Home Blog Page 1056

സ്വത്ത് തർക്കം, മകനെ കൊല്ലാൻ 12 ലക്ഷത്തിന് ക്വട്ടേഷൻ നൽകി അമ്മ; വ്യവസായിക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 42 കാരനായ അർജുൻ ശർമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയായിരുന്ന അർജുന് ടിബറ്റൻ മാർക്കറ്റിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിയേല്‍ക്കുന്നത്. പിന്നാലെ ഇയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ അർജുൻ ശർമയും അമ്മയും തമ്മില്‍ ദീർഘകാലമായി സ്വത്തുതർക്കത്തിലാണെന്നും ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തില്‍ കൊല്ലപ്പെട്ട അർജുൻ ശർമയുടെ അമ്മ ബീന ശ‍ർമയേയും ഗൂഢാലോചന നടത്തിയ രണ്ടുപേരേയും ബൈക്കിലെത്തി വെടിയുതിർത്തവരെയും ഉൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. ബീന ശർമയും കൂട്ടാളികളും 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊലപാതകം നടത്തുന്നതിന് സംഘത്തിന് നൽകിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ആദ്യം കൈമാറി എന്നാണ് വിവരം. അന്വേഷണത്തില്‍ പൊലീസ് രണ്ട് 315 ബോർ പിസ്റ്റോളുകളും സ്കൂട്ടറും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

‘ക്ഷണം ലഭിച്ചു, ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസില്‍’ ഇന്ത്യ ചേരുമോ’? പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാനുളള ക്ഷണം പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളോട് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധത പുലര്‍ത്തിയിട്ടുണ്ടെന്നും ബോര്‍ഡ് ഓഫ് പീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.

ഈ മാസം 19 നടക്കാനിരിക്കുന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണം യുഎസ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഗാസ ഉള്‍പ്പെടെ മുഴുവന്‍ മേഖലയിലും ദീര്‍ഘകാലവും നിലനില്‍ക്കുന്നതുമായ സമാധാനത്തിന് വഴിയൊരുക്കുന്ന അത്തരം എല്ലാ സംരംഭങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര സംഘടനയാണ് ബോർഡ് ഓഫ് പീസ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ പുനർനിർമ്മാണത്തിനും സമാധാനപാലനത്തിനും മേൽനോട്ടം വഹിക്കുക എന്നതാണ് ഈ ബോർഡിന്റെ പ്രാഥമിക ചുമതല. ഗാസയിൽ മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും ഈ സംഘടന ലക്ഷ്യമിടുന്നു. നിലവിൽ 25-ഓളം രാജ്യങ്ങൾ ഇതിൽ അംഗങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ.

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തിരുവനന്തപുരം എം.പി ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ എം.പിയാണ് പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്‌നാൻ എം.പി പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.

രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ‘വിഷൻ 2026’ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് ബെന്നി ബഹ്‌നാൻ അധ്യക്ഷനായ സമിതിക്ക് നൽകിയിരിക്കുന്നത്.

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഏഴാം പ്രതിയും പൊലീസ് പിടിയിൽ

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഏഴാം പ്രതിയും പൊലീസ് പിടിയിൽ. മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് പിടിയിലായത്. പൊലീസ്‌ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയിലാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്.


കേസിലെ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരാണ് ആദ്യം പിടിയിലായത്. മുഖ്യപ്രതി സുബിൻ അലക്സാണ്ടറിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.


ഈ മാസം ഒന്നിന്‌ പകൽ മൂന്നരയോടെയാണ്‌ കേസിനാസ്പദമായ സംഭവം. സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ ഒന്നാംപ്രതി ബലാത്സംഗത്തിന് ഇരയാക്കി. സ്പായിലെത്തിയ കസ്റ്റമറായ യുവാവിനെ മർദിച്ച്‌ ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. ജീവനക്കാരിയിൽനിന്ന്‌ 2500 രൂപ ഇവർ പിടിച്ചുവാങ്ങി. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം പൈലറ്റ് വരുത്തിയതോ,വാര്‍ത്തക്കുപിന്നില്‍

ന്യൂഡെല്‍ഹി. 2025 ജൂണില്‍ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് പൈലറ്റിന്റെ നടപടികളിലേക്ക് വിരല്‍ ചൂണ്ടിയേക്കാമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

ഔദ്യോഗികമായി ഇത്തരം നിഗമനങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘കൊറിയറെ ഡെല്ല സെറ’ (Corriere della Sera) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, പൈലറ്റുമാരില്‍ ഒരാള്‍ രണ്ട് എഞ്ചിൻ ഫ്യൂവല്‍ സ്വിച്ചുകളും ബോധപൂർവം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടില്‍ വ്യക്തമാക്കാൻ തയാറെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറൻ വ്യോമയാന വൃത്തങ്ങളെയും ഇന്ത്യൻ-യുഎസ് അന്വേഷകർ തമ്മിലുള്ള ചർച്ചകളെയും ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രം ഈ വാർത്ത നല്‍കിയത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഈ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

റിപ്പോർട്ടിലെ അവകാശവാദങ്ങള്‍

2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട് പറയുന്നു. യുഎസില്‍ നടത്തിയ സിമുലേറ്റർ പരിശോധനകളില്‍ സാങ്കേതിക തകരാർ മൂലം രണ്ട് എഞ്ചിനുകളും ഇത്തരത്തില്‍ നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടില്ല. അതിനാല്‍ മനുഷ്യ ഇടപെടല്‍ മാത്രമാണ് ഏക സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടില്‍ സ്വിച്ചുകള്‍ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സ്വിച്ചുകള്‍ മാറ്റിയത് എന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല. കോക്പിറ്റ് വോയ്‌സ് റെക്കോർഡറില്‍, “എന്തിനാണ് നിങ്ങള്‍ എഞ്ചിനുകള്‍ ഓഫ് ചെയ്തത്?” എന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും “ഞാനല്ല അത് ചെയ്തത്” എന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എഞ്ചിനുകള്‍ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

റിപ്പോർട്ട് പ്രകാരം, ‘പൈലറ്റ് മോണിറ്ററിംഗ്’ ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറാണ് ആ സമയം വിമാനം പറത്തിയിരുന്നത്. ഡാറ്റ പരിശോധനയില്‍ ആദ്യം ഇടത് എഞ്ചിനും പിന്നീട് വലത് എഞ്ചിനും ഓഫായതായി കണ്ടെത്തി. ക്യാപ്റ്റൻ ഇടതുവശത്താണ് ഇരിക്കുന്നത് എന്നത് ഇതിനോട് ചേർന്നുനില്‍ക്കുന്നു. അവസാന നിമിഷങ്ങളില്‍ ഫസ്റ്റ് ഓഫീസർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ നിഷ്ക്രിയമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

പ്രതികരണങ്ങള്‍

ഇറ്റാലിയൻ റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ മാധ്യമങ്ങള്‍ പൈലറ്റുമാരെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ഇന്ത്യൻ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിർത്തിരുന്നു. പൈലറ്റുമാരുടെ ആത്മഹത്യ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഈ തൊഴിലിനോടുള്ള അവഹേളനമാണെന്ന് അവർ വ്യക്തമാക്കി.

പാർലമെന്റില്‍ സർക്കാർ പറഞ്ഞത്

2025 ഡിസംബറില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പാർലമെന്റില്‍ നല്‍കിയ മറുപടിയില്‍, അന്വേഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ‍പാലിച്ചാണ് നടക്കുന്നതെന്ന് അറിയിച്ചു. ഫ്ലൈറ്റ് റെക്കോർഡറുകള്‍ സുരക്ഷിതമാണെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഒരു സ്വതന്ത്ര സ്ഥാപനമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

പനപ്പെട്ടി ഗവ.എല്‍പിഎസില്‍ വര്‍ണ്ണക്കൂടാരം ഇന്ന് ഉദ്ഘാടനം

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എല്‍പിഎസില്‍ എസ്എസ്‌കെ പദ്ധതിയില്‍ അനുവദിച്ച അന്താരാഷ്ട്ര പ്രീ സ്‌കൂള്‍ വര്‍ണ്ണക്കൂടാരം ഇന്ന്(13-2)രാവിലെ 10.30ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര എസ് എസ് കെ ഫണ്ടില്‍ അനുവദിച്ച പത്തുലക്ഷം രൂപയുടെ വര്‍ണ്ണകൂടാരം പദ്ധതിയില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ കളികോപ്പുകള്‍ ഉല്ലാസ ഉപകരണങ്ങള്‍ വര്‍ണ്ണാഭമായ പൂന്തോട്ടം, കൊല്ലത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പുനലൂര്‍ തൂക്കുപാലം മോഡല്‍ ശില്‍പം, ജലധാര, മാനസികോല്ലാസം നല്‍കുന്ന ചിത്രങ്ങള്‍, സ്‌കൂളിനുള്ളില്‍ വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന കളിയിടങ്ങളും പഠന കേന്ദ്രങ്ങളും എന്നു വേണ്ട ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിനോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പഠന മാനസിക വികസന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


പഞ്ചായത്ത്പ്രസിഡന്‌റ് ഇസെഡ് ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എസ്എസ്‌കെ ഡിപിസി ജി കെ ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തും. ഹരിതയിടം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്അംഗം കെ കലാദേവിയും പുറം കളിയിടം ഉദ്ഘാടനം എഇഒ കെ വി മനോജ് കുമാറും നിര്‍വഹിക്കും. ബിപിസി റോഷിന്‍ എം നായര്‍ വര്‍ണ്ണക്കൂടാരം ശില്‍പി സതീശ്കുമാറിന് ഉപഹാര സമര്‍പ്പണം നടത്തും. എല്‍എസ്എസ് വിജയികള്‍ക്ക് സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ബിന്ദുഗോപാലകൃഷ്ണനും കലോല്‍സവ വിജയികള്‍ക്ക് സമ്മാനദാനം ബ്‌ളോക്ക് അംഗം എം അരവിന്ദും നിര്‍വഹിക്കുമെന്ന് ഹെഡ് മിസ്ട്രസ് ബി.ഐ വിദ്യാറാണി ,എസ്എംസി ചെയര്‍പേഴ്‌സണ്‍ ജ്യോതി ലക്ഷ്മി എന്നിവര്‍ അറിയിച്ചു.

പ്രണയദിനത്തില്‍ പ്രണയസമ്മാനവുമായി ദേവി ഐ ഹോസ്പിറ്റല്‍

ശാസ്താംകോട്ട. പ്രണയദിനമായ ഫെബ്രുവരി 14ന് പ്രത്യേക സമ്മാനവുമായി ദേവി ഐ ഹോസ്പിറ്റല്‍. ദമ്പതികള്‍ക്ക് തങ്ങളുടെ വിവാഹംകഴിഞ്ഞിട്ട് എത്ര വര്‍ഷമായോ അത്രയും ശതമാനം ഇളവ് തിമിരശസ്ത്രക്രിയക്ക് നല്‍കും.
മൈക്രോ ഫാകോ ശസ്ത്രക്രിയകള്‍ക്ക് 14 ശതമാനം ഇളവ് നല്‍കും.

ദമ്പതികളില്‍ഒരാള്‍ കണ്ണടവാങ്ങിയാല്‍ 30ശതമാനം ഫ്രയിമിന് ഇളവ് കൂടെയുള്ള ആളിന് ഫ്രീ റീഡിംങ് ഗ്‌ളാസ്, ദമ്പതികള്‍ക്ക് സൗജന്യ നേത്ര പരിശോധന എന്നിവയാണ് പ്രണയദിനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാനങ്ങള്‍ എന്ന് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് രാജു അറിയിച്ചു. ശാസ്താംകോട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ദേവി ഐ ഹോസ്പിറ്റല്‍ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക ഇളവുകളും സമൂഹത്തിലെ സഹായം ആവശ്യമുള്ളവര്‍ക്ക് സൗജന്യങഅഹളും പ്രഖ്യാപിക്കാറുണ്ട്.

ആയിക്കുന്നം ഗ്രാമത്തിന് അഭിമാനമായി ജില്ലാ കേരളോത്സവത്തിൽ അഭിമന്യൂ.എസ്.രാജിന് ട്രിപ്പിൾ കിരീടം


ശാസ്താംകോട്ട:കൊല്ലം ജില്ലാ കേരളോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി അഭിമന്യൂ.എസ്.രാജ് അത്‌ലറ്റിക് ചാമ്പ്യനായി.800,1500,5000 മീറ്റർ ഓട്ടമത്സരങ്ങളിലാണ് അഭിമന്യു സ്വർണം നേടിയത്.ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് തെക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചാണ് അഭിമന്യു മത്സരിച്ചത്.

പ്രദേശത്തെ സൃഷ്ടി കലാ-കായിക വേദിയിലെ അംഗമാണ്.കണ്ണൂർ യൂണിവേഴ്സിറ്റി ക്രോസ് കൺട്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിമന്യു ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിനും യോഗ്യത നേടിയിട്ടുണ്ട്.ആയിക്കുന്നത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളി ശിവരാജന്റെയും കശുവണ്ടി തൊഴിലാളി സുജാതയുടെയും മകനാണ്.

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള വൻ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയ അനുമതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള വൻ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയ അനുമതി. ഏകദേശം 3.25 ലക്ഷം കോടി രൂപ (39 ബില്യൺ ഡോളർ) ചിലവ് വരുന്ന ഈ കരാർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായി മാറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ പദ്ധതിക്ക് ഔദ്യോഗിക അനുമതി നൽകി.

വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ 114 വിമാനങ്ങൾ നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 36 റഫാൽ വിമാനങ്ങളാണുള്ളത്. പുതിയ കരാർ പ്രകാരം 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമസേനയുടെ പോരാട്ടവീര്യം പതിന്മടങ്ങ് വർദ്ധിക്കും. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ വ്യോമസേനയുടെ സ്ക്വാഡ്രൺ അംഗസംഖ്യ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. 88 സിംഗിൾ സീറ്റർ വിമാനങ്ങളും 26 ട്വിൻ സീറ്റർ പരിശീലന വിമാനങ്ങളുമാണ് ഈ പദ്ധതിക്ക് കീഴിൽ വാങ്ങുന്നത്.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജം ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ നിർമ്മാണ രീതിയാണ്. 114 വിമാനങ്ങളിൽ വെറും 18 എണ്ണം മാത്രമാണ് ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങുന്നത് (Fly-away condition). ബാക്കിയുള്ള 96 വിമാനങ്ങളും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷൻ (Dassault Aviation) ഇന്ത്യൻ സ്വകാര്യ മേഖലയിലെ പ്രമുഖരുമായി ചേർന്നായിരിക്കും നിർമ്മാണം പൂർത്തിയാക്കുക. ഇത് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും. കൂടാതെ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ വലിയൊരു ഭാഗം ഇന്ത്യയ്ക്ക് കൈമാറുന്നതിനും (Transfer of Technology) കരാറിൽ വ്യവസ്ഥയുണ്ട്. യുദ്ധമുഖത്ത് തെളിയിച്ച കരുത്ത് റഫാൽ വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക ദൗത്യങ്ങളിൽ റഫാൽ നടത്തിയ പ്രകടനം പ്രതിരോധ വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദീർഘദൂര മെറ്റിയർ മിസൈലുകൾ, സ്കാൽപ്പ് (SCALP) ക്രൂയിസ് മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഈ വിമാനങ്ങൾ ആധുനിക വ്യോമയുദ്ധങ്ങളിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു.

ഈ മെഗാ കരാർ യാഥാർത്ഥ്യമാകുന്നതോടെ റഫാൽ വിമാനങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ദക്ഷിണേഷ്യൻ മേഖലയിലെ പ്രതിരോധ സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഈ സൈനിക നീക്കത്തിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റിയുടെ (CCS) അവസാന വട്ട അനുമതി കൂടി ലഭിക്കുന്നതോടെ കരാർ നടപടികൾ വേഗത്തിലാകും.

l

കൊല്ലം – എറണാകുളം – കൊല്ലം , കൊല്ലം – കോട്ടയം – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിക്കുന്നു

കൊല്ലം – എറണാകുളം – കൊല്ലം (06169/70), കൊല്ലം – കോട്ടയം – കൊല്ലം (66315/16) റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിക്കാൻ തീരുമാനമായതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്ന് എംപി പറഞ്ഞു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘ പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട്, ഈ റൂട്ടുകളിൽ അനുഭവപ്പെടുന്ന അത്യന്തം തിരക്ക്, വിദ്യാർത്ഥികൾക്കും തൊഴിൽജീവികൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിശദമായി അവതരിപ്പിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യവും മുൻനിർത്തി കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇപ്പോൾ രണ്ട് സർവീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തിയിരിക്കുന്നത് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റൂട്ടുകളിൽ തിരക്ക് കുറയാനും യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും. ഫെബ്രുവരി 23 മുതൽ കോച്ചുകളുടെ വർദ്ധനവ് പ്രാബല്യത്തിൽ വരും.

കഴിഞ്ഞ ഓഗസ്റ്റിൽ ഈ വിഷയം ആദ്യമായി റെയിൽവേ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ 16 കോച്ചുകൾ നൽകാമെന്നാണ് ഉറപ്പു നൽകിയിരുന്നതെങ്കിലും മെമ്മു നിർമ്മാണം ആവശ്യമായ തോതിൽ നടക്കാത്തതുമൂലം പുതിയ കോച്ചുകൾ ലഭ്യമാകുന്നതിനുള്ള തടസ്സം തുടർന്നു വരികയായിരുന്നു. കൊല്ലം എറണാകുളം റൂട്ടിലെ അതികഠിനമായ തിരക്ക് മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റു സോണുകളിൽ നിന്ന് ലഭ്യമായ റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ഇത്തരത്തിൽ ആദ്യഘട്ടത്തിൽ എട്ടിൽ നിന്ന് 12ലേക്ക് കോച്ചുകളുടെ എണ്ണം ഉയർത്തുന്നത്. എന്നാൽ 16 കോച്ച് എന്ന ആവശ്യം ന്യായമായതിനാൽ നാലു കോച്ചുകൾ കൂടെ അധികമായി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരും’, എംപി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.