Home Blog Page 1199

ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കൽ എത്താൻ കഴിയുന്നതെന്നും ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അടൂര്‍ പ്രകാശിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി.


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണ്. ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ ‘എന്നാൽ പിന്നെ ഇരിക്കട്ടെ ‘ എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. എ പദ്മകുമാറിനെതിരെ നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്ന് ഞാൻ മറുപടി പറയേണ്ട വിഷയമല്ല എന്നായിരുന്നു പ്രതികരണം.

തൻ്റെ പേര് പോറ്റിയുമായി ബന്ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു വന്ന അടൂർ പ്രകാശിൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രകുറിപ്പിൽ അറിയിച്ചു.

ഇത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ് ഐ ടി അന്വേഷണം

തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് എംപിയുടേതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍

19 കിലോ ഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില കുത്തനെ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. 111 രൂപയാണ് ജനുവരി ഒന്നിന് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 

പുതിയ തീരുമാനത്തോടെ ഹോട്ടലുകള്‍, റസ്റ്റോറന്‍റ്, കാറ്ററിങ് സര്‍വീസ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തന ചെലവ് ഉയരും.  പുതുക്കിയ നിരക്കോടെ  19 കിലോ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1691.50 രൂപയായി. നേരത്തെ 1580.50 രൂപയായിരുന്നു വില. കൊച്ചിയിൽ വില 1,698 രൂപയായി. നേരത്തെ 1587 രൂപയായിരുന്നു. കോഴിക്കോട്ട് 1,719 രൂപ. തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് പുതിയ വില.


വാണിജ്യ എല്‍പിജി സിലണ്ടര്‍ വിലയില്‍ കഴിഞ്ഞ വർഷം അവസാനം  കമ്പനികള്‍  നേരിയ കുറവുവരുത്തിയിരുന്നു. ഈ ആശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ള വര്‍ധനയാണ് ഇന്നുണ്ടായത്. ഡിസംബറിൽ 10 രൂപയും നവംബറിൽ 5 രൂപയുമായിരുന്നു സിലണ്ടറിന് കുറച്ചിരുന്നത്. ഒക്ടോബറില്‍ 15.50 രൂപ വര്‍ധിപ്പിച്ചിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 225 രൂപയാണ് വാണിജ്യ സിലണ്ടര്‍ വിലയില്‍ വന്ന കുറവ്. 

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.20 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വില 860 രൂപയാണ്. കോഴിക്കോട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. 2024 മാർച്ച് എട്ടിനായിരുന്നു അവസാനമായി വീട്ടാവശ്യത്തിനുള്ള പാചകവാതക സിലണ്ടര്‍ വില കുറച്ചത്.

ബിനോയി വിശ്വം അല്ലാലോ പിണറായി വിജയൻ,വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരി

തിരുവനന്തപുരം.  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ നിലപാടല്ല തനിക്കെന്നും വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തനിക്ക് ശരിയായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനോയി വിശ്വം അല്ലാലോ പിണറായി വിജയൻ. പിണറായി വിജയൻ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയി വിശ്വത്തിന് അങ്ങനെ ഒരു നിലപാട് ഉണ്ടാകും, അദ്ദേഹം കാറിൽ കയറ്റില്ലായിരിക്കും. ഞാൻ കാറിൽ കയറ്റിയത് ശരിയാണ്. അത് ശരിയാണെന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലല്ലോ. ആ നിലപാട് തന്നെയാണ് എനിക്ക് ഇപ്പോഴും ഉള്ളത്. അതിന്റെ സാഹചര്യം ഞാൻ പറഞ്ഞിട്ടുണ്ട്’,അദ്ദേഹം പറഞ്ഞു.

സിപിഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശവും അദ്ദേഹം തള്ളി. സിപിഐ എന്ന് പറയുന്നത് ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകകക്ഷിയാണ് .നല്ല ഊഷ്മളമായ ബന്ധമാണ് മുന്നണി കാര്യത്തിൽ ആ പാർട്ടിയുമായി ഞങ്ങൾക്കുള്ളത്. ഏതെങ്കിലും തരത്തിലുള്ള ഒരു വഞ്ചനയും ചതിയും കാണിക്കുന്നു എന്ന തോന്നൽ ഞങ്ങൾക്ക് ആർക്കുമില്ല’, അദ്ദേഹം വ്യക്തമാക്കി

കുറച്ചു സീറ്റ് കുറച്ചു വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി ഏതെങ്കിലും വർഗീയ ശക്തികളുമായി കൂട്ടുകൂടുക എന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഞങ്ങളില്ല. ഇത് ഞങ്ങളുടെ തുറന്ന സമീപനമാണ് വർഗീയ ശക്തികളെ അകറ്റി നിർത്താൻ ആവണം. വർഗീയതയുമായി ബന്ധപ്പെടാതിരിക്കണം. ഏതു വർഗീയതയും നാടിന് ആപത്ത് മാത്രമേ സൃഷ്ടിക്കു എന്നത് തിരിച്ചറിയാൻ ആവണം ഇതാണ് പ്രധാനം’

കേരളത്തിൻറെ അന്തരീക്ഷം കുറച്ചുകൂടി ഗൗരവമായിട്ട് നമ്മൾ ഉൾക്കൊള്ളണം. കാരണം കേരളീയ സമൂഹത്തിൻറെ ഒരു പ്രത്യേകത എല്ലാകാലത്തും വർഗീയതയെ പൂർണമായി അകറ്റി നിർത്തിയിരുന്നു എന്നുള്ളതാണ്. പക്ഷേ ഇവിടെ കോൺഗ്രസ് മതനിരപേക്ഷത ഒക്കെ പറയുമെങ്കിലും നാല് വോട്ടിനു വേണ്ടി ഏത് വർഗീയതയുമായി കൂടിച്ചേരുന്നതിന് മടി കാണിച്ചിരുന്നില്ല. തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത് അതിൻറെ ഭാഗമായാണ് ദശാബ്ദങ്ങൾക്ക് മുൻപ് ഇവിടെ കോലീബി സഖ്യം ഉണ്ടായത്.

ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ഇവിടെ തിരുവനന്തപുരം കോർപ്പറേഷൻ ആണല്ലോ ബിജെപി നേടിയിട്ടുള്ളത് .ആ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കൈ ഏതാണ് എന്ന് ചെറിയൊരു അന്വേഷണം നിങ്ങൾ നടത്തിയാൽ മനസ്സിലാകും. അവിടെ ചില ഡിവിഷനുകളിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടിൽ സാരമായ കുറവ് വന്നിട്ടുണ്ട്. ആ വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് പോയതായി കാണുന്നുണ്ട്. അങ്ങനെയുള്ള നീക്കങ്ങൾ എങ്ങനെ വന്നു? തിരുവനന്തപുരം കോർപ്പറേഷന്റെ ജയത്തിലും ഒരു പങ്ക് ഇത്തരത്തിലുള്ള നീക്കങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടു ഭാഗത്ത് നീക്കങ്ങൾ ഉണ്ടായതായി കാണാൻ സാധിക്കും. എൽഡിഎഫ് ജയിച്ചുവരാൻ സാധ്യതയുള്ള സ്ഥലത്ത് രണ്ടുകൂട്ടരും പ്രാദേശികമായി ഉണ്ടാക്കിയ പരസ്പര ധാരണയിൽ വോട്ടുകൾ മാറി ചെയ്തു എന്ന് അതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരത്തിൽ ഒരു അവസ്ഥ വന്നത്. നമ്മുടെ സമൂഹത്തിന്റെ റേതായ ജാഗ്രതയിൽ കുറവ് വരുന്നുണ്ടോ. വർഗീയതക്കെതിരെ ശക്തമായ പൊതുബോധം നിലനിന്നിരുന്ന ഒരു സമൂഹമാണിത്. ജാതിവഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്തേനെ വാഴുന്ന ഒരിടം എന്ന നിലയിലാണ് നമ്മുടെ നാടിനെ മാറ്റിയെടുക്കാൻ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകർ പരിശ്രമിച്ചത്.

നമ്മുടെ സംസ്ഥാനത്തിൻറെ ആ കാലത്തെ തുടർച്ച അത് നമുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ടോ?വർഗീയതക്കെതിരെയുള്ള ജാഗ്രതാബോധം അതിൽ കുറവ് വരുന്നുണ്ടോ? നമ്മുടെ നാടിന് പലതരത്തിലുള്ള പ്രത്യേകതകൾ നാം പറയാറുണ്ട്. ഇവിടെ ആർക്കും ഏതു തരത്തിലുള്ള വിശ്വാസവും കൊണ്ടു നടക്കാം. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസം അനുസരിച്ച് ഇവിടെ ജീവിക്കാം. ഏത് ആരാധനാലയത്തിലും അവരുടെ വിശ്വാസം അനുസരിച്ച് ആരാധിക്കാനുള്ള അവകാശം ഇവിടെയുണ്ട്. ഇതൊന്നും നമ്മുടെ രാജ്യത്ത് നടക്കാത്ത കാര്യമാണ്. പലയിടത്തും നടക്കാത്ത കാര്യമാണ്. ഭക്ഷണത്തിന്റെ പേരിൽ ,വിശ്വാസത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ എല്ലാം ആളുകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് നമ്മൾ കാണുകയാണ്. ഇതിൽ നിന്നെല്ലാമുള്ള ഒരു തുരുത്തായാണ് മതനിരപേക്ഷതയുടെ ഏറ്റവും ശക്തമായ കേന്ദ്രമായാണ് കേരളം നിൽക്കുന്നത്.

ആ കേരളം മാറുകയാണോ, ആ മാറ്റം എങ്ങോട്ട് എന്നത് നാം ഗൗരവമായി കാണണം. മറ്റു തർക്കങ്ങളൊക്കെ നമുക്ക് എപ്പോഴും ഉന്നയിക്കാം പക്ഷേ നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് നമ്മുടെ നാട് തിരിച്ചു പോവുകയാണെങ്കിൽ അത് കേരളത്തിൽ ഇന്ന് കാണുന്ന പലതും നഷ്ടപ്പെടുന്നതിനിടയാക്കും. കേരള തനിമ നഷ്ടപ്പെടും, മതനിരപേക്ഷത മൂല്യങ്ങൾ നഷ്ടപ്പെടും, ഇവിടെ നാം അഭിമാനിക്കുന്ന പലതും ഇല്ലാതാകും. ആ ഒരു അവസ്ഥ നാമെല്ലാവരും ഗൗരവത്തോടെ കാണണം. അതിനെതിരെയുള്ള ജാഗ്രത നല്ലതുപോലെ ഉയർത്തികൊണ്ടുവരാൻ നമുക്ക് കഴിയണം. വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ ആവണം. ഞങ്ങൾക്ക് ഇതിൽ തുറന്ന മനസ്സാണ്’, മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുന്നു, ഗ്ലാസിലെ വെള്ളം തുളുമ്പാതെ പറക്കും യാത്ര, അടുത്തത് ബുള്ളറ്റ് ട്രയിൻ

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുന്നു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് സ്ലീപ്പര്‍ ഉപയോഗിക്കുക.
വന്ദേഭാരത് എക്‌സ്പ്രസ് നിലവില്‍ പൂര്‍ണമായും രാത്രി യാത്ര നടത്തുന്നില്ല.

രാത്രി 11 മണിക്കകം സര്‍വീസ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വന്ദേഭാരത് സ്ലീപ്പറില്‍ കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ബംഗാളിലെ കൊല്‍ക്കത്തയിലേക്കുള്ള റൂട്ടിലാണ് ആദ്യ സര്‍വീസ്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളാണിത്. നേരത്തെ ന്യൂഡല്‍ഹി-പട്‌ന റൂട്ട് സൂചിപ്പിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


കഴിഞ്ഞ ദിവസം കോട്ട-നഗ്ദ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. 180 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഗ്ലാസ് വെള്ളത്തിന്റെ പരിശോധന നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇളക്കമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, ബിസിനസുകാര്‍ എന്നിവര്‍ക്കെല്ലാം ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക്

16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകുക. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാം. ത്രീ എസിയില്‍ 611 പേര്‍ക്കും ടു എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.



എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക്

16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകുക. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാം. ത്രീ എസിയില്‍ 611 പേര്‍ക്കും ടു എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.


ത്രീ എസിയില്‍ യാത്ര ചെയ്യുന്നതിന് ഏകദേശം 2300 രൂപയാണ് ടിക്കറ്റ് നിരക്ക് വരിക. ടു എസിയില്‍ 3000 രൂപയാകും ടിക്കറ്റ് നിരക്ക്. ഫസ്റ്റ് എസിയില്‍ 3600 രൂപയും. വന്ദേ മെട്രോ, വന്ദേഭാരത് തുടങ്ങിയവക്ക് ശേഷം ഈ ശ്രേണിയില്‍ വരുന്ന മൂന്നാം തലമുറ ട്രെയിന്‍ ആണ് വന്ദേഭാരത് സ്ലീപ്പര്‍. വിശാലമായ അകത്തളമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.


ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് എപ്പോള്‍?

ബുള്ളറ്റ് ട്രെയിന്‍ 2027 ആഗസ്റ്റ് 15ന് സര്‍വീസ് തുടങ്ങുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. കാബിനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ പറയുകയായിരുന്നു അദ്ദേഹം. സൂറത്ത് മുതല്‍ ബിലിമോറ വരെയാകും ആദ്യ സെക്ഷന്‍.

വാപി മുതല്‍ സൂറത്ത് വരെയാണ് രണ്ടാം സെക്ഷന്‍ സജ്ജമാക്കുന്നത്. മൂന്നാം സെക്ഷന്‍ വാപി മുതല്‍ അഹമ്മദാബാദ് വരെയാണ്. അവസാന ഘട്ടം താനെ മുതല്‍ അഹമ്മദാബാദ് വരെയാണെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം… മനുഷ്യാവകാശ കമ്മീഷന് പരാതി

തൃശൂര്‍: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.

ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി.

പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്‌കോ നടത്തിയത് സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റാണ്. വിഷയത്തില്‍ മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യമാണ് വിവാദമായത്.

നോട്ട്ബുക്കും ഡംബെല്ലും കാപ്പിയും; പുതു വർഷത്തിൽ പുതുമയും കൗതുകവും നിറഞ്ഞ ഗൂഗിൾ ഡൂഡിൽ

പുതു വർഷത്തെ വളരെ പ്രതീക്ഷയോട് കൂടിയാണ് എല്ലാവരും വരവേറ്റിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗൂഗിൾ തങ്ങളുടെ സവിശേഷമായ ഡൂഡിലും പുറത്തിറക്കിയിട്ടുണ്ട്. പുതുമയും കൗതുകവും നിറഞ്ഞതാണ് ഈ ഡൂഡിൽ. “പുത്തൻ തുടക്കങ്ങൾക്കും ശാന്തമായ ശുഭപ്രതീക്ഷകൾക്കും” (Fresh beginnings and quiet optimism) ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണത്തെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ഡൂഡിലിൽ ഉള്ളത് എന്താണെന്ന് നോക്കിയാലോ ?

2026 എന്ന് എഴുതിയ ഒരു നോട്ട്ബുക്ക്, പേന, ഒരു കപ്പ് കാപ്പി എന്നിവ അടങ്ങിയ ശാന്തമായ ഒരു ദൃശ്യത്തോടെയാണ് ഈ ആനിമേറ്റഡ് ഡൂഡിൽ ആരംഭിക്കുന്നത്. തുടർന്ന് ‘Google’ എന്നതിലെ ആദ്യത്തെ ‘O’ എന്ന അക്ഷരം വിവിധ ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്ന രൂപങ്ങളിലേക്ക് മാറുന്നു. ശാരീരികക്ഷമതയ്ക്കായി ഡംബെൽ (Dumbbell), സർഗ്ഗാത്മകതയ്ക്കായി നൂൽ (Yarn), ആരോഗ്യകരമായ ഭക്ഷണരീതിയെ സൂചിപ്പിക്കുന്ന ഷെഫ് തൊപ്പിയും സാലഡും, സ്നേഹവും ഊഷ്മളതയും പ്രകടിപ്പിക്കുന്ന ഹൃദയചിഹ്നമുള്ള കാപ്പി ഗ്ലാസ് എന്നിവയായി ഇത് മാറുന്നത് കാണാം.
‘യൂണിവേഴ്സൽ പോസ് ബട്ടൺ’ പുതുവർഷത്തെ ഒരു “യൂണിവേഴ്സൽ പോസ് ബട്ടൺ” (Universal Pause Button) ആയാണ് ഗൂഗിൾ വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, പഴയ കാര്യങ്ങൾ വിലയിരുത്തി ഒരു പുത്തൻ തുടക്കം കുറിക്കാനുമുള്ള അവസരമാണിതെന്ന് ഗൂഗിൾ തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. വെള്ളി നിറത്തിലുള്ള ബലൂണുകളും ആഘോഷങ്ങളും നിറഞ്ഞ 2025-ലെ പുതുവർഷ തലേന്നത്തെ (New Year’s Eve) ഡൂഡിലിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കൂടുതൽ അർത്ഥവത്തായ ഒരു ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ പുതുവർഷം ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഗൂഗിൾ ഈ ഡൂഡിലിലൂടെ ചെയ്യുന്നത്.

ഇനിയിങ്ങനെ പരസ്പരം തെറി പറയല്ലേ , കണ്ണൂരിൽ രണ്ട് കക്ഷികളുടെ മുഖപത്രത്തിന് ഒറ്റ  ചിരിപ്പേജ്

കണ്ണൂർ. പരസ്പരം ഘോര ഘോരം അധിക്ഷേപം ചൊരിയുന്ന രണ്ടു കക്ഷികളുടെ മുഖപത്രങ്ങൾ സംഗമിച്ചത് പത്ര ചരിത്രത്തിലെ ചിരിപ്പേജ് ആയി.  കേരളത്തെ ഒന്നടങ്കംചിരിപ്പിക്കുകയും അതേസമയം ഗൗരവകരമായ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്ത ഒരു സംഭവമാണ് കണ്ണൂരിൽ ഇന്ന് ഉണ്ടായത്.  ബിജെപി മുഖപത്രമായ ജന്മഭൂമി തുറന്ന വായനക്കാർ കണ്ടത് മുസ്ലിം ലീഗ് നേതാക്കളുടെ ലേഖനങ്ങളും ചന്ദ്രികയുടെ എഡിറ്റോറിയലും. പ്രിന്റിംഗ് പ്രെസ്സിൽ സംഭവിച്ച ഒരു സാങ്കേതിക പിഴവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചർച്ചയായിരിക്കുകയാണ്.

കണ്ണൂരിലെ ജന്മഭൂമി വായനക്കാർ ഇന്ന് രാവിലെ പത്രം കണ്ട് ഒന്ന് അമ്പരന്നു. പേജ് ഒന്ന് തൊട്ട് ബാക്കി പേജുകളെല്ലാം പതിവ് പോലെ തന്നെ. എന്നാൽ എഡിറ്റോറിയൽ പേജിലേക്ക് എത്തിയപ്പോഴാണ് കഥ മാറിയത്. ജന്മഭൂമിയുടെ താളിൽ അച്ചടിച്ചു വന്നിരിക്കുന്നത് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ്.
പാർട്ടിയുടെ നിലപാടുകൾ പറയേണ്ട പേജിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള സ്മരണകളും ഡോ. എം.കെ മുനീറിന്റെ ലേഖനവുമാണ് നിരന്നത്.
കണ്ണൂരിലെ എസ്ആർഎസ് എന്ന സ്ഥാപനത്തിലാണ് ജന്മഭൂമി ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളുടെ പ്രിന്റിംഗ് പ്ലേറ്റുകൾ തയ്യാറാക്കുന്നത്. ജന്മഭൂമിയെ കൂടാതെ സുപ്രഭാതം, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇവിടെ നിന്നാണ് പ്ലേറ്റ് എടുക്കുന്നത്. ഒരേ സമയം ഒന്നിലധികം പത്രങ്ങളുടെ പ്ലേറ്റുകൾ തയ്യാറാക്കുന്നതിനിടെ ചന്ദ്രികയുടെ പേജ് ജന്മഭൂമിയുടെ പ്ലേറ്റിലേക്ക് മാറിപ്പോയതാണ് ഈ  അബദ്ധത്തിന് കാരണമായത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പരിഹാസങ്ങളും വിമർശനങ്ങളും കടുത്തു. ബിജെപി കേന്ദ്രങ്ങളിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പത്രത്തിന്റെ ഗൗരവത്തെ ബാധിക്കുന്ന ഇത്തരം വീഴ്ചകളിൽ മാനേജ്‌മെന്റ് കർശന നിലപാടിലാണ്. അച്ചടിശാലയോട് ജന്മഭൂമി മാനേജ്‌മെന്റ് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.
രാഷ്ട്രീയ വൈരം മൂലം മുഖാമുഖം നോക്കാത്ത രണ്ട്  കക്ഷികളുടെ പത്രങ്ങൾ ഒരേ താളിൽ സംഗമിച്ചത് എന്തായാലും കേരളത്തിലെ പത്രചരിത്രത്തിലെ അപൂർവ്വമായ ഒരു അധ്യായമായി മാറി കഴിഞ്ഞു.


കേരളത്തിലെ എൽഡിഎഫ് – യുഡിഎഫ് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം
അവസാനിക്കാൻ പോകുന്നു, മേയറെ അഭിനന്ദിച്ച് മോദി

തിരുവനന്തപുരം.  നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട
വി.വി.രാജേഷിനെയും ഡെപ്യൂട്ടി മേയറായ ജി. ആശാനാഥിനെയും
അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി.മേയർ വി.വി.രാജേഷിന്
അയച്ച കത്തിലാണ് അഭിനന്ദനം അറിയിച്ചത്.കേരളത്തിൻെറ
തലസ്ഥാന നഗരിയിലെ വിജയം സുവർണലിപികളിലെഴുതിയ
നാഴികകല്ലാണ്. തിരുവനന്തപുരത്തെ വിജയം കേരളത്തിലെ
ബിജെപിയെ തിരഞ്ഞെടുക്കാൻ തയ്യാറായി എന്നതിൻെറ സൂചനയാണ്.
കേരളത്തിൽ പരസ്പരം എതിർക്കുകയും ഡൽഹിയിൽ ചങ്ങാതിമാരുമായ എൽ.ഡി.എഫ് – യുഡിഎഫ് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം
അവസാനിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

കൊല്ലത്ത് മുത്തച്ഛൻ്റെ കൊലപാതക കേസിലെ സാക്ഷിയായ മകളെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയായ പിതാവിന് 4 വർഷം കഠിനതടവ്

കൊല്ലം: മുത്തച്ഛൻ്റെ കൊലപാതക കേസിലെ സാക്ഷിയായ പത്ത് വയസ് മാത്രമുള്ള മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും.
കൊറ്റങ്കര വില്ലേജിൽ മനക്കര കിഴക്കതിൽ വീട്ടിൽ  ഷിബു (37)വിനെയാണ് കൊല്ലം ഫസ്റ്റ് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ  വിനോദ് ശിക്ഷിച്ചത്.
2021 മാർച്ച് 31 നാണ് ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മുത്തച്ഛനെ ഷിബു കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ ദൃക്‌സാക്ഷിയായിരുന്നു ഷിബുവിൻ്റെ മകൾ. മകൾ ജീവിച്ചിരുന്നാൽ കൊലപാതകക്കേസിൽ തനിക്കെതിരെ സാക്ഷി പറയുമെന്ന ഭയമാണ് മകളെ കൊലപ്പെടുത്താൻ ശ്രമിക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്.
2023 മാർച്ച് 14-ന്, ഭാര്യയും മറ്റും ജോലിക്ക് പോയ സമയത്ത്, തുണി മടക്കിവെച്ചില്ല എന്ന നിസ്സാര കാരണം പറഞ്ഞ് ഷിബു മകളെ ക്രൂരമായി മർദിച്ചു. കൈകൊണ്ട് വായിലിടിച്ചും തല കതകിൽ ഇടിപ്പിച്ചും കാലിൽ പിടിച്ച് പൊക്കി നിലത്തടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഈ കേസിന് പിന്നാലെ നടന്ന കൊലപാതക കേസിലെ വിചാരണയിൽ മകൾ നിർണായകമായ സാക്ഷിമൊഴി നൽകുകയും, ആ കേസിൽ ഷിബുവിന്  ജീവപര്യന്തം കഠിനതടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവിൽ കൊലപാതക കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷിബു വിചാരണ നേരിട്ടത്.
കുണ്ടറ പൊലിസ് ഇൻസ്‌പെക്ടർ വി. അനിൽകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.

മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇക്കുറി വിജയം കണ്ടതെന്ന് നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മേയര്‍ വി വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിൻെറ സൂചന. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എൻഡിഎ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.


ബിജെപി – എൻഡിഎ സഖ്യം ജനങ്ങളുടെ ചോയ്സായി വന്നിരിക്കുന്നു. കേരളത്തിലെ എൽ.ഡി.എഫ് – യുഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിക്കാൻ പോകുന്നു. ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളും ആയിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു.