കൊച്ചി. പറവൂരിൽ പ്രസവത്തിനിടെ
യുവതി മരിച്ച സംഭവത്തിൽ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി ക്കെതിരെയാണ് മരിച്ച
കാവ്യാ മോളുടെ കുടുംബം പരാതി നൽകിയത്.
ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോൺബോസ്കോ ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യ മന്ത്രികടക്കം കുടുംബം പരാതി നൽകും. പട്ടണം പള്ളിയിൽ കാവ്യമോളാണ് (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 24ന് ആയിരുന്നു പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്.
പകൽ 12:50 ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് കാവ്യയുടെ യൂട്രസ് നീക്കം ചെയ്തു. ഇതോടെ യുവതിയുടെ നില ഗുരുതമാവുകയായിരുന്നു എന്ന് ക്കൾ പറയുന്നു. അപകട നിലയിൽ ആയിട്ടും ആദ്യ ഘട്ടത്തിൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വിസമ്മതിച്ചതായും ആരോപണമുണ്ട്.കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ ഏർപ്പാടാക്കി 9.30ന് അവിടെയെത്തിച്ചു.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു.
എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ, ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്.
പ്രസവത്തിനിടെ
യുവതി മരിച്ച സംഭവത്തിൽ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും
ദൃശ്യവധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലിസ്
കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലിസ് . ഡിസിപിയുടെയും മെഡിക്കൽ കോളേജ് എസിപിയുടെയും സ്ക്വാഡുകളെ ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.അതേസമയം അന്വേഷണസംഘം കണ്ണൂർ ജയിലെത്തി പ്രതി വിനീഷുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പോലീസ് പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.അതേസമയം സംസ്ഥാനം വിടാനുള്ള ഒരു സാധ്യതയും പരിശോധിക്കുന്നുണ്ട്.രണ്ടുദിവസം മുമ്പാണ് ഫോറൻസിക് വാർഡിലെ ശുചിമുറിയുടെ ചുവരു തുരന്ന് ഇയാൾ രക്ഷപ്പെട്ടത്.അതേസമയം പ്രതി രക്ഷപ്പെട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ദൃശ്യയുടെ കുടുംബം വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും അതിബുദ്ധിമാനായ ക്രിമിനലായ ഇയാൾ ദൃശ്യയുടെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്.
മന്നം ജയന്തി സമ്മേളനം ഇന്ന് നടക്കും
ചങ്ങനാശേരി. 149ാമത് മന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള മന്നം ജയന്തി സമ്മേളനം ഇന്ന് നടക്കും .പെരുന്നയിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുക .Nss ജനറൽ സെക്രട്ടറി അധ്യക്ഷൻ ആകുന്ന സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്കാണ് സമ്മേളനം ആരംഭിക്കുക . മുന്നോടിയായി ഏഴുമണിമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയും ഉണ്ടാകും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രശംസിച്ചിരുന്നു .സ്വർണ്ണക്കൊള്ള വിവാദത്തിലും എൻഎസ്എസ് നിലപാട് വ്യക്തമാക്കിയിരുന്നു
അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്
കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ താത്കാലികമായി ക്ലബ് വിട്ടു. ലോണിൽ വിദേശ ക്ലബിലേക്ക് ലൂണ ചേക്കേറുമെന്നാണ് വിവരം. ആരാധാകരെ ഏറെ നിരാശരാക്കുന്ന പ്രഖ്യാപനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതുവർഷത്തിൽ നടത്തിയത്
പരസ്പര ധാരണയോടെ ക്ലബും താരവും എടുത്ത തീരുമാനമാണ് ഇതെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വമാണ് താരത്തെ താത്കാലികമായി ക്ലബ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
2021ലാണ് ഉറൂഗ്വെൻ താരമായ ലൂണ ക്ലബിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ്. 87 മത്സരങ്ങളിൽ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായം അണിഞ്ഞു. 15 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി.
കീം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ മാർക്ക് നിശ്ചയിക്കുന്ന രീതി, സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം. കീം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ മാർക്ക് നിശ്ചയിക്കുന്ന രീതിയിലെ മാറ്റം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി..
വിഭാഗ്ധ സമിതി ശിപാർശ സർക്കാർ അംഗീകരിച്ചാണ് ഉത്തരവ് ഇറക്കിയത്.. ഇതോടെ മുൻവർഷങ്ങളിലേത് പോലെ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കീമിൽ മാർക്ക് കുറയില്ല.. റാങ്ക് പട്ടിക തയ്യാറാക്കുന്ന പുതിയ രീതി പ്രോസ്പക്ടസിൽ ഉൾപ്പെടുത്താനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.. കഴിഞ്ഞ തവണ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച് പരീക്ഷയും നടത്തിയ ശേഷമായിരുന്നു ഫോർമുല പരിഷ്കരിച്ചത്.. ഇതേ തുടർന്നാണ് ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കേണ്ടി വന്നത്.. കണക്ക്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിൽ തമിഴ്നാട് മാതൃക തുടരാനും തീരുമാനിച്ചിട്ടുണ്ട്..
ഭരത് മുരളി അവാര്‍ഡ് ജഗതി ശ്രീകുമാറിന്
കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് നടന്‍ ജഗതി ശ്രീകുമാറിന് നല്‍കും. നടന്‍ മുരളിയുടെ പേരില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡായി 25,000 രൂപയും ഫലകവുമാണ് നല്‍കുന്നത്.
വ്യാഴാഴ്ച നാലിന് ജഗതിയുടെ വസതിയില്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഡോക്ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ 7 പേർ പിടിയിൽ ലഹരി പദാർത്ഥങ്ങളുമായി പിടിയിൽ
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.
കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ വിഗ്‌നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറാണ്. ഹലീന ബിഡിഎസ് വിദ്യാർഥിനിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. അസിം, അജിത്ത്, അൻസിയ, എന്നിവർ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതികളായവരാണ്. ഇവർ മൂന്നുപേരുമാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും വിതരണം ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളഞ്ഞു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഹൈബ്രിഡ് കഞ്ചാവിന് ഗ്രാമിന് മൂവായിരം രൂപയോളമാണ് വില. പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.
എൽഡിഎഫിലെ വിഭാഗീയത:ശൂരനാട് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിമരവും പതാകയും നശിപ്പിച്ചു
ശാസ്താംകോട്ട:ശൂരനാട് രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികാചരണത്തിന്റെയും ഡിസംബർ 31ന് നടന്ന പതാക ദിനത്തിന്റെയും ഭാഗമായി സ്ഥാപിച്ച കൊടിമരവും പതാകയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.സംഘാടക സമിതി ഉയർത്തിയ സിപിഐയുടെ പതാകയും കൊടിമരവുമാണ് പിഴുതെറിഞ്ഞത്.കൂടാതെ, രക്തസാക്ഷിദിന സന്ദേശങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് അക്രമം നടന്നത്.തദ്ദേശ
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം ശൂരനാട് വടക്ക് പഞ്ചായത്തിൽ എൽഡിഎഫിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയും അനൈകൃതയുമാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.പ്രദേശത്തെ രാഷ്ട്രീയ സമാധാനം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന
ശൂരനാട് വടക്ക് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ സോന സത്യൻ ഒരു വോട്ടിനാണ് പരാജയപ്പെടുകയും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തിരുന്നു.സോന സത്യന് ലഭിക്കേണ്ടിയിരുന്ന ഏഴ് പോസ്റ്റൽ വോട്ടുകൾ അസാധുവായതാണ് തോൽവിക്ക് പ്രധാന കാരണമായത്.പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം ഉയരുന്നത്.അതിനിടെ ശൂരനാട് രക്തസാക്ഷിത്വത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പതാക ഉയർത്തലിൽ എൽഡിഎഫിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ സിപിഎമ്മും സിപിഐയും ചേർന്ന് പതാക ഉയർത്തിയതിന് തൊട്ടടുത്തായി സിപിഎം റിബലുകളും പതാക ഉയർത്തിയത് ചർച്ചയായിരുന്നു.രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന പാതിരിക്കലിൽ സിപിഎമ്മും സിപിഐയും വെവ്വേറെ പാതാക ഉയർത്തിയത് എൽഡിഎഫിലെ അനൈകൃതയും വിഭാഗീയതയും പരസ്യമായി പൊതുമധ്യത്തിൽ എത്തിക്കുന്നതിന് സമാനമായിരുന്നു.
മൈനാഗപ്പള്ളിയിൽ കാട്ടുപന്നി ശല്യം മൂലം കൃഷിനാശം രൂക്ഷം
ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിശല്യം മൂലം കർഷകർ കടുത്ത പ്രതിസന്ധിയിൽ.കഴിഞ്ഞദിവസം
മൈനാഗപ്പള്ളി പഞ്ചായത്തിലെ മികച്ച കർഷകനായ കോവൂർ നെടുത്തറയിൽ സോമൻ്റെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയ പന്നികൾ വാഴ,വെണ്ട,ചീനി തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു.തോട്ടത്തിലുണ്ടായിരുന്ന ഭൂരിഭാഗം കൃഷിയും നശിപ്പിക്കപ്പെട്ട നിലയിലാണ്.പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.പന്നികളെ പിടിക്കുന്നതിനോ കൊല്ലുന്നതിനോ നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.പന്നികൾ കൃഷിയിടത്തിൽ ഇറങ്ങുന്ന സമയത്ത് അറിയിക്കണമെന്നാണ് പഞ്ചായത്തിന്റെ നിർദ്ദേശം.എന്നാൽ അർദ്ധരാത്രിയിൽ പന്നികൾ എത്തുമ്പോൾ ആരെയാണ് വിവരമറിയിക്കേണ്ടതെന്നാണ് കർഷകരുടെ ചോദ്യം.രാത്രി 12 മണിക്ക് ശേഷമാണ് കൃഷിയിടത്തിൽ പന്നികൾ പ്രധാനമായും എത്തുന്നത്.ഈ സമയത്ത് പഞ്ചായത്ത് അധികൃതരെ എങ്ങനെ ബന്ധപ്പെടാനാണ് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടാകുന്നത്.കഠിനാധ്വാനം ചെയ്ത് ഇറക്കിയ വിളകൾ നശിപ്പിക്കപ്പെടുമ്പോഴും അധികൃതർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ കർഷക പ്രതിഷേധം ശക്തമാവുകയാണ്പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ 1 കോടി രൂപ പ്രതിഫലം; നിക്ഷേപ തട്ടിപ്പ് കേസില്‍ ജയസൂര്യക്ക് കുരുക്ക്
കൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തൽ. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്‍റെ അക്കൗണ്ടിൽനിന്ന് നടന്‍റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തൽ.
കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്‍റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാൽ, നടന്‍റെ ബാങ്ക് അക്കൗണ്ട്, കരാർ എന്നിവയിൽ ഇ.ഡി വീണ്ടും പരിശോധന നടത്തും. ജനുവരി ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. സാദിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാൽ കൂടുതൽ സിനിമ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
ഡിസംബർ 29നാണ് നടനെയും ഭാര്യയെയും ഇ.ഡി അവസാനമായി ചോദ്യംചെയ്തത്. ആപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ കരാർ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ചോദ്യംചെയ്തത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഭാര്യയുടെ മൊഴിയും എടുത്തിരുന്നു. ഇടപാടുകളിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ജയസൂര്യയെ വീണ്ടും ചോദ്യംചെയ്യുന്നതെന്നാണ് വിവരം.
സേവ് ബോക്സ് എന്ന സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ 2023ൽ സ്ഥാപന ഉടമയും തൃശൂർ സ്വദേശിയുമായ സാദിഖിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയങ്ങൾ ഉയർന്നത്. പിന്നീടാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്. കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉൽപന്നങ്ങൾ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് ജനങ്ങൾക്ക് മുന്നിലെത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ സേവ് ബോക്സ് നൽകുന്ന വെർച്വൽ കോയിനുകൾ പണംകൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചാണ് ലേലം. ഇന്ത്യയിലെ ആദ്യ ബെറ്റിങ് ആപ്പ് എന്ന് പ്രചരിപ്പിച്ചിരുന്ന ആപ്പ് ഉദ്ഘാടനം ചെയ്തതും ജയസൂര്യയായിരുന്നു.







































