Home Blog Page 1075

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു

ബഹ്‌റൈന്‍: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം.

ബഹ്‌റൈനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ അഖില്‍ (36) ആണ് മരിച്ചത്. യാത്രാമധ്യേ വിമാനത്തില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമിക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ശനിയാഴ്ചമുതല്‍ സപ്താഹം നടക്കും

ശൂരനാട് വടക്ക്. കാഞ്ഞിരംകടവ് വില്ലാടസ്വാമിക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ശനിയാഴ്ചമുതല്‍ 13വരെ ഭാഗവത സപ്താഹം നടക്കും.

എന്‍എസ്എസ് കുന്നത്തൂര്‍ യൂണിയന്‍പ്രസിഡന്‌റ് വിആര്‍കെ ബാബു ഭദ്രദീപം കൊളുത്തും. 14 ന് പ്രദോഷവ്രതം, രാത്രി തിരുവാതിര ,15ന് രാവിലെ പൊങ്കാല,ആറിന് പൂമൂടല്‍,7.30ന് മഹാമൃത്യുഞ്ജയഹോമം, അഞ്ചിന് താലപ്പൊലി ഉമാമഹോശ്വരന്റെ എഴുന്നള്ളത്ത്,7.30ന് യാമപൂജ എന്നിവ നടക്കും

ഇരുവരേയും ഒരുമിച്ച് വിവാഹം കഴിക്കണം, വർഷങ്ങളായി ഇയാൾ പിറകെയുണ്ട്… പരാതിപ്പെട്ട് ആദില-നൂറ

ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടുപേരാണ് ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍സായ ഇരുവര്‍ക്കും ഷോയ്ക്ക് മുന്‍പ് പല നെഗറ്റീവുകളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും പോലെ അവരും മനുഷ്യരാണെന്ന തിരിച്ചറിവ് ഭൂരിഭാഗം പേര്‍ക്കും വന്നുവെന്നാണ് അടുത്തിടെ ആദിലയും നൂറയും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വളരെ ഗൗരവമേറിയൊരു കാര്യം പറയുകയാണ് ആദിലയും നൂറയും.


2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. രണ്ടുപേരേയും അയാള്‍ക്ക് കല്യാണം കഴിക്കണമെന്നാണ് പറയുന്നതും തങ്ങള്‍ പോകുന്നിടത്തെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ഇരുവരും പറഞ്ഞു. ശല്യം കൂടിയതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും ഇവര്‍ വ്യക്തമാക്കി.

“2024 നവംബർ മുതൽ ഒരാൾ ഞങ്ങൾക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു റസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക”, എന്നായിരുന്നു ആദി-നൂറയുടെ വാക്കുകള്‍.

കവി ഇഞ്ചക്കാട് ബാലചന്ദ്രന് ‘കാവ്യശ്രീ പുരസ്കാരം’ സമ്മാനിച്ചു

കുന്നത്തൂർ:പ്രശസ്ത കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന് ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ ‘കാവ്യശ്രീ പുരസ്കാരം’ സമ്മാനിച്ചു.കടമ്പനാട് വൈഎംസി ഹാളിൽ നടന്ന ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് പുരസ്കാരം നൽകി.സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ എം.ആർ ജയപ്രസാദ്,സുരേഷ് കുഴുവേലിൽ,സന്തോഷ് പവിത്രം,അടൂർ ജയപ്രകാശ്,ഷീജാ മുരളീധരൻ,മനോജ് മണ്ണടി,വിമലാ മധു,വിജയലക്ഷ്മി ഉണ്ണിത്താൻ,സരിജ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൻ്റെ ഭാഗമായി
നടന്ന ഗാന്ധി കവിയരങ്ങ് സദാശിവൻ പൂവത്തൂർ ഉത്ഘാടനം ചെയ്തു.നെടുമങ്ങാട് മോഹനചന്ദ്രൻ, ആശാ ജിജി,ശ്രീദേവി പുലിക്കുളം,ഡെറീന,ഹന്ന അനിൽ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കുഴുവേലി ,ഉഷാകുമാരി.എൽ,റെജി മാമൻ,ജോൺ സി.ശാമുവേൽ,സരളാ ലാൽ,സ്മിത എസ്.ആർ,സോമൻ കൊച്ചുവിള,സുമാ മാത്യു,സുമതി പ്രസന്നകുമാർ എന്നിവർക്ക് ആദരവും നൽകി.

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിത്തകർത്ത് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 311 റൺസിന് ടീം എറിഞ്ഞിട്ടു. ഇന്ത്യയുടെ ആറാം കിരീട നേട്ടമാണ്. സ്കോർ: ഇന്ത്യ 411/9. ഇംഗ്ലണ്ട് 311.


സെഞ്ചുറി നേടിയ കാലെബ് ഫാൽകോനറാണ് (66 പന്തിൽ 115 ) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. 19 റൺസ് എടുക്കുന്നതിനിടെ ജോസഫ് മൂർസിനെ (17) തുടക്കത്തിൽ തന്നെ ടീമിന് നഷ്ടമായി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ബെന്‍ ഡോകിങ്സ് (56 പന്തിൽ 66) പിന്നീടെത്തിയ ബെൻ മേയസിന്റെയും (45), ക്യാപ്റ്റൻ തോമസ് റൂന്റെയുമൊപ്പം (31) ടീം സ്കോർ ഉയർത്തി. സ്കോർ 174 എത്തി നിൽക്കെ ബെന്‍ ഡോകിങ്സ് വീണു. പിന്നീട് എത്തിയ റാൽഫി ആൽബെറ്റ് (0), ഫർഹാൻ അഹമ്മദ് (1), സെബാസ്റ്റ്യൻ മോർഗൻ (0) എന്നിവർ കൂടാരം കയറിയതോടെ 177/7 എന്ന നിലയിൽ ഇംഗ്ലണ്ട് ഒതുങ്ങി.


എന്നാൽ പീന്നീട് ഒന്നിച്ച കാലെബ് ഫാൽകോനറും ജെയിംസ് മിന്റോയും (28) പരുങ്ങലിലായ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 92 റൺസാണ് അടുച്ചത്.


സിംബാബ്‌വേയിലെ ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ മൈതാനത്ത്‌ നടന്ന മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയ വൈഭവാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 80 പന്തിൽ നിന്ന് 175 റൺസാണെടുത്തത്. 15 വീതം ഫോറും സിക്സും പറത്തി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെമിയിൽ തിളങ്ങിയ ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്.
പിന്നീട് ക്യാപ്റ്റൻ ആയുഷ് മാത്രെയുമായി ചേർന്ന് വൈഭവ് ഇംഗ്ലണ്ട് നിരയെ അടിച്ച് തകർക്കുകയായിരുന്നു. അർധസെഞ്ചുറി (51 പന്തിൽ 50) നേടിയതിന് പിന്നാലെ ആയുഷ് പുറത്തയി. ഇരുവരും ചേർന്ന് 90 പന്തുകളിൽ 142 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും (32) വൈഭവും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി. വൈഭവ് കത്തിക്കയറിയതോടെ ടീം സ്കോർ 25-ാം ഓവറിൽ 250 റൺസും കടന്നു. 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണ് വൈഭവ് വീണത്. പിന്നീട് ഇന്ത്യയുടെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു. അഭിഗ്യാൻ കുണ്ടു (40), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവർ കൂടി തിളങ്ങിയതോടെ സ്കോർ 400 പിന്നിട്ടു.

നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതിൽ സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിലെ മാനേജർ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അധ്യാപികയുടെ പരാതിയിൽ സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.


എന്നാൽ സെക്യൂരിറ്റിയെ മാത്രം പ്രതി ചേർത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജർക്കെതിരെയും കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ചതിനായിരുന്നു സെക്യൂരിറ്റിക്കെതിരെ കേസ്. സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. അധ്യാപികയുടെ പരാതിയിൽ വനിതാ കമ്മീഷനും കേസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിർദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറ‍ഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറ‍ഞ്ഞിരുന്നു.
തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാർ ധരിച്ച് സ്കൂളിലെത്തിയത്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തേജ്പുർ (അസം), ഗിരീഡിഹ് (ഝാർഖണ്ഡ്) എന്നിവിടങ്ങളിലാണ് നിയമനം.

തസ്തികകളും ഒഴിവും
അസോസിയേറ്റ് സയന്റിസ്റ്റ് -4, സെക്ഷൻ ഓഫീസർ (അക്കൗണ്ട്‌സ്/ജനറൽ)-13, സയന്റിഫിക് അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ് (ലൈബ്രറി) 6, എൻജിനിയറിങ് അസിസ്റ്റന്റ് (സിവിൽ)-1, ഫാർമസിസ്റ്റ്-1, അസിസ്റ്റന്റ് (ലബോറട്ടറി)-1, കാർപ്പെന്റർ-1, ഇലക്ട്രീഷ്യൻ-4, ഡ്രൈവർ -2, ബൈൻഡർ-1, ഓപ്പറേറ്റർ-കം- മെക്കാനിക് (ഓഡിയോവിഷ്വൽ)-1, അസിസ്റ്റന്റ് (പ്രിന്റിങ്/ലൈബ്രറി)-5, ഓപ്പറേറ്റർ-കം-മെക്കാനിക് (ലിഫ്റ്റ്)-1, കുക്ക് -2.

അപേക്ഷ
സ്പീഡ്/രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.isical.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22.

ശരീരത്തിലെ പോഷകക്കുറവുകളും അതിന്റെ ലക്ഷണങ്ങളും

ശരീരത്തിലെ പോഷകങ്ങളുടെ കുറവ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഈ സാധാരണ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മഗ്നീഷ്യം കുറവിൻ്റെ ലക്ഷണങ്ങൾ

പേശിവലിവ്, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, തലവേദനയും ദേഷ്യവും.

വിറ്റാമിൻ ബി12 കുറവിൻ്റെ ലക്ഷണങ്ങൾ

കൈകളിലും കാലുകളിലും തരിപ്പ്, ബലഹീനതയും തലകറക്കവും, ഓർമ്മക്കുറവ്, വിളർച്ച.

അയൺ കുറവിന്റെ ലക്ഷണങ്ങൾ

തുടർച്ചയായ ക്ഷീണവും ബലഹീനതയും, ചർമ്മം വിളറിയതായി കാണപ്പെടുക, ശ്വാസംമുട്ടൽ, തലവേദന അല്ലെങ്കിൽ തലകറക്കം.

വിറ്റാമിൻ ഡി കുറവിൻ്റെ ലക്ഷണങ്ങൾ

എല്ലുകളിലും സന്ധികളിലും വേദന, പേശികളുടെ ബലഹീനത, വിഷാദം അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ.

സിങ്ക് കുറവിൻ്റെ ലക്ഷണങ്ങൾ

രോഗപ്രതിരോധശേഷി കുറയുക, മുടി കൊഴിച്ചിൽ, മുറിവുകൾ ഉണങ്ങാൻ വൈകുന്നത്, രുചിയും മണവും കുറയുക.

ഒമേഗ-3 യുടെ കുറവ്

വരണ്ട ചർമ്മം, സന്ധികളിൽ വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ.

പ്രോട്ടീൻ കുറവിൻ്റെ ലക്ഷണങ്ങൾ

പേശികൾ ദുർബലമാകുക, അമിതമായ വിശപ്പ്, മുടിയും നഖങ്ങളും ദുർബലമാകുക, രോഗപ്രതിരോധശേഷി കുറയുക.

ശ്രദ്ധിക്കാം
ഭക്ഷണത്തിൽ പലതരം പയർവർഗ്ഗങ്ങൾ, അരി, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട തുടങ്ങിയവ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.

അടുത്ത വർഷം മുതൽ എൻപിആർ നടപ്പാക്കുമെന്ന അഭ്യൂഹം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ, ‘കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല’

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register -എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019-ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 20-12-2019 മുതൽ നിർത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുകയാണ് ഈ ഉത്തരവിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സർക്കാർ തന്നെയാണ് സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും. ഈ നിലപാടുകളുടെ തുടർച്ചയാണ് പുതിയ ഉത്തരവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഔദ്യോ​ഗിക വാഹനം അപകടകരമായി ഓടിച്ചു, മാന്നാർ സ്റ്റേഷനിലെ സിപിഒയെ സസ്പെൻഡ് ചെയ്തു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി

ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ പൊലീസ് ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച ഡ്രൈവ‍ർക്ക് സസ്പെൻഷൻ. മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ സ്വരാജിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി. കായംകുളം- ചെട്ടികുളങ്ങര റോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വാഹനം അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് വാഹനം റോഡരികിൽ നിർത്തിയിട്ടു. വാഹനത്തിനുള്ളിൽ ഛർദ്ദിച്ചതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മാന്നാ‍ർ എസ് എച്ച് ഓയോട് വിശദീകരണം തേടി. വകുപ്പ്തല അന്വേഷണവും നടന്നു. സ്വരാജ് മദ്യപിച്ചിരുന്നതായി ആരോപണം ഉയ‍ർന്നെങ്കിലും സംഭവദിവസം വൈദ്യപരിശോധന നടത്തിയിരുന്നില്ല. അപകടകരമായാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മാന്നാ‍ർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ സ്വരാജിനെ സസ്‌പെന്റ് ചെയ്തത്.