Home News Breaking News നെടുമ്പാശേരി കാർ അപകടം: ബാറുകൾക്കെതിരെ നടപടിക്ക് നിർദേശം

നെടുമ്പാശേരി കാർ അപകടം: ബാറുകൾക്കെതിരെ നടപടിക്ക് നിർദേശം

എറണാകുളം: നെടുമ്പാശേരിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി മന്ത്രി എം. ലിജു. വാഹനം ഓടിച്ച പത്തൊൻപതുകാരനായ സുഹൈൽ സജീവിന് നിയമവിരുദ്ധമായി മദ്യം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

അർധരാത്രി 1.40ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റോഡിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ച് തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

ഡേറ്റ അനാലിസിസ് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട്‌ടൈം ജോലി ചെയ്തുവരികയായിരുന്നു ഇവർ. സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിന് സമീപത്തെത്തി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ അമിതവേഗത്തിലെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിനുശേഷം കാറിൽനിന്ന് പുറത്തിറങ്ങാതിരുന്ന സുഹൈലിനെ നാട്ടുകാർ ഇടപെട്ട് പിടികൂടി പോലീസിന് കൈമാറി. പ്രതി നാട്ടുകാരോട് തട്ടിക്കയറുകയും വെല്ലുവിളിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

മൂന്ന് യുവജീവനുകൾ നഷ്ടമായ സംഭവത്തിൽ മദ്യലഭ്യതയും നിയമവിരുദ്ധമായി മദ്യം നൽകിയെന്ന ആരോപണവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ബാറുകൾക്കെതിരെ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here