Home Blog Page 1079

നാല് വർഷം കഴിഞ്ഞിട്ടും അംഗൻവാടിക്ക് കെട്ടിടം നൽകിയില്ല;വാഗ്ദാനം നല്‍കി വഞ്ചിച്ചതായി നാട്ടുകാർ

ശാസ്താംകോട്ട: അംഗൻവാടിക്ക് പുതിയ കെട്ടിടം നൽകാമെന്ന രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനം പാഴായി.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ പതിനാലാം നമ്പർ അംഗൻവാടിയിലെ കുട്ടികളാണ് വാഗ്ദാനത്തിൽ വഞ്ചിതരായത്.40 വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന അംഗൻവാടി കെട്ടിടം അൺഫിറ്റ് ‘ ആയതിനാലാണ് പുതിയ ഹെടെക്ക് അംഗനവാടി കെട്ടിടം പണിയുവാൻ ഫണ്ടിനായി നാട്ടുകാരും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളെ സമീപിച്ചത്.ഉടനടി ഫണ്ട് ലഭ്യമാക്കാമെന്ന ഉറപ്പിൽ പഴയ അംഗൻവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് അധികൃതർ പൊളിച്ച് കളയുകയും ചെയ്തു.എന്നാൽ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് നാല് വർഷം പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചിട്ടില്ല.ഇതോടെ മൂന്നാം വാർഡിലെ അംഗൻവാടിയുടെ പ്രവർത്തനം അരക്കിലോ മീറ്റർ ദൂരെയുള്ള ഒമ്പതാം വാർഡിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവിൽ അംഗൻവാടി നിന്ന സ്ഥലം കാട് മൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കയാണ്.വേനൽക്കാലത്തും സുലഭമായി ശുദ്ധജലം ലഭിച്ചു കൊണ്ടിരുന്ന കിണർ സംരക്ഷണമില്ലാതെ കാട് മൂടി നശിച്ച് കൊണ്ടിരിക്കുന്നു.ബാലവാടിയായി തുടങ്ങിയ അംഗൻവാടി വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ച് വന്നിരുന്നു.എന്നാൽ കെട്ടിടം പൊളിച്ച് മാറ്റിയതോടെ കുട്ടികളുടെ വരവും കുറഞ്ഞു.ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന് 4000 രൂപയാണ് പ്രതിമാസ വാടക.ഇതിൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഗ്രാമ പഞ്ചായത്തിന്റെ വകയും ചേർത്ത് ആകെ 2980 രൂപ ലഭിക്കും.ബാക്കി 1020 രൂപ ജീവിക്കാർ,തങ്ങൾക്ക് ലഭിക്കുന്ന തുഛമായ ശമ്പളത്തിൽ നിന്നുമാണ് നൽകുന്നത്.

ഫിസിക്സിൽ പിഎച്ച്ഡി നേടി

ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ പി.എച്ച്.ഡി നേടിയ ശ്രീരാംജയൻ.കുന്നത്തൂർ ഐവർകാല നടുവിൽ ജയമന്ദിരത്തിൽ (വട്ടവിള) ജയൻ്റെയും സിന്ധു ജയൻ്റെയും മകനാണ്

രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോണ്‍ഗ്രസില്‍,യഥാര്‍ഥ ലഫ്റ്റിസ്റ്റ് കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. തിരുവനന്തപുരത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ചാണ് വിനോദ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍ അംഗമാക്കിയത്.

വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിനോദും സുഹൃത്തുക്കളുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസാണ് കേരളത്തിലെ യഥാര്‍ഥ ലെഫ്റ്റിസ്റ്റ് എന്നും ഇപ്പോഴെങ്കിലും തുറന്നുപറച്ചില്‍ നടത്തിയില്ലായെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പാര്‍ട്ടി സഖാക്കള്‍ക്ക് ദോഷമാകും എന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഏഴാം വയസില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ്. ഇപ്പോള്‍ 50 വര്‍ഷമായി. ദുരനുഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും കുഞ്ഞികൃഷ്ണന്‍ സഖാവിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് തുറന്നുപറയാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ നിലപാടുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴെങ്കിലും തുറന്നുപറച്ചില്‍ നടത്തിയില്ലായെങ്കില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പാര്‍ട്ടി സഖാക്കള്‍ക്ക് ദോഷമാകും എന്ന് അറിഞ്ഞ് കൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സോഷ്യലിസവും എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസാണ് കേരളത്തിലെ ലെഫ്റ്റിസ്റ്റ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആവേശപൂര്‍വ്വമാണ് വന്നത്. ഇത് ഒരു തുടക്കമാണ്. കേരള റാലി കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ ചേരും. വഞ്ചിയൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും’- വിനോദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫണ്ട് തിരിമറിയില്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധവുമായി വിനോദ് രംഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് വിനോദ് ആരോപിച്ചു.

സിപിഎമ്മിന്റെ വഞ്ചിയൂര്‍ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കില്‍ 2008 ഏപ്രില്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ 2022ല്‍ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഫണ്ടില്‍ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികള്‍ നല്‍കിയതാണ് പാര്‍ട്ടി അംഗം കൂടിയായിരുന്ന സഹോദരന്റെ എതിര്‍പ്പിന് പ്രധാന കാരണം.

അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം,സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്

തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ  സര്‍ക്കാര്‍ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.

അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആവശ്യം സംഘടന ഉന്നയിക്കുന്നുണ്ട്. പുതുക്കിയ ശമ്പളം നൽകാൻ തയ്യറാണെന്ന് ചില സ്വകാര്യ ആശുപത്രികൾ സമ്മതം അറിയിച്ചിട്ടുണ്ട്.

പക്ഷെ,ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കണം എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകളുടെ ആവശ്യം. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അതിൽ പ്രതിഷേധിച്ചാണ് സമരമെന്നും യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.

സമര ദിവസം അത്യാഹിത വിഭാഗത്തിലും വാർഡിലും മുന്നിൽ ഒന്ന് നഴ്സുമാർ മാത്രമായിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാകുക. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യു എൻ എ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു ഇന്ത്യ ലോകത്തോടു മത്സരിക്കാൻ പൂർണമായും തയ്യാറാണ്,പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ നിരന്തരം ചെറുപ്പമാകുകയാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസം​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രം​ഗത്ത് വലിയ വികസനം കൈവരിച്ചു. എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരേ മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. യുവരാജാവിന് എന്തൊരു അഹങ്കാരമാണെന്നു മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രസം​ഗം തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മോദി, മോദി എന്നു വിളിച്ചാണ് ഭരണപക്ഷം പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വരവേറ്റത്. പിന്നാലെ പ്രസം​ഗം തുടങ്ങിയ മോദി പ്രതിപക്ഷത്തെ കണക്കറ്റു പരിഹസിച്ചു. ഖാർ​ഗെ ഇരുന്നു പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

‘പ്രതിഷേധിച്ച് തളർന്നവർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിനു ചോദ്യങ്ങളിൽ നിന്നു ഓടിയൊളിക്കാൻ ആകില്ല. രാജ്യത്ത് എല്ലാ മേഖലയിലും വൻ മുന്നേറ്റമാണ്. കായിക, ശാസ്ത്ര രം​ഗങ്ങളിൽ ആത്മവിശ്വാസം വർധിച്ചു. ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണ്. സമ്പദ് വ്യവസ്ഥ വളരുകയും പണപ്പെരുപ്പം കുറയുകയുമാണ്. എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുകയാണ്. ഈ വികസനത്തിനു പിന്നിൽ രാജ്യത്തിന്റെ നിശ്ചദാർഢ്യമാണ്.’

‘ഇന്ത്യ ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കി. ഇന്ത്യ- യുഎസ് കരാർ എല്ലാ വിഭാ​ഗം ജനങ്ങൾക്കും നേട്ടമാകും. ലോക വിപണിയാണ് ഇന്ത്യക്ക് മുന്നിൽ തുറക്കുന്നത്. ഇന്ത്യ ലോകത്തോടു മത്സരിക്കാൻ പൂർണമായും തയ്യാറാണ്. നേരത്തെയുള്ള ഭരണ കാലത്തെ പ്രതിച്ഛായ മോശമായിരുന്നു’- മോദി വ്യക്തമാക്കി.

കോൺ​ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. രാജ്യത്തെ ജനങ്ങളേയും രാഷ്ട്രപതിയേയും കോൺ​ഗ്രസ് അപമാനിക്കുന്നു. ​കോൺ​ഗ്രസിനു ഇപ്പോഴും സിഖ് വിരോധമുണ്ട്. ഇന്ത്യയുടെ വളർ‌ച്ചയ്ക്കു വേണ്ടിയല്ല കോൺ​ഗ്രസ് പ്രവർത്തിച്ചത്. മമത ബാനർജി നുഴഞ്ഞു കയറ്റക്കാർക്കായി ബം​ഗാളിൽ അദാലത്ത് നടത്തുകയാണെന്നും മോദി ആരോപിച്ചു.

മുൻ കരസേന മേധാവി ജനറൽ എംഎം നരവനയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ​ഗാന്ധിയെ അനുവദിക്കാത്തതതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെയാണ് പാസാക്കിയത്. പിന്നാലെയാണ് രാജ്യസഭയിലെ മോദിയുടെ മറുപടി പ്രസം​ഗം.

കഞ്ചാവ് കടത്ത്: ബംഗാള്‍ സ്വദേശിക്ക് കഠിനതടവും പിഴയും

കൊല്ലം: ജാര്‍ഖണ്ഡില്‍ നിന്ന് വില്‍പ്പനയ്ക്കായി 9.980 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശിയായ മോട്ടിയൂര്‍ ഷേക്കിനെ (45) ആണ് അഞ്ചു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനും വിധിച്ചത്.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ഉത്തരവായത്. 2026 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തി വരവേ പ്രതി ബാഗുമായി ഫ്ളൈ ഓവറിന്റെ മുകളില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 9 പൊതികളിലായി 9.980 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
പുനലൂര്‍ റെയില്‍ പോലീസ് എസ്എച്ച്ഒ ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയതും കേസ് അന്വേഷിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യുഷന്‍ നടപടികള്‍ എകോപിപ്പിച്ചത് സിപിഒ പ്രേംകുമാര്‍ ആയിരുന്നു.

സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ പട്ടികയിലാണ് ഇ.കെ.വിഭാഗം സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പ്രമുഖനായ ഉമര്‍ ഫൈസി മുക്കം ഇടം പിടിച്ചത്. അഡ്വ. എം.കെ. സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു.

പുതിയ വഖഫ് ബോര്‍ഡ് നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നിയമ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് പുതിയ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഒന്‍പത് പേരാണ് സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നിയമം പ്രകാരം ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മുസ്ലീങ്ങളല്ലാത്ത രണ്ടുപേരുടെ ഒഴിവ് നികത്തിയിട്ടില്ല.

സമസ്തയില്‍ ലീഗ് വിരുദ്ധ പക്ഷക്കാരന്‍ എന്ന ആരോപണം കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം നിഷേധിച്ചിരുന്നു. സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം. മുസ്ലിംകളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഒരു വിശ്വാസിക്ക് സഖാവാകാന്‍ കഴിയില്ല എന്നുമായിരുന്നു ഉമര്‍ഫൈസിയുടെ പ്രതികരണം. സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം പങ്കെടുത്ത വേദിയില്‍ ആയിരുന്നു പ്രതികരണം.

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. 1000 ചതുരശ്രമീറ്റര്‍ മുകളില്‍ വിസ്തീര്‍ണമുള്ള വീടുടമകള്‍, ഒരു ഏക്കറില്‍ അധികം വസ്തു സ്വന്തമായുള്ള ഭൂഉടമകള്‍, കാര്‍ പോലുള്ള 4 ചക്ര വാഹന ഉടമസ്ഥര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. മുന്‍ഗണനാ വിഭാഗത്തിലുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. നിലവിലുള്ള മുന്‍ഗണനേതര നീല, വെള്ള കാര്‍ഡ് ഉടമകളുടെ ലിസ്റ്റ് ഇനം തിരിച്ച് റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.

കെ എസ് ആർടിസി ആശുപത്രി തുടങ്ങും മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരെയും പാവപ്പെട്ട പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കെഎസ്‌ആർടിസി ആശുപത്രി ആരംഭിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്‌ആർടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുക.

ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും, നിംസ് ആശുപത്രിയില്‍ നിന്ന് നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന ഉറപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇതിലൂടെ വളരെ കുറഞ്ഞ ചെലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ 10 ബെഡുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റാണ് ഒരുക്കുന്നത്. 10 ഡയാലിസിസ് മെഷീനുകളും സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ചതിനാല്‍ ഒരേസമയം 10 പേർക്ക് ചികിത്സ നല്‍കാൻ സാധിക്കും. കൂടാതെ ആശുപത്രിയിലെ ഫാർമസിയിലൂടെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്‌ആർടിസി ജീവനക്കാരെ മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണ രോഗികളെയും പരിഗണിച്ചാണ് ആശുപത്രി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന്

വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കും. പ്രദേശിക തൊഴില്‍ അവസരങ്ങള്‍ക്കുള്ള അഭിമുഖങ്ങള്‍ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലുമാണ് നടത്തുക. പ്ലസ് ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രങ്ങള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍, www.knowledgemission.kerala.gov.in , DWMS പോര്‍ട്ടല്‍.