത് നാലു കടുവാക്രമണങ്ങൾ, മൂന്നു പേർ കൊല്ലപ്പെട്ടു, ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. ഇതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. കടുവയുടെ ഭീഷണി കാരണം കർഷകർ വയലുകളിൽ പോകാൻ പോലും ഭയപ്പെടുന്നു.
വനവകുപ്പ് സംഭവസ്ഥലത്ത് പരിശോധന നടത്തി. കടുവ നരഭോജിഎന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ശബരിമലയില്‍ ചെറിയ ഷാംപൂ പാക്കറ്റുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

ശബരിമലയില്‍ ചെറിയ ഷാംപൂ പാക്കറ്റുകള്‍ (സാഷേകള്‍) ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വില്‍പ്പനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ കോടതി പരിശോധിച്ചു. തീര്‍ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം ബോര്‍ഡിനു നിര്‍ദേശമുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.

വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്‌തെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. എരുമേലിയില്‍ എത്തുന്ന ഭക്തരില്‍ വലിയൊരു വിഭാഗം പേട്ടയ്ക്കു മുമ്പും ശേഷവും വലിയതോട്ടിലാണ് കുളിക്കുന്നത്. എന്നാല്‍ തോട്ടില്‍ വലിയ തോതില്‍ മാലിന്യം കണ്ടെത്തിയെന്നും തുടര്‍ന്ന് നീക്കം ചെയ്‌തെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചിരിക്കുന്നത്.

പി എസ് പ്രശാന്തിന് പകരം പുതിയ അധ്യക്ഷനെ നിശ്ചയിച്ചു,പേര് പാര്‍ട്ടി രഹസ്യം

തിരുവനന്തപുരം.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്തിന് പകരം പുതിയ അധ്യക്ഷനെ നിശ്ചയിച്ച് സി.പി.ഐ.എം. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനം നടത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു
പുറത്തുവന്ന പേരുകാരെയല്ല അധ്യക്ഷനായി തീരുമാനിച്ചിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നത് ഇന്നത്തെ CPIM
സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തു.ആലപ്പുഴ കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിൽ
നിന്ന് നിർദ്ദേശം വാങ്ങിയായിരുന്നു ചർച്ച. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനം നടത്താനാണ് ധാരണ

പുതിയ പ്രസിഡൻറ് തിരുവനന്തപുരം ജില്ലയിൽ നിന്നുളള ആളാണെന്നാണ് സൂചന.വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ അനുവാദം ലഭിക്കുന്നതുവരെ വിവരം പുറത്തുപോകരുതെന്നാണ് നിർദ്ദേശം

നിലവിലുളള ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിൻെറയും അംഗം എ.അജികുമാറിൻെറയും കാലാവധി നവംബർ 12ന് അവസാനിക്കും.അന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഔദ്യോഗിക തീരുമാനം.

കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ റോഡിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു

വേങ്ങ. മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങതെക്ക് 10-ാം വാർഡിൽ കാരാളിമുക്ക് – റയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബി.സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബിജു കുമാർ, വി.എൻ സദാശിവൻപിളള ,ഷമീർ ആനയടി, കൊച്ചു ശങ്കു, രാജൻ,ബാലകൃഷ്ണൻ, അനിൽകുമാർ, നിഷ സന്തോഷ് പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

കുന്നത്തൂർ യൂണിയനിൽ ആർ ശങ്കർ അനുസ്മരണം

ശാസ്താംകോട്ട : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം യൂണിയൻ സെക്രട്ടറി റാം മനോജ്‌ ഉദ്ഘാടനം ചെയ്തു.
മുൻ മുഖ്യമന്ത്രി, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആർ.ശങ്കർ സമാനതകൾ ഇല്ലാത്ത നേതൃപാടവത്തിന്റെയും മികവിന്റെയും അടയാളമായിരുന്നുവെന്ന് റാം മനോജ്‌ പറഞ്ഞു.

ചടങ്ങിൽ യൂണിയൻ കൗൺസിൽ അംഗം നെടിയവിള സജീവൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം സുഗതൻ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ ആയ സുധാകരൻ, സുരേഷ് ബാബു, ശാസ്താംകോട്ട ശാഖ സെക്രട്ടറി എസ്.ദിപു, ഓഫീസ് ജീവനക്കാരായ സാനു പ്രതാപ്, മഞ്ജുഷ, സതി തുടങ്ങിയവർ പ്രസംഗിച്ചു.

അഞ്ചലിൽ തെരുവ് നായ ആക്രമണം… ഏഴ് പേർക്ക് കടിയേറ്റു

അഞ്ചലിൽ തെരുവ് നായ ആക്രമണം. നഗരത്തിൽ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആക്രമിച്ച നായക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറയുന്നു. 

അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ നിന്നവർക്കാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം.

തെക്കുംഭാഗം, പുളിമൂട്ടില്‍കടവ്-സെന്‍റ്സെബാസ്റ്റ്യന്‍ഐലന്‍റ്നടപ്പാലം 3 കോടിപടപ്പനാല്‍-പുളിമൂട്ടില്‍കടവ് റോഡ് 5.5 കോടി

ചവറ. നിയോജകമണ്ഡലത്തില്‍ തെക്കുംഭാഗം, പുളിമൂട്ടില്‍ കടവ് – സെന്‍റ് സെബാസ്റ്റ്യന്‍ ഐലന്‍റ് നടപ്പാലത്തിന് 3 കോടി 20ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍റര്‍ നടപടി സ്വീകരിക്കും.
മണ്ണ് പരിശോധന ഉള്‍പ്പെടെയുളളവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022-23 ബഡ്ജറ്റില്‍ ഒരുകോടി രൂപ പാലത്തിന് വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ 3 കോടി കവിഞ്ഞു. അതനുസരിച്ച് 3.20 കോടിയ്ക്ക് പുതുക്കിയ ഭരണാനുമതിയും ലഭിച്ചു.
തെക്കുംഭാഗം, തേവലക്കര ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പൊതുമരാമത്ത് റോഡായ പടപ്പനാല്‍ – പുളിമൂട്ടില്‍ കടവ് റോഡ് ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ബിറ്റുമിന്‍ കോണ്‍ക്രീറ്റ് (ബി.സി. ലെയര്‍) ചെയ്യുന്നതിന് 5.5 കോടി അനുവദിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റോഡ് പരിശോധന കഴിഞ്ഞാലുടന്‍ വര്‍ക്ക് ടെന്‍റര്‍ ചെയ്യുമെന്നും തെക്കുംഭാഗത്തിന്‍റെ പ്രധാന പൊതുമരാമത്ത് റോഡ് തകരാറിലാകുന്നതിനുമുന്‍പ് ബി.സി. ലെയറിന് തുക അനുവദിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കാടന്‍മൂല-കൊച്ചുതുരുത്ത് പാലത്തിന് ഒരു ഭൂഉടമയുടെ സമ്മതപത്രം ലഭിക്കാഞ്ഞതിനാല്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനുളള നടപടികള്‍ പുരോഗതിയിലാണ്. ഭൂമി ഏറ്റെടുത്താലുടന്‍ പണി ആരംഭിക്കും. ഇതോടെ തെക്കുംഭാഗത്ത് പാലങ്ങള്‍ എന്നാവശ്യത്തിന് വിരാമം ആകുമെന്നും എംഎല്‍എ പറഞ്ഞു.