Home Blog Page 1076

സകല മര്യാദകളും ലംഘിച്ച് ഡോണൾഡ് ട്രംപ്, ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വീഡിയോ; യുഎസിൽ പ്രതിഷേധം

വാഷിംഗ്ടൺ: മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെയും പ്രഥമ വനിത മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരു ചെറിയ വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്. ഈ ദൃശ്യം വരുമ്പോൾ ‘ദി ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന പാട്ടിന്‍റെ തുടക്കം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്. ഇത് വെറുമൊരു ഇന്‍റർനെറ്റ് മീം മാത്രമാണെന്നും ട്രംപിനെ കാട്ടിലെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്. പ്രതിഷേധം വെറും വ്യാജ രോഷം ആണെന്നും അവർ ആരോപിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ അങ്ങേയറ്റം അറപ്പുളവാക്കുന്ന പെരുമാറ്റം എന്ന് വിശേഷിപ്പിച്ചു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള പ്രമുഖരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻപും ബരാക് ഒബാമ അറസ്റ്റ് ചെയ്യപ്പെടുന്ന രീതിയിലുള്ള എഐ വീഡിയോകളും മറ്റ് ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ വീഡിയോ വംശീയതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; നിലയ്ക്കൽ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടിൽ നടപടി

പത്തനംതിട്ട: നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കൾ താത്കാലികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇ ഡി അന്വേഷണം തുടരുന്നതിനിടെയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടിയിലേക്കും കടന്നത്.

വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയതായി വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തിരിമറി നടത്തിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയൊരു തുക ഇത്തരത്തിൽ പ്രതികൾ സ്വന്തമാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് അന്വേഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി കേസ് ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.

ഡോക്ടർ വന്ദനാദാസ് കേസ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് വധകേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ  കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിനെ വിസ്തരിച്ചതോടുകൂടിയാണ് കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായത്.*

വന്ദനയെ കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതിനായി 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും ആണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയത്. സ്കൂൾ അധ്യാപകനായ പ്രതി സന്ദീപ്, 2023 മെയ് മാസം പത്താം തീയതി വെളുപ്പിനെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സമയം ആശുപത്രിയിലെ പ്രൊസീജിയർ റൂമിൽ ഉണ്ടായിരുന്ന കത്രിക കൈവശപ്പെടുത്തി എടുത്ത് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാരെയും ആംബുലൻസ് ഡ്രൈവറെയും പ്രതിയുടെ ഒപ്പം എത്തിയ രണ്ട് സമീപ സമീപവാസികളെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.*

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച പ്രതിയുടെ അടുത്ത ബന്ധു പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണ് എന്ന് കോടതിയിൽ മൊഴി കൊടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഫിൽട്ടർ വാട്ടർ ടാപ്പിൽ കഴുകിയതിനുശേഷം ഒളിപ്പിക്കാൻ ശ്രമിച്ചതും കേസിൽ പ്രതിക്ക് എതിരായിട്ടുള്ള സാഹചര്യമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.  കൂടാതെ പോലീസ് ഉദ്യോഗസ്ഥന്മാരെയും മറ്റും കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടിതന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെടുത്തത് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. കൂടാതെ വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും കൂടി പ്രതിയെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ പകർത്തപ്പെട്ടത് പോലീസ് പോലീസ് കണ്ടെടുത്തതും പ്രോസിക്യൂട്ടർ കോടതിയിൽ വിചാരണ മധ്യേ പ്രദർശിപ്പിച്ച് തെളിവിലേക്ക് ഹാജരാക്കിയിരുന്നു.*

കേസിൽ കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ  തിങ്കളാഴ്ച ആരംഭിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.

അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമില്ല…

ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. റിപ്പോ നിരക്ക് 5.25ശതമാനമായി തുടരും. അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല. കഴിഞ്ഞ ഡിസംബറിലെ യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു.

2025 ഫെബ്രുവരി മുതല്‍ 4 എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിര്‍ത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.


അതേസമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ എംപിസിക്ക് സ്വാതന്ത്ര്യം നല്‍കുന്ന ന്യൂട്രല്‍ സ്റ്റാന്‍സ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (മാര്‍ച്ച്-മെയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം 4% ആയി കണക്കാക്കുന്നു. നേരത്തെ ഇത് 3.9% ആയിരുന്നു. അതിനുശേഷമുള്ള പാദത്തില്‍ ഇത് 4.2% ആയിരിക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 2.1% ആയി കരുതുന്നു. നടപ്പ് പാദത്തില്‍ ഇത് 3.2% ആണ്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷയമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണ്’. ജോസ് കെ മാണി പറഞ്ഞു.

‘എന്തൊക്കെയായാലും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിച്ചോളൂ. എല്‍ഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ. എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ’ന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കുണ്ടറയിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.

കുണ്ടറ: എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.  കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കിരണിന്   ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് ടീം അംഗങ്ങളും കുണ്ടറ പോലീസും ചേർന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്, പടപ്പാക്കര ബിന്ദു ഭവനിൽ ബിബിൻ തോമസ് (20)  ഒരു  പ്ലസ് ടു വിദ്യാർത്ഥിയുമാണ് പ്രതികൾ. വില്പനയ്ക്കായി കൊണ്ടുവന്ന 22  ഗ്രാം MDMA യാണ് ഇവരിൽ നിന്നും പിടികൂടിയത്.

ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്, സ്വയം മുഖ്യമന്ത്രിയായുമായി, വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യ മേഖല ജാഥയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

അതിവേഗ റെയിൽ ആരംഭിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇ ശ്രീധരൻ പറയുന്നത്. അദ്ദേഹം ഓഫീസ് തുറന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാൻ ഇല്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ ഓഫീസ് മാത്രമല്ല, എംഎൽഎ ഓഫീസും തിരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ തുറന്നതാണ്. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു പോസിറ്റീവ് സമീപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിൽ, ആവശ്യമായ പദ്ധതിയാണ്. കേന്ദ്രത്തിൻ്റേത് വിചിത്രമായ നടപടികളാണ്. കെ-റെയിലിനെ ബിജെപിയും യുഡിഎഫും എതിർത്തു. കേന്ദ്രവും അതിനൊപ്പം നിന്നു. ഇതിനിടെയാണ് ശ്രീധരൻ പദ്ധതിയുമായി വന്നത്. ഏത് പദ്ധതി ആയാലും വന്നാൽ മതി എന്നതാണ് സംസ്ഥാന നിലപാട്. സംസ്ഥാനത്തിന് വേണ്ടത് അതിവേഗ റെയിൽ ആണ്.

കേന്ദ്രം ബജറ്റ് അവതരിപ്പിക്കുമ്പോൾ അതിൽ കേരളം ഇല്ലേ ഇല്ല. ആരോഗ്യ രംഗത്ത് എല്ലാവരും മികച്ചതാണെന്ന് സമ്മതിക്കുന്ന കേരളത്തിന് എയിംസ് ഇല്ല. കേരളത്തിന് ആവശ്യമുള്ളതൊന്നും കേന്ദ്രം നൽകുന്നില്ല. എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ കേന്ദ്രം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരെണ്ണം മാത്രം വേണമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെയാണ് കോഴിക്കോട് കിനാലൂരിൽ എയിംസിന് സ്ഥലം കണ്ടെത്തിയത്. ഇപ്പൊ കിട്ടും എന്ന് കരുതി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവാണ്‌ ജാഥാമാനേജർ. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി പി പി സുനീർ, ഇന്ത്യൻ സോഷ്യലിസ്റ്റ്‌ ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്‌, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ്‌ പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ്‌ ജോർജ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി മാത്യൂസ്‌ കോലഞ്ചേരി, കേരള കോൺഗ്രസ്‌ ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്‌, ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ്‌ തോമസ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്‌, കേരള കോൺഗ്രസ്‌ സ്കറിയ പ്രസിഡന്റ്‌ ബിനോയ്‌ ജോസഫ്‌ എന്നിവരാണ്‌ ജാഥാംഗങ്ങൾ.

നാളെ പകൽ 11ന്‌ അടൂരിൽ പര്യടനമാരംഭിക്കുന്ന ജാഥ മൂന്നിന് തിരുവല്ലയിലെ സ്വീകരണത്തിനുശേഷം കോട്ടയം ജില്ലാഅതിർത്തിയായ ചങ്ങനാശേരിയിലെത്തും. കോട്ടയം, ഇടുക്കി‍, എറണാകുളം ജില്ലകളിലെ പര്യടനത്തിനുശേഷം 14ന് വൈകിട്ട്‌ മറൈൻഡ്രൈവിൽ സമാപിക്കും.

ജനറൽ നരവനെയുടെ പുസ്തകത്തിന്റെ കവറുമായി സഭയിൽ പ്രതിപക്ഷം, രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭാ സ്തംഭനം തുടരുന്നു. ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതിനിടെ നെഹ്റു കുടുംബാംഗങ്ങൾക്കെതിരെയുളള പുസ്തകങ്ങളുടെ പ്രത്യേക ഗ്രന്ഥശാല തുടങ്ങുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ പ്രഖ്യാപിച്ചു.

ജനറൽ എംഎം നരവനെയുടെ പുസ്തകത്തിന്റെ കവർ ഉൾപ്പെടുത്തിയ പോസ്റ്ററുകളുമായാണ് ഇന്നും പ്രതിപക്ഷം ലോക്സഭയിലെത്തിയത്. കോൺ​ഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ പാർട്ടികളുടെ അം​ഗങ്ങളും പോസ്റ്റർ ഉയർത്തി. നരേന്ദർ സറണ്ടർ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി.

2020ല്‍ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നല്‍കിയില്ലെന്നും ‘ഉചിതമായത് ചെയ്യൂ’ രാജ്നാഥ്സിം​ഗ് എംഎം നരവനേയോട് പറഞ്ഞതായി ആരോപിക്കുന്ന വാചകവും പ്രതിപക്ഷം മുദ്രാവാക്യമായി ഉയർത്തി. ബഹളത്തിനിടെ സമാജ്വാദി പാർട്ടിയുടെ ഒരം​ഗം വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ഇരിപ്പിടത്തിൽ ശുപാർശയുമായി എത്തിയതിൽ സ്പീക്കർ ക്ഷുഭിതനായി. സഭ പ്രതിപക്ഷം തടസപ്പെടുത്തിയതിന്റെ കണക്കും സ്പീക്കർ ചൂണ്ടിക്കാട്ടി. ഒരു തവണ നിർത്തിവച്ച ശേഷം 12 മണിക്ക് ചേർന്ന സഭ ബഹളം കാരണം ഇന്നത്തേക്ക് പിരിഞ്ഞു

നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു

കാഠ്മണ്ഡു : നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. നേപ്പാളിലെ സുദൂർപാഷ്ചിം പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എട്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അഞ്ച് പേർ ദാദൽദുര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.


ബൈതാഡി ജില്ലയിലെ പുർചൗഡി മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് കുന്നിൻ പ്രദേശത്തുനിന്ന് 200 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യാത്രക്കാർ സമീപത്തുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബസിനുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു. കുന്നിൻ മുകളിലേക്ക് കയറുന്നതിനിടെ പ്രഷർ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളും നേപ്പാൾ പൊലീസും സായുധ പൊലീസ് സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നെന്നും മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു.

അണ്ടർ 19 ലോകകപ്പ് ഫൈനൽ: കത്തിക്കയറി വൈഭവ് സൂര്യവംശി

അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് മികവ്. 55 പന്തില്‍ സെ‍ഞ്ചറി തികച്ച താരം  അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 280 റണ്‍സെന്ന നിലയിലാണ്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19  ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്‍റെ പേരിലായി. ഓസ്ട്രേലിയയുടെ വില്‍ മലജ്സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ. 

ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്‍റെ കൂട്ട്കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ.