Home Blog Page 1368

പടിഞ്ഞാറെകല്ലടയിൽ വികസനരേഖ -ഉയരെ -പ്രകാശനം ചെയ്‌തു


പടിഞ്ഞാറേകല്ലട.കഴിഞ്ഞ അഞ്ചുവർഷം (2020-2025)പഞ്ചായത്തിൽ നടത്തിയ വികസന -ക്ഷേമപ്രവർത്തനങ്ങളുടെ സംക്ഷിക്തരൂപമായ ഉയരെ പ്രകാശനം ചെയ്‌തു. കല്ലടയുടെ ചരിത്രത്തിലെ വലിയ വികസനമുന്നേറ്റമാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സന്ദേശമടക്കം ഉൾപ്പെടുന്ന ഉയരെ യുടെ പ്രകാശനം കോവൂർ കുഞ്ഞുമോൻ എം എൽ ഏ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീറിന് നൽകി പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ വി രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ജെ അംബിക, ഉഷാലയംശിവരാജൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു, റ്റി ശിവരാജൻ എൻ ഓമനക്കുട്ടൻപിള്ള, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കലാദേവി ഐ സി ഡി എസ്‌ ഓഫീസർ ശ്രീലേഖ, എന്നിവർ ആശംസകൾ നേർന്നു. വത്സല നന്ദി പറഞ്ഞു..

തിരുപ്പതി ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിന് പിന്നില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിനു പിന്നില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി.
ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്സഭാ എംപിയും മുന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായ വൈ.വി സുബ്ബ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള പ്രീമിയര്‍ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചിന്നപ്പണ്ണ ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്റായ അമന്‍ ഗുപ്തയില്‍ നിന്ന് 20 ലക്ഷം രൂപയും പ്രീമിയര്‍ അഗ്രി ഫുഡ്സ് സീനിയര്‍ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ നെയ്യ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി വ്യാപാരിയായ അജയ് കുമാര്‍ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ 16ാം പ്രതിയായ അജയ് കുമാര്‍, ഭോലെ ബാബ ഡയറി ഡയറക്ടര്‍മാരായ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരുമായി വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹിയില്‍ സ്‌ഫോടനം… ചെങ്കോട്ടയ്ക്ക് സമീപം രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്ന് നാല് കാറുകള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചവറയ്ക്ക് പുതിയ ബോട്ടുടെര്‍മിനല്‍ – 81.6ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

ചവറയ്ക്ക് പുതിയ ബോട്ടുടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിക്കുന്നു. 06.11.2025 ല്‍ ടെന്‍റര്‍ നിലവില്‍ വന്നു. ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനാണ് നിര്‍മ്മാണചുമതല.
ചവറ ബസ്സ്റ്റാന്‍റ് ചവറ മാര്‍ക്കറ്റിലേക്ക് (പാലക്കടവ്) മാറ്റുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന് തൊട്ടടുത്ത് ബോട്ട് ടെര്‍മിനല്‍ കൂടി വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായിരിക്കും.
ദേശീയജലപാത പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രാബോട്ടുകള്‍, ടൂറിസ്റ്റ് യാനങ്ങള്‍ തുടങ്ങിയവയൊക്കെ വന്നടുക്കുന്നതിനും ചവറ പടന്നയില്‍ പ്രവൃത്തി ആരംഭിച്ച ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് എത്തുവാനും കഴിയും.
വിപുലമായ സൗകര്യങ്ങളാണ് 81.6ലക്ഷം രൂപ ടെന്‍റര്‍ തുകയുളള ബോട്ട് ടെര്‍മിനലിന് വകയിരുത്തിയിരിക്കുന്നതെന്നും ചവറയുടെ വികസനത്തില്‍ പുതിയ ബോട്ട് ടെര്‍മിനല്‍ നാഴികകല്ലാകുമെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം. കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍.

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആദിച്ചനല്ലൂർ സ്വദേശി ഷെഫീഖ്, തൃക്കോവില്‍വട്ടം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

ആംബുലൻസ് ഡ്രൈവറെ ആക്രമിച്ചത് കൂടാതെ, കവർച്ച തുടങ്ങിയ വകുപ്പുകളും ചേർത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതി അൻവർ ഒളിവിലാണ്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ബൈക്കില്‍ പോയവർ ആംബുലൻസിന് സൈഡ് നല്‍കാത്തതാണ് തർക്കത്തിന് കാരണം. സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി.

രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലൻസിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കേരളത്തിലെ ആരോഗ്യ മേഖലനമ്പർ വൺ തറയിൽ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:കേരളത്തിലെ ആരോഗ്യമേഖല നമ്പർ വൺ തറയിലായെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ.മെഡിക്കൽ കോളേജുകളിലേക്ക് ചികിത്സയ്ക്കായി നടന്നു കയറുന്നവർ ശവശരീരങ്ങളായി തിരിച്ചിറങ്ങുന്ന സംഭവങ്ങളാണ് ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.വൈ.ഷാജഹാൻ,വർഗ്ഗീസ് തരകൻ,പി.എം സെയ്ദ്,മുഹമ്മദ് ഖുറേഷി,രവി മൈനാഗപ്പള്ളി,കുറ്റിയിൽ ശ്യാം,സലാഹുദ്ദീൻ,ആർ.സജിമോൻ, തടത്തിൽ സലീം,വൈ.നജീം,ജോൺസൺ വൈദ്യൻ,ഉഷാകുമാരി,ബി.രഘുനാഥ പിള്ള,രാധാകൃഷ്ണ പിള്ള,സിജു കോശി, കോശിവൈദ്യൻ,സുബൈർ കുട്ടി,സരോജാക്ഷൻ പിള്ള,നൂർജഹാൻ,മനാഫ്,ലാലി ബാബു,ബി.സേതു ലക്ഷ്മി,മണീത്ത,മൈമുന നജീം,രാധിക തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനം കോവൂർ ഉന്നതിയിൽ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ആർ.അരുൺ രാജ് മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 93 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല.

30 വയസ്സിന് താഴെ 13 പേരാണ് സ്ഥാനാര്‍ഥികളായുള്ളത്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളും സ്ഥാനാര്‍ഥികളായുണ്ട്. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാപ്രവർത്തകർ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

31 സീറ്റുകളിലാണ് ഘടകകക്ഷികള്‍ ജനവിധി തേടുക. പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് മത്സരിക്കും. എസ്.പി. ദീപക് പേട്ടയിലും എസ്. പ്രശാന്ത് കഴക്കൂട്ടത്തും ജനവിധി തേടുമ്പോള്‍ ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ ആര്‍. അമൃത മത്സരിക്കും. കവടിയാറില്‍ സുനില്‍ കുമാര്‍, മുട്ടടയില്‍ അംശു വാമദേവന്‍ എന്നിവരും മത്സരിക്കുന്നു. ആദ്യഘട്ടമായ ഡിസംബര്‍ ഒന്‍പതിനാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്.

ശാസ്താംകോട്ട പഞ്ചായത്തിലെ 27 അങ്കണവാടികൾക്കും മിക്സി നൽകി

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 27 അങ്കണവാടികൾക്കും മിക്സി നൽകി.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീരാജി സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ തുമ്പോടൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്.ആർ.അജയകുമാർ, മുരളീധരൻ പിള്ള,പ്രകാശിനി,പ്രീതാകുമാരി,നസീമ ബീവി,ഹരികുമാർ,ശ്രീലത,രാജശ്രീ /ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സീമ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അങ്കണവാടി ടീച്ചറർമാരെ ആദരിച്ചു.

പത്തനാപുരത്ത് നിന്ന് മലനട ക്ഷേത്രം വഴി ആലപ്പുഴയ്ക്ക് ട്രാൻ.സർവ്വീസ് ആരംഭിച്ചു

ശാസ്താംകോട്ട:പത്തനാപുരത്ത് നിന്ന് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം -വണ്ടാനം മെഡിക്കൽ കോളേജ് വഴി ആലപ്പുഴയ്ക്ക് പുതുതായി ട്രാൻ.സർവ്വീസ് ആരംഭിച്ചു.രാവിലെ 6.20ന് പത്തനാപുരത്ത് നിന്ന് തുടങ്ങി കടുവാത്തോട്,ഏനാത്ത്,കടമ്പനാട് വഴി 7.10ന് മലനടയിൽ എത്തിച്ചേരും.തുടർന്ന്
ചക്കുവള്ളി – പുതിയകാവ് – കായംകുളം -വണ്ടാനം മെഡിക്കൽ കോളേജ് വഴി ആലപ്പുഴ.10.30 ന് ആലപ്പുഴയിൽ നിന്നും തിരിച്ച് കായംകുളം – അടൂർ – പത്തനാപുരം വഴി പുനലൂർ.ഉച്ചയ്ക്ക് 1.30ന് ഇവിടെ നിന്നും തിരിച്ച് ഇതേ റൂട്ട് വഴി ആലപ്പുഴ.വൈകിട്ട് 4.30ന് തിരിച്ച് കായംകുളം – പുതിയകാവ് – ചക്കുവള്ളി -മലനട -കടമ്പനാട് ഏനാത്ത് വഴി പത്തനാപുരത്ത് എത്തിച്ചേരുന്ന ക്രമത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.പുതിയ സർവ്വീസിന് മലനട ക്ഷേത്രത്തിൽ ദേവസ്വം ഭരണസമിതി സ്വീകരണം നൽകി.ദേവസ്വം മുഖ്യ ഊരാളി ശിവൻകുട്ടിയുടെ കാർമ്മികത്വത്തിലാണ് സ്വീകരണം നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,പ്രസിഡൻ്റ് രവി,സെക്രട്ടറി ബിജു കുമാർ,ഖജാൻജി ആനന്ദൻ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,ഭരണസമിതി അംഗം അജയകുമാർ,വാർഡ് മെമ്പർ രാജേഷ് പുത്തൻപുര,പൊതുപ്രവർത്തകരായ പ്രദീപ്,കുഞ്ഞുമോൻ മണലേൽ എന്നിവർ പങ്കെടുത്തു.

അടൂരിൽനാലു വയസ്സുകാരനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി

അടൂര്‍. നാലു വയസ്സുകാരനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി. ബസ് ഡ്രൈവറുടെ ശ്രദ്ധമൂലം വലിയ അപകടമാണ് ഒഴിവായത്

ഇന്ന് രാവിലെ 9 30 ഓടെ യാണ് അടൂർ നഗരത്തിൽ പിതാവ് നാലു വയസ്സുകാരനുമായി സ്വകാര്യ ബസ്സിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പത്തനംതിട്ട അടൂർ- ചവറ പാതയിൽ സർവീസ് നടത്തുന്ന അശ്വിൻ എന്ന ബസ്സിന് മുന്നിലാണ് ആദിക്കാട്ടുകുളങ്ങര സ്വദേശി കുഞ്ഞുമായി ചാടിയത്. ബസ്സിനു മുന്നിലേക്ക് ഇവർ വരുന്നത് കണ്ടതോടെ ഡ്രൈവർ ശക്തമായി ബ്രേക്ക് ചവിട്ടി. ഇതോടെ ഒഴിവായത് വലിയ അപകടം. യുവാവും കുട്ടിയും വണ്ടിയുടെ അടിയില്‍ വീണുവെങ്കിലും ടയര്‍ ശരീരത്തില്‍ കയറിയില്ല. ഇവിടെനിന്നും കുട്ടിയുമായി ഇഴഞ്ഞിറങ്ങി ഇയാള്‍ ഓടിയെങ്കിലും നാട്ടുകാര്‍ പിടികൂടി

അശ്വിൻ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഉണ്ണിയുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വർഷങ്ങളായി ബസ് ഓടിച്ചുള്ള അനുഭവസമ്പത്താണ് മുതൽക്കൂട്ടായത്.. നാലു വയസ്സുകാരന്റെയും പിതാവിന്‍റെയും ജീവൻ രക്ഷിക്കാൻ ആയതിൽ സന്തോഷമെന്ന ബസ് ഡ്രൈവർ ഉണ്ണി

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് കുഞ്ഞുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
അടൂർ ജനറൽ ആശുപത്രിയിൽ വച്ച് ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തി മൂലമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിൽ നിന്ന് പ്രാഥമികമായി ലഭിക്കുന്ന സൂചന