കൊച്ചി: സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട കേരള വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26 വരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ( ഫെബ്രുവരി 10 ) കേരള സര്‍വകലാശാല യൂണിയനെ വിസി മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു മോഹന്‍ കുന്നുമ്മലിന്റെ നടപടി.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആറുമായി ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ആറ് ജില്ലകളില്‍ ഹിയറിങ്ങ് നടപടികള്‍ 100 ശതമാനം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, പാലക്കാട് ജില്ലകളാണ് ഹിയറിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ജില്ലകള്‍ക്കൊപ്പം 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ്ങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തൃശ്ശൂര്‍ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂര്‍ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്. ഈ ജില്ലകളും തൊട്ടടുത്ത ദിവസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും.
ബിഎല്‍ഒമാര്‍, ബിഎല്‍എ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.
മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് തുടങ്ങുന്നു. ഒരു വർഷം മുമ്പ് 10 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള ബിസിനസ് ‘മിനിട്ട്സ്’ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങുന്നെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സൊമാറ്റോ, സ്വിഗ്ഗി ഓഹരികൾ വ്യാഴാഴ്ച മൂന്ന് ശതമാനത്തോളം ഇടിഞ്ഞു.
മേയ്-ജൂൺ മാസങ്ങളിൽ ബംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് തുടക്കം കുറിക്കാനാണ് ഫ്ലിപ്കാർട്ട് ആലോചിക്കുന്നത്. ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. രണ്ട് വർഷം മുമ്പ് ഫ്ലിപ്കാർട്ട് സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒ.എൻ.ഡി.സി) വഴി ഭക്ഷണ വിതരണത്തിൽ ഏർപ്പെടാനുള്ള പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതി യാഥാർഥ്യമായില്ല.
ഭാര്യയുടെ തുടർച്ചയായ മർദ്ദനത്തിനൊടുവിൽ സഹികെട്ട് ഭർത്താവ്, ഒളിക്യാമറ വച്ചു. തന്നെ ഭാര്യ മർദ്ദിക്കുന്ന കാര്യംപുറത്ത് പറഞ്ഞിട്ടും തന്നെ ആരും വിശ്വസിക്കില്ല, എന്നതിനെ തുടർന്ന് ഇയാൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം.
കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് നെഞ്ചിലും മുഖത്ത് ക്രൂരമായി മർദ്ദിക്കുന്നത് കാണാം. സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വളരെക്കാലമായി താൻ അനുഭവിച്ചുവരുന്ന ശാരീരികവും വൈകാരികവുമായ പീഡനങ്ങളിൽ മടുത്തപ്പോഴാണ് യുവാവ് വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പറയുന്നു. ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വിഡിയോ വൈറലായതോടെ, യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.
വാഷിങ്ടൺ ഡി സി: അമേരിക്കിലെ സിയാറ്റിലിൽ അമിതവേഗതയിലെത്തിയ പൊലീസ് ഓഫീസറുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 260 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്. 2023 ജനുവരി 23നാണ് സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാൻവി കണ്ടുല (23) എന്ന വിദ്യാർഥി വാഹനമിടിച്ച് മരിച്ചത്. മണിക്കൂറിൽ 74 മൈൽ (119 കി.മീ) വേഗതയിൽ വാഹനം ഓടിച്ച പൊലീസ് ഓഫീസർ ഓഫീസർ കെവിൻ ഡേവ് ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 100 അടി ദൂരത്തേക്ക് തെറിച്ചുപോയ ജാൻവി തൽക്ഷണം മരിച്ചു. സിയാറ്റിൽ നഗരസഭയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള സാംപിള്‍ ശേഖരണമാണ് എസ്‌ഐടി നടത്തുന്നത്. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താന്‍ സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കുന്നതിന്റെ സാധ്യത തേടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനായാണ് ഇന്ന് സാംപിള്‍ ശേഖരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്ത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.
ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി.
നിജാംബഷി, (യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന ട്രഷറര്‍)
ദേശീയ പാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ക്ക് നാളിതുവരെയും വിരാമമായില്ല. ഇതിന്റെ കാരണം ഉദ്ദേശം 50 വര്‍ഷത്തോളം പിന്നിടുകയാണ് എന്‍ എച്ച് 66 വികസനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, ഭൂമി ഏറ്റെടുക്കലും തടസ്സവാദങ്ങളും, കോടതി വ്യവഹാരങ്ങളും എല്ലാം പര്യവസാനിച്ചു എന്നു കരുതി നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ 2020 മുതല്‍ എന്‍.എച്ച് 66 പൂര്‍ണ്ണതയില്ലാത്ത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുകയും വാടകക്കാരായ വ്യാപാരികളെ നിഷ്‌ക്കരുണം കുടിയൊഴിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. ഈ സമയമെല്ലാം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന വിദഗ്ദ്ധ എഞ്ചിനീയറിംഗ് വിഭാഗവും ഉറക്കം നടിച്ചതിന്റെ പേരിലാണ് കേരളത്തിന്റെ ഭൂപ്രകൃതിയെ ഹനിച്ചുകൊണ്ട്, നഗരഹൃദയത്തെ കീറി മുറിച്ചുകൊണ്ട് പരമ്പരാഗത വ്യവസായത്തെയും ചെറുകിട ഇടത്തരം വ്യാപാര മേഖലയേയും ഉന്മൂലനം ചെയ്യുന്ന തരത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് മരണ മണ്‍മതില്‍ കെട്ടി വേര്‍തിരിച്ച് അശാസ്ത്രീയ ദേശീയപാത വികസിപ്പിക്കുന്നതാര്‍ക്കുവേണ്ടി?
കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഓച്ചിറ മുതല്‍ തെക്കേ അതിര്‍ത്തിയായ പാരിപ്പള്ളി, കടമ്പാട്ടുകോണം വരെയുളള എന്‍.എച്ച് 66 ന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന പുരാതനമായ ആരാധനാലയങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരുത്തുന്നതോടുകൂടി ഓരോ സമൂഹത്തിന്റെയും ആചാരാനുഷ്ടാനങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ഓച്ചിറയിലെ നാഷണല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം മൂലം സംജാതമാകുന്നത്.
അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന, അമൃതപുരി ആശ്രമവും, അമൃത എഞ്ചിനീയറിംഗ് കോളേജ്, ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലേക്കും പ്രദേശവാസികളുടേയും വാഹന സഞ്ചാര സ്വാതന്ത്ര്യത്തിനുമേല്‍ വടക്കേ ഇന്ത്യന്‍ സാമ്പത്തിക കുത്തകകളുടെ അധിനിവേശത്തിന്റെയും കേരളത്തോടുളള അവഗണനയുടേയും ഉദാഹരണമാണ് ഓച്ചിറയിലും. വവ്വാക്കാവിലും, കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിന്റെ മുന്‍വശത്തെയും മരണമണ്‍മതില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം. കരുനാഗപ്പള്ളി താലൂക്ക് ധര്‍മ്മാശൂപത്രിയില്‍ 300 ല്‍പ്പരം കിടപ്പുരോഗികളും, രണ്ടായിരത്തില്‍പ്പരം ഔട്ട് പേഷ്യന്റ്‌സും ചികിത്സയ്ക്കായി എത്തിച്ചേരുന്ന ആതുര ശുശ്രൂഷ സേവനരംഗത്തു തലയെടുപ്പോടൂകൂടി ഉയര്‍ന്നുവരുന്ന ഈ റഫറല്‍ കേന്ദ്രത്തിന്റെ മുന്നിലൂടെയുളള മരണ മണ്‍മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനെതിരെയുളള ജനകീയ പ്രക്ഷോഭത്തിന്റെ പ്രസക്തിയെപ്പറ്റി യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ എന്ന വ്യാപാരി സംഘടന 2021 നവംബര്‍ മാസം ഓച്ചിറ മുതല്‍ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ വാഹനപ്രചരണജാഥ നയിക്കുകയും ബോധവല്‍ക്കരണത്തിനായി കോര്‍ണര്‍ യോഗങ്ങളും നടത്തി മുന്നറിയിപ്പ് നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാകയാല്‍ തടസ്സങ്ങളെ അതിജീവിക്കുന്ന തരത്തില്‍ നിയമ വ്യവസ്ഥയിലെ പഴുതുകള്‍ അടച്ചുളള ദേശീയ പാത 66 വികസനമായതിനാല്‍ പൊതുസമൂഹം മടിച്ചു നിന്ന സമയത്താണ് ഏത് പ്രതിബന്ധങ്ങളേയും മറികടന്ന് മാനുഷിക മൂല്യങ്ങള്‍ക്കായി സഹനസമരങ്ങളുമായി മുന്നോട്ടുപോയാല്‍ ഏത് നിയമത്തെയും അതിജീവിക്കാം എന്ന് പൊതുസമൂഹത്തിന് കാണിച്ചുകൊടുത്തുകൊണ്ട് ആദ്യമായി മരണമണ്‍മതില്‍ കെട്ടി മറച്ച ദേശീയപാത ഒഴിവാക്കി ശാസ്ത്രീയമായ പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണം എന്ന ആവശ്യം ഉയര്‍ത്തിക്കാട്ടിയത് യു.എം.സിയാണ്.
യു.എം.സി വികസനത്തിനെതിരല്ല എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സമരരംഗത്ത് ഇറങ്ങിയത് ആര്‍ക്കും മറച്ചുവെയ്ക്കാന്‍ കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കുളള RFCTLARR Act 2013 Schedule II, 107, 108 എന്നീ വകുപ്പ് പ്രകാരമുളള നഷ്ടപരിഹാര പുനരധിവാസ പുനസ്ഥാപന പ്രക്രിയയ്ക്കായി കൂടുതല്‍ തുക അനുവദിച്ചുത്തരവാകണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ പാത 66 ന്റെ കൂടുതല്‍ വികസനത്തിനായി ബസ്‌വേകള്‍ക്കും പ്രകൃതി സൗഹൃദ ശുചിമുറി, വിശ്രമകേന്ദ്രം എന്നിവയ്ക്കായി ഇനിയും ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. അതോടൊപ്പം കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികള്‍ക്കായി ഭൂമി ഏറ്റെടുത്ത് വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് അവരെ പുനരധിവസിപ്പിക്കുന്നതോടൊപ്പം പില്ലര്‍ എലിവേറ്റഡ് ഹൈവേയുടെ അടിയില്‍ വാഹനപാര്‍ക്കിംഗ്, കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികള്‍ക്കായുളള ഷോപ്പുകള്‍ എന്നിവയ്ക്കായി ക്രമീകരിക്കുക ഇതിലൂടെ കൊല്ലം ജില്ലയിലെ ചെറുകിട വ്യാപാര വ്യവസായിക നവോത്ഥാന പ്രക്രിയയ്ക്കു നാന്ദി കുറിക്കുക കൂടി ചെയ്യട്ടെ. നാളിതുവരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ഇനി തുടര്‍ന്നുളള പ്രക്ഷോഭ സമരങ്ങള്‍ക്കും യു.എം.സിയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മൈനാഗപ്പള്ളി: ചിത്തിര വിലാസം യു.പി സ്കൂളിലെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ്ന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് പഞ്ചായത്ത് ശ്രദ്ധേയമായി. ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾകളും പങ്കെടുത്തു എന്നത് പരിപാടിയെ വേറിട്ടതാക്കി.
സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഔദ്യോഗിക പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. നാടിന്റെ വികസനവും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു. യോഗത്തിൽ മാലിന്യ പ്രശങ്ങൾ,തെരുവ്നായശല്യം എന്നിങ്ങനെ രണ്ട് പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ നടന്നു. വാർഡ് അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് നടന്ന യോഗം വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള മികച്ച പാഠമായി മാറി.പഞ്ചായത്ത് കമ്മിറ്റിയുടെ നടപടി ക്രമങ്ങൾ മനസിലാക്കാൻ മോക്ക് പഞ്ചായത്തിലൂടെ കഴിഞ്ഞു.അതിനു ശേഷം ജനപ്രതിനിധികൾ കുട്ടികളോടൊപ്പം ചവറ ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ ഗോപകുമാറിന്റെ സാന്നിധ്യത്തിൽ ഉച്ചഭക്ഷണം കഴിച്ചു. മോക് പഞ്ചായത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി സുനിൽ നിർവഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മണി. പി, ജോസ് മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെറീന സഞ്ജയ്,ജെ റഹിയാനത്ത്,സന്ധ്യാ മധു,സന്തോഷ് കുമാർ, അമൃതാ രതീശൻ, സവിതാ ചന്ദ്രൻ, സിജു കോശി വൈദ്യൻ, ഫർഹാന നസീർ, അനിതകുമാരി,റിയാസ്, ജോളി മാത്യു,അബ്ദുൽ റഷീദ്,നിഷ സന്തോഷ്,പ്രതീഷ് കുമാർ,സിജു കോശി വൈദ്യൻ,വർഗീസ് തരകൻ,അഡ്വക്കേറ്റ് പി കെ ഗോപകുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് എന്നിവർ മോക് പഞ്ചായത്തിൽ പങ്കെടുത്തു. സ്കൂൾ മാനേജർ കല്ലട ഗിരീഷ്, പ്രഥമധ്യാപിക ജയലക്ഷ്മി,പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി,പ്രോഗ്രാം കൺവീനർ സുനീഷ്, സ്റ്റാഫ് സെക്രട്ടറി സൈജു ബി എസ് , മാതൃ സമിതി പ്രസിഡന്റ് റസീന അഹമ്മദ്,ഉണ്ണി ഇലവിനാൽ എന്നിവർ മോക് പഞ്ചായത്തിന് ആശംസകൾ അർപ്പിച്ചു
കോഴിക്കോട്: ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം കൂടി ജനങ്ങളോട് പറയും. ഏത് കാര്യത്തിനാണ് പണിമുടക്ക് നടത്തുന്നതെന്ന് ഈ ജാഥയിലൂടെ ജനങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു. ‘ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ?.
ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണ്. നമ്മുടെ തൊട്ടടുത്തെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോയാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതേ അറിയില്ല. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പോയാല്‍ കാണില്ല. എല്ലാവരും കൂടി ആഹ്വാനം ചെയ്ത ഡല്‍ഹിയില്‍ പോയാലും ഇത് ഇല്ലല്ലോ?. കേരളത്തില്‍ മാത്രം ഒരു ബന്ദിനും ഹര്‍ത്താലിനും സമാനമായ രീതിയില്‍ വേണോ എന്നത് ആലോചിക്കണം. ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച നടക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.