ന്യൂഡൽഹി: ഫ്ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ എൻഐഎയോട് നിർദേശിച്ചതായി എഫ്ഐആറിൽ പറയുന്നു.
വിമാനം റാഞ്ചാനോ തകർക്കാനോ ഉള്ള ശ്രമത്തിനിടെയാണ് സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതെന്ന് യാത്രക്കാർ റിപ്പോർട്ട് ചെയ്തതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തിലുള്ള മുറിവേറ്റിരുന്നു.
എൻഐഎ നിയമത്തിലെ ആറാം വകുപ്പിന്റെ ഉപവകുപ്പുകളായ അഞ്ച്, എട്ട്, എട്ടാം വകുപ്പ് എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താനാണ് കേന്ദ്രത്തിന്റെ നിർദേശം. ഇന്ത്യൻ പൈലറ്റിനെതിരായ ആക്രമണവും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണവും കണക്കിലെടുത്താണ് അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത്.
സൗദിയിൽ വിമാനം സുരക്ഷിതമായി ഇറക്കി
സെപ്റ്റംബർ 30ന് 174 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമാമിയാണ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
യാത്രക്കാരും വിമാനജീവനക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കി. തുടർന്ന് മറ്റ് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

























