കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ (106 ഒഴിവ്), കണ്ടക്ടര്‍ (121 ഒഴിവ്) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത: ഡ്രൈവര്‍ കം കണ്ടക്ടര്‍ – പത്താം ക്ലാസ്/തതുല്യം, ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. കണ്ടക്ടര്‍ – പ്ലസ്ടു/ തതുല്യം. കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. പ്രായപരിധി: 25 -50 വയസ്. വേതനനിരക്ക്: ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍) 715 രൂപ. വനിതകളെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 11 നകം ഹാജരാകണം. ഫോണ്‍: 0474 2746789.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ് ജീവനൊടുക്കി
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്. അശോക് നഗർ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്.
കൊട്ടാരക്കര നഴ്‌സിംഗ് കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍
കൊട്ടാരക്കര ഇ ടി സിയിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സി പാസ് നഴ്‌സിംഗ് കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ലാമ്പ് ലൈറ്റിങ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് കോളജിന് കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ പണം അനുവദിച്ചിരുന്നു. ഇ ടി സിയിലെ മൂന്നര ഏക്കറില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞാല്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും.
കേരളത്തിന്റെ എല്ലാ മേഖലകള്‍ക്കും ഗുണകരമാകുന്ന ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റോഡപകടത്തില്‍പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസങ്ങള്‍ സൗജന്യചികിത്സ നല്‍കുന്നതിലൂടെ അപകടമരണങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വയോജനങ്ങളില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസും അതിനുമുകളിലുള്ളവര്‍ക്കുമായി ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ 50 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി ആയിരം കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ജനങ്ങളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ ആര്‍. എസ്. സപ്തമി അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിനല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് കെ വി സുജമോള്‍, വൈസ് പ്രിന്‍സിപ്പല്‍ കെ ജിനുജോണ്‍, സിപാസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി പട വടക്ക് കോട്ടവാതുക്കൽ തറയിൽ എൻ അജികുമാർ നിര്യാതനായി
കരുനാഗപ്പള്ളി. പട വടക്ക് കോട്ടവാതുക്കൽ തറയിൽ എൻ. അജികുമാർ ( കെ.എസ്.ആർ.റ്റി.സി, 55) നിര്യാതനായി. ഠൗൺ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം മുൻ ജോയിന്റ് സെക്രട്ടറി, കൊല്ലം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി, കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉപദേശക സമിതി മുൻ അംഗം. ടെലിഫിലിം സീരിയൽ അഭിനേതാവ് (ഗുരുദേവൻ ഫെയിം) എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സജിത. ബി. നായർ (ലൈബ്രേറിയൻ,സി. എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി)
മകൾ:പൂർണിമ (വിദ്യാർത്ഥിനി, പോളിടെക്‌നിക് കായംകുളം)
സഞ്ചയനം : 04/02/26 ബുധൻ 8 മണി
കൊല്ലത്ത് കൂടുതൽ മെമു റേക്കുകൾക്കായി ആവശ്യമുയരുന്നു
തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നിലവിലുള്ള മെമു ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തണമെങ്കിൽ കൂടുതൽ റേക്കുകൾ ആവശ്യമാണ്.
കൊല്ലം-എറണാകുളം റൂട്ടിൽ മെ യിന്റൻസ് ആവശ്യത്തിനായി ഒട്ടുമിക്ക മെമു ട്രെയിനുകളും ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്താറില്ല. 66307/08 എറണാകുളം -കൊല്ലം-എറണാകുളം മെമു ട്രെയിൻ ബുധനാഴ്ചയാണ് മുടക്കം.രാവിലെ 9.30 ഓടെ കൊല്ലത്തെത്തുന്ന ഈ ട്രെയിനിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും വിദ്യാർഥികളും ഇതുമൂലം ബുധനാഴ്ച ദിവസം വല്ലാതെ ബുദ്ധിമുട്ടുകയാണ്.
വേണാട് എക്സ്പ്രസിലെ വൻ തിരക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കൊല്ലം-എറണാകുളം 06169/70 മെമുവാകട്ടെ ശനിയും ഞായറും ഓടുന്നില്ല. 56301/02 കൊല്ലം-ആലപ്പുഴ മെമു ഞായറും 66303/04 എറണാകുളം-കൊല്ലം മെമു തിങ്കളും സർവീസ് ഇല്ല. രാത്രിയിൽ ഓടുന്ന 66309/10 കൊല്ലം-എറണാകുളം മെമു വടക്കോട്ട് ചൊവ്വയും തിരിച്ച് ബുധനുമാണ് മുടക്കം.66305/06കൊല്ലം-കന്യാകുമാരി മെമു വെള്ളിയാഴ്ചയും ഓടുന്നില്ല.

ഓരോ ട്രെയിനും ഏതൊക്കെ ദിവസം മുടക്കമെന്ന് അറിഞ്ഞ് സാധാരണ ജനങ്ങൾ യാത്ര ക്ര മീകരിക്കാൻ പ്രയാസപ്പെടുകയാണ്.പലരും സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ എത്തുമ്പോഴാണ് ആ ദിവസം ട്രെയിൻ ഇല്ലെന്ന കാര്യം അറിയുന്നത്.
ഈ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപെട്ട് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ്, വിഷയം പരിഗണിക്കണമെങ്കിൽ കൂടുതൽ റേക്ക് ആവശ്യമുള്ള കാര്യം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചത്.
കൂടുതൽ മെമു റേക്കുകൾക്ക് വേണ്ടി സോണൽ, ബോർഡ് തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അവ ലഭ്യമാകുന്ന മുറയ്ക്ക് 66307/08 മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ പ്രതിദിന സർവീസായി ഓടുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.
കൊല്ലം മെമുഷെഡ്ഢിന്റെ വിപുലീകരണം വേഗത്തിൽ പൂർത്തിയാകുന്നതോടെ, ഈ ആവശ്യം നടപ്പാകുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാല കൃഷ്ണനും സെക്രട്ടറി ആർ. അശോകനും പറഞ്ഞു.
ഡി. ശിവപ്രസാദ്, പി. വിനോദ്, കെ. റ്റി.ശാന്തകുമാർ, എ. കെ. സഹജൻ, പാലവിളയിൽ പ്രസന്നകുമാർ,കെ. മഹേന്ദ്രൻ, എൻ. അംബുജാക്ഷപണിക്കർ, എസ്. സോമരാജൻ എന്നിവർ സംസാരിച്ചു.
കിംഗ് ഈസ് ബാക്ക്…. ആശങ്കയ്ക്ക് വിരാമം; കോലി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി
ആരാധകരുടെ ആശങ്കകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ട് അപ്രത്യക്ഷമായത്.
274 മില്യണ്‍ ഫോളോവേഴ്സുള്ള @virat.kohli എന്ന പ്രൊഫൈല്‍ സെര്‍ച്ച് ചെയ്തവര്‍ക്കെല്ലാം ‘പേജ് ലഭ്യമല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ താരം അക്കൗണ്ട് സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ അതോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു. വിരാടിന് പിന്നാലെ സഹോദരന്‍ വികാസ് കോഹ്ലിയുടെ അക്കൗണ്ടും സമാനമായ രീതിയില്‍ കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിച്ചു.
വിവരമറിയാന്‍ ആരാധകര്‍ അനുഷ്‌ക ശര്‍മ്മയുടെ അക്കൗണ്ടിലേക്ക് പ്രവാഹമായെത്തിയെങ്കിലും അവിടെ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ലണ്ടനില്‍ വിശ്രമത്തിലാണ് താരം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴുണ്ടായ ഈ അപ്രതീക്ഷിത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതോടെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.
എലത്തൂര്‍ കൊലപാതകം; പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു.
മറ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കൈകൊണ്ട് മുഖത്തും ശരീരത്തിലും മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനുശേഷമാണ് യുവതിക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വൈശാഖന്റെ മൊഴി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ്, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഭാര്യയെ വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വൈശാഖന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തു; വനിതാ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ സസ്പെന്‍ഷന്‍
തിരുവനന്തപുരം: ബാറില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.
പോലീസ് സ്റ്റേഷനില്‍വച്ച് പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം; പ്രതി പിടിയില്‍
തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ കഴുത്തിന് കത്തികൊണ്ട് കുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി മുഹമ്മദ് ഖാനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും സംസാരിക്കവേയാണ് സംഭവം. പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലമായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഇരുവരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബാഗില്‍ നിന്ന് പ്രതി കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പോലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്പ്പെടുത്തി. അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപകടം ഉണ്ടാകുമ്പോള്‍ ഇരുചക്ര വാഹനത്തിനു പിന്നില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടെങ്കില്‍ എന്താണ് പ്രശ്നം, തെളിച്ചം നല്‍കി ഹൈക്കോടതി
കൊച്ചി: അപകടം ഉണ്ടാകുമ്പോള്‍ ഇരുചക്ര വാഹനത്തിനു പിന്നില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകൂ. എന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
അപകടം ഉണ്ടാകുമ്പോള്‍ തൃശ്ശൂര്‍ എംഎസിടിയുടെ ഉത്തരവനെതിരേ തൃശ്ശൂര്‍ സ്വദേശി ബിനീഷ് ണ് ഹൈക്കോടതിയില്‍ എത്തിയത്. 2011-ല്‍ ഹര്‍ജിക്കാരന്‍ ബൈക്കി പിന്നില്‍ രണ്ടുപേരുമായി പോക എതിരേ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. എന്നാല്‍ പിന്നില്‍ രണ്ടുപേരുമായി യാത്ര ചെയ്തതില്‍ ഹര്‍ജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ ഇന്‍ഷുറന്‍സ് തുകയില്‍ കുറവുവരുത്തിയത്.





































