സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സച്ചിദാനന്ദൻ.
രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നേരത്തേ മലിനമാക്കപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. 40ൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെയ്ക്ക് ചാടി
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെയ്ക്ക് ചാടി . ഗുരുതരമായ് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കനാല്‍ജലം കാത്തിരുന്നവര്‍ക്ക് ആശ്വാസവുമായി 10ന് തെന്മല ഡാം തുറക്കും
കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും വേണ്ടി കനാല്‍ജലം കാത്തിരുന്നവര്‍ക്ക് ആശ്വാസവുമായി 10ന് തെന്മല ഡാം തുറക്കും. 15-ാം തീയതിയോടെ ചാരുംമൂട് മേഖലയിലെ കനാലുകളില്‍ വെള്ളം എത്തും. രണ്ടാഴ്ചയായി നടന്നുവന്ന കനാല്‍ ശുചീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കൂടിയ കെഐപി ഉദ്യോഗസ്ഥരുടെ യോഗ തീരുമാന പ്രകാരമാണ് ജനുവരി 10ന് തെന്മല ഡാം തുറക്കുന്നത്.
രണ്ട് ദിവസം കൊണ്ടുതന്നെ ആവശ്യാനുസരണം ഉള്ള വെള്ളം അടൂര്‍ പഴകുളത്ത് എത്തിച്ചേരും. ഇവിടെ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചാത്തുകളിലേക്കുള്ള മെയിന്‍ കനാലുകളിലും സബ് കനാലുകളിലും എത്തിച്ചേരും. 15ാം തീയതിയോടെ പൂര്‍ണമായും വെള്ളം കനാലുകളില്‍ എത്തും. ഇതോടുകൂടി നാളുകളായി ശുദ്ധജലക്ഷാമത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളത്തിനായി കാത്തിരുന്ന കര്‍ഷകര്‍ക്കും ആശ്വാസമാകും.
വള്ളസദ്യ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക്, പ്രായശ്ചിത്തത്തിന് അനുമതി
പത്തനംതിട്ട. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ പ്രായശ്ചിത്തം ചെയ്യാൻ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് അനുമതി നൽകിയത്. തന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് പ്രായശ്ചിത്തകർമ്മങ്ങൾ നടത്തും.
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദ്യം അർപ്പിക്കും മുൻപ് ദേവസ്വം മന്ത്രി വി എൻ വാസവനും മറ്റ് ബന്ധപ്പെട്ട വിഐപികൾക്കും നിവേദ്യം വിളമ്പിയത് വലിയ വിവാദമായിരുന്നു. ഇതിൽ പ്രായശ്ചിത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്ത്രി രംഗത്ത് വന്നിരുന്നു. ആചാരലംഘനം നടന്നന്നായിരുന്നു തന്ത്രിയുടെ നിലപാട്. ഇത് പ്രകാരം തന്ത്രി നിർദ്ദേശിച്ച പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. നിവേദ്യം വിളമ്പിയതിൽ വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് ഭാരവാഹികൾ വിലയിരുത്തിയിരുന്നു. എത്രയും വേഗം പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്യണമെന്നായിരുന്നു തന്ത്രിയുടെ നിർദ്ദേശം. ക്ഷേത്രത്തിലെ കളഭത്തിനു മുമ്പ് പ്രായശ്ചിത്തം നടത്തണമെന്ന് തന്ത്രി നിർദ്ദേശിച്ചെങ്കിലും ദേവസം ബോർഡിൻറെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതിലാണ് പ്രായശ്ചിത്തം നടത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്. തന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ക്ഷേത്രത്തിൽ പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്യും.
ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കണം. അകത്ത് ഒരു പറ അരിയുടെ നിവേദ്യം ഭഗവാന് സമർപ്പിച്ച ശേഷം പത്തു പറ അരിയുടെ സദ്യ നൽകണമെന്നാണ് തന്ത്രി നിർദ്ദേശിച്ച പ്രായശ്ചിത്തം. തനിക്ക് സദ്യ വിളമ്പിയതിൽ ആചാരലംഘനം ഇല്ലെന്നും വിവാദമാക്കുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടാകാമെന്നും മന്ത്രി അന്ന് പ്രതികരിച്ചിരുന്നു.
റോട്ടറി ഇൻറർനാഷണൽ എക്സലൻസ് അവാർഡ്
എബി പാപ്പച്ചന്
കൊല്ലം:റോട്ടറി ക്ലബ് ഓഫ് ട്രിവാൻട്രം റോയൽസ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് നൽകുന്ന റോട്ടറി ഇൻറർനാഷണൽ എക്സലൻസ് അവാർഡിന് ഇത്തവണ എബി പാപ്പച്ചൻ തെരഞ്ഞെടുക്കപ്പെട്ടു.കലാ, സാഹിത്യ, രാഷ്ട്രീയ മാധ്യമ രംഗങ്ങളിൽ നടത്തുന്ന ക്രീയാത്മകമായ ഇടപെടലുകൾക്കാണ് ഈ പുരസ്കാരം. കേരള സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതിയംഗം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഭരണസമിതിയംഗം, പ്രശസ്തമായ നിരവധി ഗാനങ്ങളുടെ രചയിതാവ്, ജവഹർ ഗ്രാമീണ ഗ്രന്ഥശാലയുടെ സ്ഥാപകൻ, മികച്ച പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ പഠന ഗവേഷണ വിഭാഗമായ സർവ്വോദയ സംഘത്തിൽ അംഗമാണ്. സൂര്യ ടിവിയുടെ കൊച്ചു
ടിവിയിൽ ഇഞ്ചി മിഠായി എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്.
ജനുവരി 7 ന് തിരുവനന്തപുരം റസിഡൻസി ടവറിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് ഓഫ് ട്രിവാൻട്രം സെക്രട്ടറി ഡോ ജോസഫ് ജെ ഡിക്രൂസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടങ്ങിയത്. രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം. നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷമാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.
ആനപ്പാപ്പാന്‍ മദ്യലഹരിയില്‍ ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഉള്ളൂരില്‍ ആനപ്പാപ്പാന്‍ മദ്യലഹരിയില്‍ ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പാപ്പാനെതിരെ പരാതി നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനയായ ഉള്ളൂര്‍ കാര്‍ത്തികേയനാണ് മര്‍ദനമേറ്റത്.
മദപ്പാടിലുള്ള ആനയെ നിരന്തരം പാപ്പാന്‍ മദ്യപിച്ച് ആക്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സബ് ഗ്രൂപ്പ് ഓഫീസര്‍ക്കും പൊലീസിനും വനംവകുപ്പിനും പൗരസമിതി പരാതി നല്‍കി. പാപ്പാന്‍ ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, അതും ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.
ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി നിയമസഭ. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി വിധി വന്ന ജനുവരി മൂന്ന് മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നു.
കേസില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയസഭാഗംത്വം നഷ്ടമാകും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ചാണ് അയോഗ്യത. കേസിലെ ഒന്നാം പ്രതി കോടതി മുന്‍ ജീവനക്കാരനായ ജോസിനും രണ്ടാം പ്രതി ആന്റണി രാജുവിനും ഐപിസി 120 (ബി) അനുസരിച്ച് കബളിപ്പിക്കലിന് 6 മാസം ശിക്ഷ ഇരുവര്‍ക്കും ലഭിച്ചു. ഐപിസി 201 അനുസരിച്ച് രണ്ടു പ്രതികളും 3 വര്‍ഷം ശിക്ഷയും 10,000 രൂപ പിഴയും അടയ്ക്കണം. ഐപിസി 193 അനുസരിച്ച് 3 വര്‍ഷവും ഐപിസി 465 അനുസരിച്ച് 2 വര്‍ഷവും ശിക്ഷ അനുഭവിക്കണം. ഐപിസി 404 അനുസരിച്ച് ജോസ് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്.
ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി ആറിന്
ദേശീയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ ഒന്ന് മുതല്‍ 19 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ 1,298 സ്‌കൂളുകളിലെയും (സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍) 2,723 അങ്കണവാടികളിലുമായി 5,01,560 കുട്ടികള്‍ക്ക് മരുന്ന്‌നല്‍കും. അന്ന് ഗുളിക കിട്ടാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് നല്‍കും; ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാകും വിതരണം. ഒന്ന് മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മിലിഗ്രാം) രണ്ട് മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് ഒരു ഗുളികയുമാണ് (400 മില്ലിഗ്രാം) നല്‍കുന്നത്.
അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കില്ല. ഗുളിക കഴിച്ചതിന് ശേഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ലെങ്കിലും വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന,ഛര്‍ദ്ദി, ചൊറിച്ചില്‍,ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.
വിരബാധ കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍1 മുതല്‍ 14 വരെയുള്ള 64% കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ ആറുമാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളികയും നല്‍കുന്നു.
വിരബാധ
മണ്ണില്‍കളിക്കുകയും പാദരക്ഷകള്‍ഉപയോഗിക്കുകയും ചെയ്യാതിരുന്നാല്‍ വിരബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും രോഗം കാരണമാകും.
വിരബാധയുടെ ലക്ഷണങ്ങള്‍
മലദ്വാരത്തിന് ചുറ്റുമുളള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍, ഛര്‍ദ്ദിലില്‍ വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം തുടങ്ങിയവ ഉണ്ടാകാം.
പകരുന്ന രീതി
പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യുകയോ വിസര്‍ജ്യങ്ങള്‍ മണ്ണില്‍ നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍, മണ്ണില്‍കളിക്കുന്ന കുട്ടികളുടെ കൈകളിലൂടെയും കാലുകളിലൂടെയും. മലദ്വാരത്തിനു ചുറ്റും നഖം കൊണ്ട് ചൊറിഞ്ഞ് നഖംകടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍, മലത്തില്‍വന്നിരുന്ന ഈച്ചകള്‍ തുറന്നുവെച്ചിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ വന്നിരിക്കുമ്പോള്‍, വിസര്‍ജനമാലിന്യംകലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുമ്പോഴും വിരബാധയുണ്ടാകാം. വിരബാധയുള്ള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും പകരാം.
വിരബാധ എങ്ങനെ തടയാം?
ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കുക. മാംസം നന്നായി പാചകം ചെയ്തുമാത്രം ഉപയോഗിക്കുക. കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. അടിവസ്ത്രങ്ങള്‍ ദിവസേന കഴുകി ഉപയോഗിക്കുക. വീടിനു പുറത്തു പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. ഭക്ഷണം അടച്ചു സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം പാടില്ല. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക.







































