Home Blog Page 1078

ഇടിച്ച കാര്‍ ഓടിച്ചത് സിനിമാ നടന്‍ മണിയന്‍പിള്ള രാജുതന്നെ,നിര്‍ത്താഞ്ഞത് ഇക്കാരണത്താല്‍

തിരുവനന്തപുരം. സിനിമാ നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ചാണ് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമായി. പൊലീസ് കൃത്യമായി തെളിവുകളുമായി അന്വേഷിച്ച് എത്തിയതോടെ നടന്‍ തെറ്റ് സമ്മതിച്ചു. മദ്യപിച്ചിരുന്നോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വേണ്ടത്. തിരുവനന്തപുരം വഴുതയ്ക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. നിവേദിന്റെ കാല്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിനും സാരമായ പരിക്കുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയതോടെ അന്വേഷണം ശക്തമായി. സുധീര്‍ കുമാര്‍ രാജുവിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍.നടന്‍റെ യഥാര്‍ഥ പേരിതാണ്. വാഹനം ഓടിച്ചിരുന്നത് നടന്‍ തന്നെയാണെ സൂചനയില്‍ പൊലീസ് രാത്രി തന്നെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സുബ്രഹ്മണ്യം ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നടന്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

താന്‍ തന്നെയാണ് കാര്‍ഓടിച്ചിരുന്നതെന്നും ഭയം കൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും നടന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട് എംപി എം.കെ രാഘവന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇളവ് ലഭിക്കുക.

കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലും എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തിലുമാണ് മത്സരിക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയുമായി നേരിട്ടാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.മൂന്ന് എംപിമാര്‍ മത്സരിക്കുമ്പോള്‍ ഇവര്‍ക്ക് പകരം ആര് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നതിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എംപിമാര്‍ മത്സരിക്കുമ്പോള്‍ പകരം ലോക്‌സഭ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ പോന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്ന വെല്ലുവിളി കൂടി പരിഗണിക്കുന്നതാണ് മറ്റ് ചില എംപിമാരുടെ നിയമസഭാ മോഹത്തിന് തിരിച്ചടിയായത്.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് യോഗത്തില്‍ ധാരണയായിരുന്നു.എന്നാല്‍ നിലനില്‍പ്പിന്റെ പോരാട്ടമായി കാണുന്നതും സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടിവരുമെന്നും അത് മറ്റ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഗുണം ചെയ്യുമെന്നുമാണ് കനഗോലുവിന്റെ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് കേരളത്തില്‍ ചിലര്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധിയും എത്തിയത് എന്നാണ് വിവരം.

വിഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ക്ക് ഇന്ന് തുടക്കം…

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം. പുതുയുഗയാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടി കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലിന് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ച് ഏഴിന് യാത്ര സമാപിക്കും.

വി ഡി സതീശനോടൊപ്പം യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രമുഖ സംസ്ഥാന നേതാക്കളും യാത്രയിലുടനീളം പങ്കാളികളാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുക. അണികളെ സജ്ജമാക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം. രാഷ്ട്രീയ റാലികളില്‍ നിന്നും വ്യത്യസ്തമായി, സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് ഇത്തവണ പുതുയുഗയാത്ര സ്വീകരിച്ചിരിക്കുന്നത്. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്ചകളും പര്യടനത്തിന്റെ ഭാഗമായി നടക്കും..

നാനാതുറകളിലുള്ളവരുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ഈ പര്യടനം വിഭാവനം ചെയ്തിരിക്കുന്നത്.കേരളത്തിന്റെ ഭാവി വികസന രേഖ വരച്ചുകാട്ടുന്ന ചരിത്രപരമായ യാത്രയായിരിക്കും ഇതെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. ഇതിനൊപ്പം സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാനും നേതൃത്വം പദ്ധതിയിടുന്നു. യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്ന ബദല്‍ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനും യാത്ര ഉപയോഗിക്കും.

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. വയനാട് എരുമത്തെരുവില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. സജീറിന്റെതായി ഒരു വീഡിയോ പുറത്തു വന്നിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും, തനിക്കു ധാരാളം പണം ലഭിക്കാനുണ്ടെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

സിനിമാ താരത്തിന്റ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്ക്… വാഹനം നിർത്താതെ പോയി

തിരുവനന്തപുരം: സിനിമാ താരത്തിന്റ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. തിരുവനന്തപുരം വഴുതയ്ക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. നിവേദിന്റെ കാല്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിനും സാരമായ പരിക്കുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. സുധീര്‍ കുമാര്‍ രാജുവിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍. വാഹനം ഓടിച്ചിരുന്നത് നടന്‍ തന്നെയാണെന്നാണ് സൂചന. സുബ്രഹ്മണ്യം ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നടന്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൊല്ലക വേലിയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള നിര്യാതനായി

കരുനാഗപ്പള്ളി :വിരമിച്ച പൊതുമരാമത് ജീവനക്കാരൻ കൊല്ലക വേലിയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള( 92)നിര്യാതനായി.

വടക്കുംതല പനയന്നാര്‍കാവ് ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായും കൊല്ലക പുത്തേത് ശ്രീ ദേവി വിലാസം എൻ. എസ്. എസ് കരയോഗം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ :ജി. ശങ്കരി അമ്മ. മക്കൾ : എസ്.ലളിതമ്മ,കെ. ജി. രാജൻ പിള്ള,കെ. ജി. രാജേന്ദ്രൻ പിള്ള, എസ്. ലതികമ്മ, എസ്. ലതമോൾ. മരുമക്കൾ : രാജഗോപാല പിള്ള,രതീ ദേവി, ടി. ആർ. സിന്ധു,സുരേന്ദ്രൻ പിള്ള, വേണുനാഥൻ പിള്ള.

രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയില്‍. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്.
അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പൊലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മോഡലിങില്‍ തുടങ്ങി തമിഴ്, മലയാളം സിനിമകളിലും സീരിയലുകളിലും സജീവമായ നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ ‘വെള്ളിമലൈ’യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ജോജു ജോര്‍ജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും, ‘പ്രിയങ്കരി’ എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്  ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല, അവാര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന് കുടുംബം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്  ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. അവര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നു വ്യക്തമാക്കി വിഎസിന്റെ കുടുംബം രംഗത്തെത്തി. പിതാവിന്റെ നിലപാട് ഉയര്‍ത്തി പിടിക്കുമെന്നും ജനഹൃദയങ്ങളിലെ സ്ഥാനമാണ് അതിനേക്കാള്‍ വലുതെന്നും വിഎസിന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പരോക്ഷമായി മകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.

വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദി.

വള്ളിക്കാവില്‍ കോളജിന്‍റെ മൂന്നാംനിലയില്‍നിന്നും ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം,കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍

കരുനാഗപ്പള്ളി. വള്ളിക്കാവില്‍ കോളജിന്‍റെ മൂന്നാംനിലയില്‍നിന്നും ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം.കുട്ടിയെ ഗുരുതരനിലയില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വള്ളിക്കാവിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയില്‍ രാവിലെ ഒന്‍പതിനാണ് സംഭവം.പ്രാര്‍ഥന കഴിഞ്ഞ് ക്ളാസുകള്‍ തുടങ്ങുംനേരം ബിഎസ് സി ബയോടെക് വിദ്യാര്‍ഥിനി തേര്‍ഡ് ഫ്ളോറില്‍നിന്നും അങ്കണത്തിലേക്കു ചാടിയതായാണ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ആത്മഹത്യാശ്രമമാണെന്നുമാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മയ്യത്തുംകരയിൽ പാതയോരത്തേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി;പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

ശാസ്താംകോട്ട: ഉറൂസ് നടക്കുന്ന മയ്യത്തുംകര പള്ളിക്ക് സമീപം പാതയോരത്തേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി 5 പേർക്ക് പരിക്കേറ്റു.തമിഴ്നാട് സ്വദേശിനി രാജകുമാരി (45),ചക്കുവള്ളി
പോരുവഴി സ്വദേശികളായ അൽത്താഫ് (16),നഹീം(17),സിദ്ധിഖ് (52),ഇദ്ദേഹത്തിൻ്റെ ഭാര്യ സീനത്ത് (49) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ രാജകുമാരിയുടെ നില അതീവ ഗുരുതരമാണ്.ഇവരടക്കം 3 പേർ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നിസാര പരിക്കേറ്റ അൽത്താഫ്,നഹീം എന്നിവർ ആശുപത്രി വിട്ടു. വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്.ഭരണിക്കാവ് ഭാഗത്തു നിന്നും ചക്കുവള്ളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ദിശതെറ്റി കിഴക്ക് ഭാഗത്തെ താത്ക്കാലിക കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.ഇവിടെ കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകൾക്കും പ്രദേശവാസികൾക്കുമാണ് പരിക്കേറ്റത്.താത്ക്കാലിക സ്റ്റാളുകളിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങളും റോഡരികിൽ ഇരുന്ന സ്കൂട്ടറുകളും തകർന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.ശൂരനാട് പോലീസ് സ്ഥലത്ത് എത്തി വാഹനവും ഡ്രൈവറേയും സ്റ്റേഷനിലേക്ക് മാറ്റി.