ഹൈദരാബാദ്: പറക്കുന്നതിനിടെ പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന 6E 6115 വിമാനമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ സീറ്റുകൾക്ക് മുകളിലുള്ള ലഗേജ് സൂക്ഷിക്കുന്ന അറയിൽ വച്ചിരുന്ന ബാഗിനുള്ളിലെ പവർ ബാങ്കിനാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് വിമാനത്തിലെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തെത്തുടർന്ന് സുരക്ഷ മുൻനിർത്തി വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ലഗേജ് സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയതായും ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പവർ ബാങ്കിലെ ലിഥിയം അയൺ ബാറ്ററിയിലുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പവർ ബാങ്കുകൾ ഉൾപ്പെടെയുള്ള ലിഥിയം ബാറ്ററി ഉപകരണങ്ങൾ വിമാനയാത്രയ്ക്കിടെ തീപിടിത്തത്തിന് കാരണമാകാനുള്ള സാധ്യത കണക്കിലെടുത്ത് അവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.


























