Home Blog Page 1256

ഉദയം മുകൾ ഗവ: എച്ച്.വി എൽ പി സ്കൂളിൽ സാമൂഹ്യവിരുദ്ധർ പ്രതിമ നശിപ്പിച്ചു

ശൂരനാട് തെക്ക്: ഉദയം മുകൾ ഗവ: എച്ച്.വി എൽ പി സ്കൂളിലെ വർണ്ണക്കൂടാരം പദ്ധതിയിൽ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കുട്ടികളുടെ പാർക്കിലെ പ്രതിമയാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ ശൂരനാട് പോലീസിൽ പരാതി നൽകുകയും, കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാൻ എസ്.എം.സി. തീരുമാനിക്കുകയും ചെയ്തു.

ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

പത്തനംതിട്ട. വടശ്ശേരിക്കര തെക്കുമലയിൽ ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെക്കുമല വിൻ റോക്ക് ക്രഷർ യൂണിറ്റിലാണ് ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞത്

പെരുമ്പെട്ടി സ്വദേശി 32 വയസ്സുള്ള ശ്രീജിത്താണ് മരിച്ചത്

വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം

10 കോടി ക്ലബില്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്‌

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 10.77 കോടി രൂപയാണ് ഇന്നലത്തെ ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് 76 ലക്ഷം രൂപയും ലഭിച്ചു. ആകെ വരുമാനമായി 11.53 കോടി രൂപയും ലഭിച്ചു. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്. മന്ത്രി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നേട്ടം അറിയിച്ചത്.
സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും ഏകോപിതമായ ശ്രമങ്ങളിലൂടെയാണ് മികച്ച വരുമാനം നേടാന്‍ കഴിഞ്ഞതെന്നും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.57 കോടിയായിരുന്നു വരുമാനമെന്നും അദ്ദേഹം കുറിച്ചു.

തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍ (59) ആണ് ആത്മഹത്യ ചെയ്തത്.
തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നു. ഫലം വന്നതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയകുമാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് വിജയകുമാര്‍ മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പത്തു വര്‍ഷം മുമ്പ് വിജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍ കരയില്‍ വച്ചുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം.
വിപിന്‍രാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം വിവരം പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
പരിക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്. കനാല്‍ കരയിലെ കോണ്‍ഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുള്‍പ്പെടെ നിരവിധി കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം.

മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രത്യേക തിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായിട്ടുള്ളവര്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി തെന്നൂര്‍കോണം അഞ്ജു നിവാസിന്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് (60) വാഹനാപകടത്തിലാണ് മരിച്ചത്. ഭാര്യയോടൊപ്പം വോട്ടഭ്യര്‍ഥിച്ച് മടങ്ങവെ ഞാറവിള കരയടിവിള റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോ മുന്നോട്ട് ഉരുണ്ട് ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

എടക്കര മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡായ പായിംപാടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കുറ്റിക്കാട് വട്ടത്ത് ഹസീന (52) ഡിസംബര്‍ ഏഴിന് രാത്രിയാണ് മരിച്ചത്. ഹസീന 2000 2005ല്‍ എടക്കര മൂത്തേടം പഞ്ചായത്ത് കുറ്റിക്കാട് വാര്‍ഡ് അംഗമായിരുന്നു.

പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി എസ് ബാബു ഡിസംബര്‍ ഒമ്പതിന് പുലര്‍ച്ചെ 2.30 ടെയാണ് മരിച്ചത്. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായിരുന്നു.

സീരിയല്‍- സിനിമാ നടിയെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി

സീരിയല്‍- സിനിമാ നടിയെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. കന്നഡ നടി ചൈത്രയെയാണ് തട്ടിക്കൊണ്ടുപോയത്. മകളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ എത്തിയത്. ചൈത്രയുടെ സഹോദരി ലീലയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ഏഴ് മാസമായി തര്‍ക്കങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ചൈത്രയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ദ്ധന്‍ ഹാസനിലും ചൈത്രയും ഒരു വയസുള്ള മകളും മഗഡി റോഡിലെ വാടക വീട്ടിലുമാണ് താമസിച്ചിരുന്നത്. 2023ലാണ് ഇവര്‍ വിവാഹിതരായത്.
ഡിസംബര്‍ 7 ന്, താന്‍ മൈസൂരുവിലേക്ക് ഷൂട്ടിംഗിനായി പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഇത് ഹര്‍ഷവര്‍ധന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ചൈത്രയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഹര്‍ഷവര്‍ധന്‍ തന്റെ സഹായിയായ കൗശിക്കിന് 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും കൗശിക് മറ്റൊരാളുടെ സഹായത്തോടെ രാവിലെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചശേഷം കാറില്‍ ബലമായി കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.
ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ സംഭവം അറിയിക്കുകയും ഉടന്‍ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ, ഹര്‍ഷവര്‍ധന്‍ ചൈത്രയുടെ അമ്മയെ വിളിച്ച് ചൈത്രയെ തട്ടിക്കൊണ്ടുപോയതായും കുട്ടിയെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ചൈത്രയെ വിട്ടയക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അര്‍സികെരെയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്നും പിന്നാലെ അറിയിച്ചു. ചൈത്രയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. വര്‍ധന്‍ എന്റര്‍പ്രൈസസിന്റെ ഉടമയും സിനിമാ നിര്‍മാതാവുമാണ് ഹര്‍ഷവര്‍ധന്‍.

‘പോറ്റിയെ കേറ്റിയെ’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

റാന്നി: ‘പോറ്റിയെ കേറ്റിയെ’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നല്‍കി. മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് സമിതി ആരോപിച്ചു.
അയ്യപ്പ സ്വാമിയെയും ശരണം വിളികളെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വലിച്ചിഴയ്ക്കുന്നത് ഭക്തര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു. വിഷയത്തില്‍ ഡിജിപിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് താരം അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് താരം ബ്ലെസ്ലി അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ചെന്നാണ് കേസ്. കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് വിവരം.
കോടഞ്ചേരി, താമരശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ യുവജന സംഗമം നടത്തി

പത്തനംതിട്ട:കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ യൂത്ത് കമ്മീഷൻ യുവജന സംഗമം പുല്ലാട് കുന്നന്താനം മാർത്തോമ്മാ ചാപ്പലിൽ നടത്തി. കെസിസി ജില്ലാ പ്രസിഡൻ്റ് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കമ്മീഷൻ ജില്ലാ ചെയർമാൻ റവ.വിപിൻ സാം തോമസ് അധ്യക്ഷത വഹിച്ചു.മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ബൈജു തോമസ് മുഖ്യ സന്ദേശം നൽകി.മാർത്തോമ്മാ യുവജനസഖ്യം സംഗീത വിഭാഗം ‘സ്വരലയം’ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.മാർത്തോമ്മാ ഗുരുകുലം ഡയറക്ടർ റവ.പോൾ ജേക്കബ്, ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് യുവജന വിഭാഗം സെക്രട്ടറി ഫാ.പോൾ കെ.സാമുവേൽ,ആൽബി അന്ന എബി,അബു എബ്രഹാം വീരപ്പള്ളി,റവ.പ്രിൻസ് ആർ.മൈലം,റവ.വിനോദ് കെ.ജോർജ്,റവ.ജസ്റ്റിൻ പാപ്പച്ചൻ, ഫാ.ഒ.എം.ശാമുവേൽ,അനീഷ് തോമസ്,ആശിഷ് ടി.വർഗീസ്,ഡെന്നീസ് സാംസൺ എന്നിവർ പ്രസംഗിച്ചു.