Home Blog Page 1058

ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്‍കിയ സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്‍കിയ സംസ്ഥാനം കേരളമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മറുപടി പങ്ക് വെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയുടെ രേഖകളും അദ്ദേഹം പങ്ക് വെച്ചു. കേരളത്തേക്കാള്‍ എത്രയോ മടങ്ങ് ദൈര്‍ഘ്യമുള്ള ദേശീയപാത ശൃംഖലയുള്ള സംസ്ഥാനങ്ങളേക്കാള്‍ അധികം തുകയാണ് കേരളം ചെലവഴിച്ചത് എന്നും ഇത് കേരളത്തിന്റെ റോഡ് വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെ ആണ് അടയാളപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതാ വികസനത്തിനായി കേരളം 5580.74 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം 3144 കോടി രൂപ, 2301 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തെയും ആകെ ദേശീയപാത ദൈര്‍ഘ്യവുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന്റെ ഓരോ കിലോമീറ്ററിനുമുള്ള സംഭാവന ഇതിലും വളരെ കൂടുതലാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി (654 കോടി), കര്‍ണാടക (528 കോടി), ബിഹാര്‍ (396 കോടി), ഒഡിഷ (228.59 കോടി), പഞ്ചാബ് (132 കോടി, അസം (125 കോടി), ജമ്മു കാശ്മീര്‍ (122 കോടി), ജാര്‍ഖണ്ഡ് (115 കോടി), തമിഴ്‌നാട്് (107 കോടി), തെലങ്കാന (100 കോടി), ആന്ധ്രപ്രദേശ് (71 കോടി), ഉത്തരാഖണ്ഡ് (61 കോടി), മഹാരാഷ്ട്ര (20 കോടി), ഹിമാചല്‍ പ്രദേശ് (15 കോടി), പശ്ചിമ ബംഗാള്‍ (74 കോടി) എന്നിങ്ങനെയാണ് ദേശീയപാത വികസനത്തിന് ചെലവഴിച്ചിട്ടുള്ളത്.

കൊറിയൻ സുഹൃത്ത് ഇല്ല….സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.

എന്നാല്‍ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അത്തരം തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ അധ്യാപകന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെങ്കിലും ഇതില്‍ പറയുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അധ്യാപകന്‍ വ്യക്തമാക്കി.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന ഒന്നുമില്ല. ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുള്ള വാച്ചായിരുന്നു. ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.
ആദിത്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആദിത്യയുടെ മൊബൈല്‍ഫോണ്‍ വിശദപരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ജനുവരി 27ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ കണ്ടെത്തുകയായിരുന്നു.

ജര്‍മ്മനിയിലേയ്ക്കു നഴ്സിങ് റിക്രൂട്ട്മെന്റ്, 250 ഒഴിവുകള്‍

. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് ഒരു വര്‍ഷത്തേയും, ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് മൂന്നു വർഷത്തെയും പ്രവൃത്തി പരിചയം നിർബന്ധമാണ്.

അപേക്ഷകർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയർന്ന പ്രായപരിധി 2026 മെയ് 31ന് 36 വയസ്സ് അധികരിക്കരുത്. ഉദ്യോഗാര്‍ത്ഥികൾക്ക് നോര്‍ക്ക റൂട്ട്സ്, എന്‍.ഐ.എഫ്.എല്‍ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 23 നകം അപേക്ഷ നല്‍കാവുന്നതാണ്.

ജെരിയാട്രിക്‌സ് സ്പെഷ്യാലിറ്റിയിലും വിദേശ രാജ്യങ്ങളില്‍ ക്ലിനിക്കൽ പ്രവൃത്തി പരിചയമുള്ളവര്‍ക്കും, 200-ൽ അധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കൽ കോളേജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. വയോജന പരിചരണത്തില്‍ ജീരിയാട്രിക്‌സ് അല്ലെങ്കിൽ ദീർഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുളള ഹോം കെയർ/നഴ്‌സിംഗ് ഹോം, പ്രത്യേകിച്ച് ഇൻ-പേഷ്യന്റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഐ.സി.യു (ICU), ഇൻറർമീഡിയറ്റ് കെയർ യൂണിറ്റ് (IMC), ജനറൽ വാർഡ്, സർജിക്കൽ-മെഡിക്കൽ വാർഡുകൾ, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും; എന്നാൽ എമർജൻസി വിഭാഗം, എൻ.ഐ.സി.യു (NICU), പീഡിയാട്രിക്സ്, പി.ഐ.സി.യു (PICU), സ്കൂൾ നഴ്‌സിംഗ്, വാക്സിനേഷൻ നഴ്‌സിംഗ്, കമ്മ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല.

പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടേണ്ടതാണ്. A2 ലെവലിൽ 70% നേടുന്ന ഉദ്യോഗാർത്ഥികളെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നൽകുന്നതുമാണ്. 70% മാർക്കോടെ B1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകുന്നതുമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി ഭർത്താവിന് 10 ലക്ഷം രൂപ നൽകണമെന്ന് കോടതി

മുസ്ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിലാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്.
2022 ജൂൺ 17-ന് ആണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹംചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു ഹർജിക്കാരൻ. വിവാഹശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു. പിന്നീട് ഖുൽ-അ നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപ്പെടുത്തിയശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു.
തുടർന്നാണ് കുടുംബകോടതിയിൽ കേസ് നൽകിയത്. ഹർജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജരായി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിളിക്കുന്നു; 2,273 ഒഴിവ്, ബിരുദക്കാർക്ക് അവസരം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേ‌സ്ഡ് ഓഫിസറുടെ 2,273 ഒഴിവ്. ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 79 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ, എൻജിനീയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം.

∙ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം.

‌∙പ്രായം: 2025 ഡിസംബർ 31ന് 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം–15, ഒബിസി–13) വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഇളവുണ്ട്.

∙ശമ്പളം: 48,480-85,920

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ, ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ബാധകമല്ല. ഓൺലൈൻ ടെസ്റ്റ് മാർച്ചിൽ നടത്തും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

വിശദവിവരങ്ങൾക്ക്: www.sbi.bank.in

ഉറക്കത്തിൽ ഞെട്ടി ഉണരാറുണ്ടോ? സൂക്ഷിക്കുക, ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മിക്കവരും കാര്യമായി എടുക്കാറില്ല. സാധാരണയായി മാനസിക സമ്മർദ്ദത്തിന്റെയോ ക്ഷീണത്തിന്റെയോ ഭാഗമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ ഉറക്കത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ അവഗണിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ ഇത് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

പെട്ടെന്ന് ഞെട്ടി ഉണരുന്നത്

ഉറക്കത്തിൽ നിന്ന് നിങ്ങൾ അടിക്കടി ഞെട്ടി ഉണരുകയോ പെട്ടെന്ന് പരിഭ്രമം തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം.

ഉറങ്ങുമ്പോൾ പരിഭ്രമവും അസ്വസ്ഥതയും അനുഭവപ്പെടുക

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ രാത്രിയിൽ അസ്വസ്ഥത, പേടി, വിയർപ്പ് എന്നിവയുണ്ടാകുന്നത് ഹൃദയത്തിന് സമ്മർദ്ദം കൂടുന്നതിന്റെ ലക്ഷണമാണ്. ചിലപ്പോൾ ഇത് ചെറിയ തോതിലുള്ള ഹൃദയാഘാതത്തിന്റെ ആദ്യ സൂചനയുമാകാം.

വെറുതെ ഇരിക്കുമ്പോഴും ശ്വാസംമുട്ടൽ

വിശ്രമിക്കുമ്പോൾ, പ്രത്യേകിച്ച് രാത്രിയിൽ കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം ഇത്.

കണ്ണുകൾ തുടിക്കുന്നതും ഭാരവും

ഉറക്കത്തിൽ കണ്ണുകൾ തുടിക്കുക, കണ്ണിന് ഭാരം തോന്നുക, ഇടയ്ക്കിടെ ഉറക്കം മുറിയുക എന്നിവയും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ നാഡീവ്യവസ്ഥയിലെയും ഹൃദയത്തിലെയും സമ്മർദ്ദത്തെയാണ് കാണിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

പേടിസ്വപ്നങ്ങളും ഉറക്കത്തിലെ അസ്വസ്ഥതയും

തുടർച്ചയായി പേടിസ്വപ്നങ്ങൾ കാണുക, ഹൃദയമിടിപ്പ് കൂടുക, ഉറക്കത്തിൽ വിയർക്കുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഹൃദയാഘാതത്തിന് മുമ്പുള്ള ശരീരത്തിന്റെ മുന്നറിയിപ്പുകളാകാം. ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും രാത്രിയിലാണ് കൂടുതൽ സജീവമാകുന്നത്. കൃത്യസമയത്ത് പരിശോധന നടത്തിയില്ലെങ്കിൽ ഇത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിച്ചേക്കാം.

ശ്രദ്ധിക്കാം

നിരന്തരമായി ഞെട്ടി ഉണരുക, പരിഭ്രമം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ, നെഞ്ചിൽ ചെറിയ വേദന, ഭാരം അല്ലെങ്കിൽ എരിച്ചിൽ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

18 വയസുളള മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം, പ്രതിയെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പൊലീസ്, ഇന്ന് തെളിവെടുപ്പ് നടത്തും

കാസർകോട്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ തെളിവെടുക്കും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുക്കുക. രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും വെട്ടികൊലപ്പെടുത്തിയത്.

പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്ക് തർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഇന്ന് ബംഗ്ലാദേശ് വിധിയെഴുതും. രാവിലെ 7:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കുന്ന പോളിങ്ങിൽ 12.7 കോടി വോട്ടർമാർ വിധിയെഴുതും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം.

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആകെ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സൈന്യം, പൊലീസ് എന്നിവരുൾപ്പെടെ ഏകദേശം 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കും ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ് എന്താണ്

തിരുവനന്തപുരം : കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് ആപ്പിന്റെ പ്രധാന പ്രത്യേകത. മലയാളം ഉൾപ്പെടെ പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കും എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർക്കും ഉപകാരപ്രദമായ പദ്ധതിയാണിത്.

പരാതികൾ വോയിസ്, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങിയ രൂപങ്ങളിൽ സമർപ്പിക്കാം. ഒടിപി സംവിധാനം വഴി സുരക്ഷ ഉറപ്പാക്കുന്ന ആപ്പിൽ, നൽകിയ പരാതികളുടെ നിലവിലെ അവസ്ഥ അറിയാനുള്ള സൗകര്യവുമുണ്ട്. ഫാക്ടറി തൊഴിലാളികൾക്ക് പുറമെ നിർമാണ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘തൊഴിൽ സുരക്ഷ’ ആപ്പ് ഉപയോഗിക്കാം.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാർച്ച് ആദ്യവാരത്തോടെ ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ സുരക്ഷ കൂടുതൽ സുതാര്യവും പ്രതികരണശേഷിയുള്ളതുമായ സംവിധാനമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു

‘ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ…’; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ

ഇന്ത്യയിൽ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച് വിദേശ സഞ്ചാരികളായ പാറ്റും ജിയൂലിയയും. ഇവിടുത്തെ ആളുകൾ വളരെ മാന്യമായി പെരുമാറുന്നവരാണെന്നും മുംബൈയിലെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതാണെന്നും സോഷ്യ മീഡിയയിലൂടെ പറയുന്നു.

മുംബൈ സന്ദർശനത്തിനിടെ ഇന്ത്യയെ കുറിച്ചുള്ള മുൻധാരണകൾ തെറ്റായിരുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറയുകയാണ് വിദേശ ദമ്പതികൾ. സംഭവം ഇപ്പോൾ വൈറലാണ്. കണ്ടന്റ് ക്രിയേറ്റ‍‍‌‌‌‌‌‌ർമാരായ പാറ്റ്, ജിയൂലിയ എന്നീ വിദേശ ദമ്പതികളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായ വീഡിയോക്ക് പിന്നിൽ. ഇന്ത്യയെക്കുറിച്ച് സാധാരണയായി ഓൺലൈനിൽ വ്യാപകമായി കാണുന്ന നെഗറ്റീവ് ചർച്ചകൾക്കു വിരുദ്ധമായ അനുഭവമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് പറയുന്നു.

ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ വിദേശ സഞ്ചാരികൾ ഇറങ്ങിയാൽ ആളുകൾ ഉപദ്രവിക്കും, ബുദ്ധിമുട്ടിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ ഇവിടെ മുംബൈയിൽ അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മാത്രമല്ല എല്ലാവരും വളരെ നന്നായിട്ടാണ് പെരുമാറിയതെന്നും പാറ്റ് വീഡിയോയിൽ പറയുന്നു. ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ വളരെ തിരക്കേറിയ സ്ഥലമാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കാണാറുണ്ടെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. നിങ്ങൾ വിനീതമായി ‘വേണ്ട, നന്ദി’ എന്ന് പറഞ്ഞാൽ ആളുകൾ അതിനെ മാനിക്കുന്നുണ്ട്. ഇവിടത്തെ ആളുകൾ വളരെ ഡീസന്റാണെന്നും ജിയൂലിയ വ്യക്തമാക്കി.

കൂടാതെ, മുംബൈയിലെ കലാ ഘോഡയിൽ സ്ഥിതി ചെയ്യുന്ന എൽഫിൻസ്റ്റൺ കോളേജ് കെട്ടിടത്തിന്റെ ഗോത്തിക് ശൈലിയിലുള്ള ചരിത്രപ്രാധാന്യമുള്ള ശില്പകലയും പാറ്റ് പ്രശംസിച്ചു. അദ്ഭുതകരമായ ആർക്കിടെക്ചറാണ്, വളരെ പഴക്കമുള്ള മനോഹരമായ കെട്ടിടം എന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നത് കേൾക്കാം. ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു. എത്ര മനോഹരമായ സ്ഥലം! നല്ല ആളുകൾ, നല്ല വൈബ്‌സ് എന്നായിരുന്നു വീഡിയോയ്ക്ക് അവർ നൽകിയ ക്യാപ്ഷൻ.