Home Blog Page 1077

കെ- റെയിലിന് ചുവപ്പ് കൊടി , പ്രായോഗികമല്ല; പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി : കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. ആർആർടിഎസ് – ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, ഇ ശ്രീധരൻ നൽകി അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം.

സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരി​ഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം കേന്ദ്രസർക്കാറിന് പിന്തുണ നൽകണം. ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. സർക്കാർ സഹകരണം വളരെ കുറവാണ്. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇടത് അംഗങ്ങൾ ബഹളം വെച്ചു പ്രതിഷേധിച്ച്. കേന്ദ്ര സർക്കാരിനെ മാത്രം

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇടത് അംഗങ്ങൾ ബഹളം വെച്ചു പ്രതിഷേധിച്ച്. കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് അധ്യക്ഷൻ നിർദേശിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ട്രെയിനുകൾ നിർത്താതെ പോകുന്നുവെന്നും രാജധാനി അടക്കം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമോയെന്നും ഹാരിസ് ബീരാൻ എംപി ചോദിച്ചു. 90 ട്രെയിനുകൾ സ്റ്റേഷനിൽ നി‍ർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പരി​ഗണിക്കുമെന്നും മന്ത്രി മറുപടി നൽകി. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുണ്ടാ പിരിവ് നല്‍കിയില്ല… സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

പത്തംനതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് ഞെട്ടിക്കുന്ന ക്രൂരത.

ഫ്രെബുവരി ഒന്നാം തീയതിയാണ് ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ അടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ ആറ് പ്രതികളുണ്ട്. സുബിനും സംഘവും യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുറച്ചുദിവസങ്ങളായി സുബിനും കൂട്ടരും സ്പാ കേന്ദ്രത്തിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. അൻപതിനായിരം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു.

തുടർന്ന് ഒന്നാം തീയതി സ്ഥാപനത്തിലേക്ക് സുബിനും സംഘവും സ്പായിലേക്ക് ഇരച്ചുകയറി വരികയും ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചു. ശേഷം സ്പായിലുണ്ടായിരുന്നു 25,000 രൂപയുമായാണ് പ്രതികൾ സ്ഥലംവിട്ടത്.

തിരുവല്ല മേഖലയിലെ പല ഉന്നതരുമായും സുബിന് ബന്ധമുണ്ട്.   അതിനാൽ തന്നെ ആദ്യഘട്ടത്തിൽ യുവതി പേടിച്ച് പരാതി നൽകിയിരുന്നില്ല.  കുറ്റപ്പുഴയിലെ വീട്ടിൽ നിന്ന് ആണ് പ്രതിയെ പിടികൂടിയത്.

കേരളത്തില്‍ എയിംസ് ,കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാപഠനം നടത്താനാണ് നിര്‍ദേശം. സ്ഥലം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഏകോപിപ്പിച്ചുകൊണ്ടു വേണം പഠനം നടത്തേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരി 25-നകം രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

കാസര്‍കോട് ജില്ലയില്‍ 25,000 ഏക്കറോളം റവന്യൂ ഭൂമി ലഭ്യമാണെന്നും അവിടെ എയിംസ് അനുവദിക്കണമെന്നുമാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. എയിംസിനായി സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ മധ്യമേഖല ജാഥ ഇന്ന് തുടങ്ങും; ജോസ് കെ. മാണി പത്തനംതിട്ടയില്‍ നിന്നും ജാഥ നയിക്കും

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ ഇന്ന് പത്തനംതിട്ടയില്‍ നിന്നും പ്രയാണം ആരംഭിക്കും.

കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥാ ക്യാപ്റ്റൻ.

പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച്‌ ഇന്ന് രാവിലെ ജാഥയുടെ ഉദ്ഘാടനം നടക്കും. പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലൂടെയാണ് ഈ വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. എല്‍.ഡി.എഫ് സർക്കാരിന്റെ വികസന – ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുകയും, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയുമാണ് ജാഥയുടെ പ്രധാന ലക്ഷ്യം.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, സിപിഎം നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ബിജു, സിപിഐ നേതാവ് പി.പി. സുനീർ തുടങ്ങിയ പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ ജാഥയില്‍ ഉടനീളം പങ്കെടുക്കും.

ഫെബ്രുവരി ആറിന് ആരംഭിച്ച്‌ ഫെബ്രുവരി 13ന് ആറന്മുളയിലാണ് മധ്യമേഖലാ ജാഥ സമാപിക്കുന്നത്. ഇന്ന് പത്തനംതിട്ടയിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ മുന്നോട്ട് നീങ്ങും. നാളെ ചങ്ങനാശേരിയിലും തിരുനക്കരയിലും ജാഥയ്ക്ക് വൻ സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജോസ് കെ. മാണി മുന്നണി മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം നേരിട്ട് ജാഥാ ക്യാപ്റ്റനായി രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ഐക്യം ഉറപ്പിക്കാനും മധ്യകേരളത്തില്‍ സ്വാധീനം വർധിപ്പിക്കാനും ഈ യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.

അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്, എം വി ഗോവിന്ദന്‍

കല്‍പ്പറ്റ: അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട്, അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

ഞങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ഏതെങ്കിലും അവാര്‍ഡോ, സമ്മാനമോ വാങ്ങാനല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ അവാര്‍ഡ് സ്വീകരിക്കാനാവില്ല എന്ന് ആദ്യം തന്നെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ വിഎസിന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. വിഎസിന് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. അതുകൊണ്ടു തന്നെ വി എസിനോട് ചോദിക്കാന്‍ സാധിക്കില്ല. കുടുംബത്തോടൊട്ടു ചോദിച്ചിട്ടുമില്ല.’

‘സ്വാഭാവികമായും ഇങ്ങനെയൊരു ബഹുമതി പ്രഖ്യാപിച്ചപ്പോള്‍, ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നാണ് കുടുംബം പറഞ്ഞത്. ഞങ്ങള്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചില്ല. കുടുംബത്തിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കു ചേരുന്നു എന്നു പാര്‍ട്ടി പറഞ്ഞു. കുടുംബം വളരെ ആലോചിച്ചു സന്തോഷം ഉണ്ടെന്ന് രേഖപ്പെടുത്തി. എന്നാല്‍ പുരസ്‌കാരം വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അവര്‍ ആലോചിച്ച്, അവരുടെ തീരുമാനത്തിന് വിടാം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അതാണ് കാര്യം.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.

പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാരോപിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു.


സംഭവത്തിൽ അധ്യാപികയെ അന്യായമായി തടഞ്ഞുവെച്ചതിന് സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സംഭവത്തിൽ ശക്തമായ നിലപാടുമായി രംഗത്തെത്തി. കേരളത്തിന്റെ സംസ്കാരം വസ്ത്രവുമായി ബന്ധപ്പെട്ടതല്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.


പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തുന്ന രീതിയിലാണ് പെരുമാറ്റമുണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു.

മറ്റൊരു പോത്തിന്റെ കൊമ്പിൽ കുടുങ്ങിയ കുട്ടി പോത്തിനെ അഗ്നി രക്ഷാ സേനാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി

കണ്ണൂർ: മറ്റൊരു പോത്തിന്റെ കൊമ്പിൽ കുടുങ്ങിയ കുട്ടി പോത്തിനെ കണ്ണൂർ അഗ്നി രക്ഷാ സേനാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ കണ്ണൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. വലിയ പോത്തിന്റെ വളഞ്ഞ കൊമ്പിനിടയിൽ കുട്ടി പോത്തിന്റെ കഴുത്ത് കുടുങ്ങുകയായിരുന്നു.


അഗ്നി രക്ഷാ സേനാംഗങ്ങൾ ചേർന്ന് കൊമ്പിന്റെ ചെറിയൊരു ഭാഗം മുറിച്ചു കളഞ്ഞതിനുശേഷം ആണ് കുട്ടി പോത്തിനെ രക്ഷപ്പെടുത്തിയത്. കണ്ണൂർ യൂണിറ്റിലെ കെ പി നസീർ, വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, സുകേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല, കൊലപാതകം

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌കയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇവർ അണിഞ്ഞ ചുരിദാറിൻ്റെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതെന്നു തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും.

കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50) യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇവരെ ലോഡ്ജില്‍ എത്തിച്ചു കൊല ചെയ്ത ശേഷം ആൺ സുഹൃത്തും അയല്‍ക്കാരനുമായ അയ്യോത്ത് കടേല്‍പറമ്പില്‍ വീട്ടില്‍ കെപി വിജയന്‍(47) മാട്ടൂല്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.

സീമയുടെ സ്വര്‍ണാഭരണങ്ങള്‍ വിജയന്‍ പണയം വെച്ചിരുന്നുവത്രേ. അത് എടുത്തു തരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം. ഇരുവരും അയൽവാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭർത്താവ് രണ്ട് വർഷം മുൻപ് മരിച്ച സീമയ്ക്ക് രണ്ട് മക്കളുണ്ട്. വിജയനും ഭാര്യയും മക്കളുമുണ്ട്.

ഡെൽഹി ആർ കെ പുരത്ത് ഗുണ്ടകളും പോലീസും ഏറ്റുമുട്ടി

ന്യൂ ഡെൽഹി :ആർ കെ പുരത്ത് പോലീസിന് നേരെ വെടിയുതിർത്ത ഗുണ്ടകളെ അതിസാഹസികമായി പിടികൂടി ഡെൽഹി പോലീസ്.ഇന്ന് പുലർച്ചെ 3.30തോടെയായിരുന്നു സംഭവം.പോലീസുകാർക്ക് നേരെ ആറ് റൗണ്ട് വെടിയുതിർത്ത ഗുണ്ടകളെ തിരികെ നാല് റൗണ്ട് വെടിയുതിർത്താണ് പോലീസ് പിടികൂടിയത്.ഇവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

പോരുവഴി കുറുമ്പുകര കടുവുങ്കൽ ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴ കൃഷി പൂർണമായും നശിച്ചു

ശാസ്താംകോട്ട:പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം കുറുമ്പുകര ക്ഷേത്രത്തിനു സമീപം
കടുവുങ്കൽ ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴ കൃഷി പൂർണമായും നശിച്ചു.അമ്പലത്തുംഭാഗം സുജിത്ത് ഭവനിൽ സുരേന്ദ്രൻ്റെ കൃഷിയിടത്തിലാണ് ഇന്നലെ രാത്രിയിൽ കാട്ടുപന്നികൾ വാഴ കൃഷി നശിപ്പിച്ചത്.

അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന സുരേന്ദ്രൻ പരസഹായത്തോടെയും ബാങ്ക് വായ്പയെടുത്തും ചെയ്ത കൃഷിയാണ് നശിച്ചത്.അതിനിടെ പോരുവഴി പഞ്ചായത്തിലെ ഏലാകളിൽ കാട്ടുപന്നി ശല്യം മൂലം കൃഷി നാശം വ്യാപകമായിട്ടും ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന പരാതി ശക്തമാണ്