Home Blog Page 1113

ശബരിമല സ്വർണക്കൊള്ള,നിയമസഭാകവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ച് പ്രതിപക്ഷം

തിരുവനന്തപുരം. ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്ക പുറത്തേക്ക് നീട്ടി.

സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.

അതേസമയം സഭ  നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു.

രക്തസാക്ഷികള്‍ക്ക് വേണ്ടി സി പി എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് പിന്നീട് എവിടെയും കണ്ടില്ല: കെ കെ രമ

തിരുവനന്തപുരം. സി പി എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് ഒന്നും പിന്നീട് എവിടെയും കണ്ടില്ലെന്ന് കെ കെ രമ എം എല്‍ എ.
ഇതേ ചോദ്യം തന്നെയാണ് പാർട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചിരുന്നത്. വി കുഞ്ഞികൃഷ്ണ്ണൻ്റെ വീട്ടിലേയ്ക്ക് ഇനി ഇന്നോവ വരാതിരിക്കട്ടെ. ഒഞ്ചിയം പോലെ തന്നെ സി പി എം ശക്തികേന്ദ്രമാണ് പയ്യന്നൂരുമെന്നും കെ കെ രമ പറഞ്ഞു.

പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട് . ന്യായമായ സമരമാണ് പയ്യന്നൂരില്‍ നടന്നത്. സി പി എമ്മില്‍ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികള്‍ക്കു വേണ്ടി 25 കോടി രൂപ പിരിച്ചിട്ടുണ്ട്.

പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ.

ഫണ്ട് തട്ടിപ്പ് പാര്‍ട്ടി വിഷയം മാത്രമായി തള്ളിക്കളയാന്‍ കഴിയില്ലെന്നും ഫണ്ടിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അർഹതയുമില്ല.

ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. സി പി എം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര, പിതാവിനെതിരെ  കേസെടുത്തു

കോട്ടയം. കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു.

പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര.

റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യാ പോസ്റ്റില്‍ ജോലി; ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് 28,740 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം.

ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഇന്ത്യാ പോസ്റ്റ്. രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 31 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in -ൽ അപേക്ഷിക്കാം.

തസ്തികകളിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), ഗ്രാമീൺ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) എന്നിവ ഉൾപ്പെടുന്നു. ABPM, GDS തസ്തികകളിൽ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ്. BPM തസ്തികയ്ക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. വിശദമായ വിജ്ഞാപനം ജനുവരി 31-ന് പുറത്തിറക്കും.

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

അലുമിനിയം ഫോയിൽ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇത് ഉപയോഗിച്ച് പാചകം ചെയ്യാനും ഭക്ഷണ സാധനങ്ങൾ കേടുവരാതെ പൊതിഞ്ഞ് സൂക്ഷിക്കാനുമൊക്കെ സാധിക്കും. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാൻ സാധിക്കില്ല. എല്ലാത്തരം ഭക്ഷണങ്ങളും ഇതിൽ പാകം ചെയ്യുന്നത് സുരക്ഷിതമല്ല.

പതിയെ വേവുന്ന ഭക്ഷണങ്ങൾ
കൂടുതൽ സമയമെടുത്ത് വേവുന്ന ഭക്ഷണങ്ങൾ ഒരിക്കലും അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്. ഇത് അലുമിനിയം ലയിച്ച് ഭക്ഷണത്തിൽ കലരാൻ കാരണമാകുന്നു.

അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ

തക്കാളി, സിട്രസ് പഴങ്ങൾ, വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എന്നിവ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യുന്നത് ഒഴിവാക്കണം. ഇത് അലുമിനിയവുമായി പ്രതിപ്രവർത്തനം ഉണ്ടാവാൻ സാധ്യതയുണ്ട്.

ഉപ്പ് ചേർന്ന ഭക്ഷണങ്ങൾ

അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ പോലെ തന്നെ ഉപ്പ് ചേർന്ന ഭക്ഷണങ്ങളും അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാൻ പാടില്ല.

മൈക്രോവേവിൽ പാകം ചെയ്യുന്നത്

ഭക്ഷണ സാധനങ്ങൾ ഒരിക്കലും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് മൈക്രോവേവിൽ പാകം ചെയ്യരുത്. അടച്ചിട്ട് പാകം ചെയ്യുന്നതുകൊണ്ട് തന്നെ ഇത് സുരക്ഷിതമല്ല.

കൂടുതൽ ചൂടിൽ വേവിക്കേണ്ടത്

കൂടുതൽ ചൂടിൽ വേവിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഒരിക്കലും അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യരുത്. ഇത് അലുമിനിയം, ഭക്ഷണത്തിൽ ലയിക്കാൻ കാരണമാകുന്നു.

മത്സ്യങ്ങൾ

അലുമിനിയം ഫോയിൽ ഉപയോഗിച്ച് മത്സ്യങ്ങൾ പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. അമിതമായി വേവിക്കുന്നത് അലുമിനിയം ഭക്ഷണത്തിൽ കലരാൻ കാരണമാകുന്നു.

കുക്കീസ്

അലുമിനിയം ഫോയിൽ ഉപയോഗിച്ച് കുക്കീസ് ഉണ്ടാക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത് കുക്കീസിൽ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്.

500ന് ചേഞ്ച് തേടി അലയേണ്ട, ആരടുത്തും കെഞ്ചേണ്ട, 10, 20, 50, 100, 200 നോട്ടുകൾ ശറപറേന്ന് കിട്ടും, പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ഡിജിറ്റലൈസേഷനും യുപിഐയും മൂലം ചെറിയ മൂല്യമുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തുടനീളം തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ഹൈബ്രിഡ് എടിഎമ്മുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. പുതിയ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ ഉപയോഗിച്ച് നിങ്ങളുടെ 500 രൂപ നോട്ടുകൾക്ക് പകരം ആവശ്യാനുസരണം 10, 20, 50 രൂപ പോലുള്ള ചെറിയ നോട്ടുകളും നാണയങ്ങളും മാറ്റി നൽകുന്നതായിരിക്കും സംവിധാനമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്തു. ഒരു പൈലറ്റ് പ്രോജക്റ്റായി മുംബൈയിൽ പദ്ധതി പരീക്ഷിച്ചുവരികയാണ്. മുംബൈയിൽ ഒരു പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കുറഞ്ഞ മൂല്യമുള്ള കറൻസി വിതരണ യന്ത്രങ്ങളുടെ ഒരു പ്രോട്ടോടൈപ്പ് നിലവിൽ പരീക്ഷിച്ചുവരികയാണെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഈ സംവിധാനം ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും എടിഎമ്മുകൾ സ്ഥാപിക്കുക. ഈ നടപടി ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് 500 രൂപ നോട്ടുകളാണ്. ദൈനംദിന ഇടപാടുകളിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് പകരമായി ചില്ലറ നൽകാൻ കടയുടമകളും പൊതുഗതാഗത തൊഴിലാളികളും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ചെറുപട്ടണ പ്രദേശങ്ങൾ ഇപ്പോഴും കറൻസി നോട്ടുകളെ ആശ്രയിക്കുന്നതിനാൽ, ഈ നീക്കം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മതിയായ വിതരണമില്ലെങ്കിൽ മെഷീനുകൾക്ക് മാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ട്. ചെറിയ നോട്ടുകളുടെ അച്ചടി, ലോജിസ്റ്റിക്സ്, പുനഃചംക്രമണം എന്നിവ സമാന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പറയുന്നു.

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍ജെഡി, ‘തോൽവിക്ക് കാരണം സിപിഎം’

കോഴിക്കോട്: കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ ജെ ഡി രംഗത്തെത്തി. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ സമ്പൂർണ്ണ പരാജയത്തിന് കാരണം സിപിഎമാണെന്ന് ആര്‍ജെഡി തുറന്നടിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിച്ച നാല് ആർ ജെ ഡി സ്ഥാനാർത്ഥികളെയും തോൽപ്പിക്കാനായി ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചുവെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പരാതിയുടെ പകർപ്പ് പുറത്ത് വന്നു. ആർ ജെ ഡി സീറ്റിൽ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേൽപ്പിച്ചു, സിപിഎം പ്രാദേശിക നേതാവിന്‍റെ താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നു, ആർജെഡി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ആര്‍ജെഡി പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി നേതാക്കൾ വ്യക്തമാക്കി.

‘നടന്നത് 6000 കോടി രൂപയുടെ അഴിമതി, രാഹുലിനും ഖാർ​ഗെക്കും കത്തെഴുതും’; കർണാടക സർക്കാറിനെതിരെ ​ഗുരുതര ആരോപണവുമായി വൈൻ ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ

ബെം​ഗളൂരു: കർണാടക സർക്കാറിനെതിരെ ​ഗുരുതര അഴിമതി ആരോപണവുമായി കർണാടക വൈൻ ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണകാലത്ത് സംസ്ഥാന എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. അഴിമതി ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് കത്തെഴുതുമെന്നും അസോസിയേഷൻ അറിയിച്ചു.

അതേസമയം, എക്സൈസ് മന്ത്രി ആർ ബി തിമ്മപൂർ ആരോപണങ്ങൾ തള്ളി. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ആരോപണങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സിഎൽ-7 ബാർ ലൈസൻസുകളുടെ ഉദാഹരണം ഉദ്ധരിച്ചു കൊണ്ടാണ് അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാമി ആരോപണങ്ങൾ ഉന്നയിച്ചത്. എക്സൈസ് മന്ത്രിക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും പണം പോകുന്നുവെന്നും നിരക്കുകൾ നിശ്ചയിക്കുന്നത് ചുമതലയുള്ളവരാണെന്നും ഗുരുസ്വാമി ആരോപിച്ചു.

മുഖ്യമന്ത്രിയെ ഞങ്ങൾ പലതവണ അറിയിച്ചിരുന്നു. അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു മീറ്റിംഗിന് വിളിക്കുമെന്ന് പറഞ്ഞു. പക്ഷേ ഈ സംവിധാനം ഞങ്ങൾക്ക് പൂർണമായും മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇതിന് സഭയിൽ ഉത്തരം നൽകും. എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടോ. അസോസിയേഷൻ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2024-ൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട്, ലോകായുക്ത എന്നിവർക്ക് അയച്ച കത്തിൽ, തിമ്മാപൂർ 700 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അസോസിയേഷൻ ആരോപിച്ചിരുന്നു. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ, ഒമ്പത് സൂപ്രണ്ടുമാർ, 13 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 20 എക്സൈസ് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ കത്തിൽ ആരോപണവിധേയരാക്കി. ഓരോ ലൈസൻസിനും 30 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയാണ് സിഎൽ-7 ലൈസൻസുകൾ നൽകിയതെന്നും അസോസിയേഷൻ ആരോപിച്ചു.

‘പാകിസ്ഥാൻ വെടിവെച്ചിട്ട’ റാഫേൽ ഡൽഹിയിൽ പറന്നു, ഓപ്പറേഷൻ സിന്ദൂർ ഹീറോ BS-022 റിപ്പബ്ലിക് ദിന പരേഡിൽ താരം

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിന പരേഡിൽ പാകിസ്ഥാന്റെ കള്ളപ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ വ്യോമസേന. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട റാഫേൽ യുദ്ധവിമാനം BS 022 കർത്തവ്യപഥിലെ ആകാശത്ത് വിസ്മയം തീർത്തു. റാഫേൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തു എന്ന പാക് പ്രൊപ്പഗണ്ട അക്കൗണ്ടുകളുടെ വാദം പൊളിച്ചുകൊണ്ടാണ് വ്യോമസേന വീഡിയോ പുറത്തുവിട്ടത്.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഫ്ലൈപാസ്റ്റിൽ ആകെ 29 വിമാനങ്ങളാണ് പങ്കെടുത്തത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് റാഫേൽ വിമാനങ്ങളുടെ പ്രകടനമായിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ വ്യോമസേനയുടെ പങ്ക് അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് റാഫേലുകൾ, രണ്ട് മിഗ്-29, രണ്ട് സുഖോയ്-30, ഒരു ജാഗ്വാർ എന്നിവ ചേർന്ന് ‘സിന്ദൂർ ഫോർമേഷൻ’ ഒരുക്കി. മണിക്കുറിൽ 900 കിലോമീറ്റർ വേഗതയിൽ വെറും 300 മീറ്റർ ഉയരത്തിൽ പറന്ന റാഫേൽ വിമാനം നടത്തിയ വെർട്ടിക്കൽ ചാർലി അഭ്യാസം കാണികളെ വിസ്മയിപ്പിച്ചു.

കഴിഞ്ഞ വർഷം മേയിൽ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ ഒൻപത് കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ നൂർ ഖാൻ, സർഗോധ, ജാക്കോബാബാദ് തുടങ്ങിയ പ്രധാന പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ചു. നാല് ദിവസം നീണ്ട ഈ സൈനിക നീക്കത്തിൽ ഇന്ത്യയുടെ വിമാനങ്ങൾ തകർന്നു എന്നായിരുന്നു പാകിസ്ഥാന്റെ വാദം. BS-022 റാഫേൽ വിമാനം വീണ്ടും പറന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് സുരക്ഷിതമാണെന്നും പാക് അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരിക്കൽ കൂടി തെളിഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സിയിലെ വിദ്യാര്‍ത്ഥിനിയായ ആദിത്യ (16) ആണ് മരിച്ചത്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെങ്കില്‍ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തില്‍ വരും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കിണര്‍ നിര്‍മാണ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്.