Home Blog Page 1055

മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സ്‌റ്റെതസ്കോപ്പ് ഉൾപ്പടെ ധരിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്. സീനിയർ ന്യൂറോ സർജനെന്ന് പറഞ്ഞെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാന്റീൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇവർ കറങ്ങിനടന്നിരുന്നതായി വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്നും മുങ്ങിയ ഇവരെ കണ്ടെത്താനായില്ല.

പിന്നീട് വേഷം മാറി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്ന് ഓട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് വനിതാ സെക്യൂരിറ്റി ജീവനക്കാർ യുവതിയെ പിടികൂടിയത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. യുവതിയുടെ യഥാർത്ഥ പേര് വ്യക്തമല്ല. ഇവർ പല പേരുകൾ മാറ്റി പറയുന്നുണ്ട്. ഭർത്താവ് ശ്രീചിത്രയിൽ ജോലിചെയ്യുന്നുവെന്ന് പറഞ്ഞെങ്കിലും അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല. വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നാടിന് ആഘോഷമായി പനപ്പെട്ടി ഗവ എല്‍പിഎസില്‍ വര്‍ണ്ണക്കൂടാരം തുറന്നു

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എല്‍പിഎസില്‍ എസ്എസ്‌കെ പദ്ധതിയില്‍ അനുവദിച്ച അന്താരാഷ്ട്ര പ്രീ സ്‌കൂള്‍ വര്‍ണ്ണക്കൂടാരം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്പ്രസിഡന്റ് ഇസെഡ് ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബിപിസി റോഷിന്‍ എം നായര്‍ പദ്ധതി വിശദീകരണം നടത്തി. പുറം കളിയിടം ഉദ്ഘാടനം എഇഒ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു.

വര്‍ണ്ണക്കൂടാരം ശില്‍പി സതീശ്കുമാറിനെ ബിആര്‍സി ട്രയിനര്‍ ജി. പ്രദീപ്കുമാര്‍ ആദരിച്ചു. എല്‍എസ്എസ് വിജയികള്‍ക്ക് സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണനും കലോല്‍സവ വിജയികള്‍ക്ക് സമ്മാനദാനം ബ്ളോക്ക് അംഗം എം അരവിന്ദും നിര്‍വഹിച്ചു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ പി ശരത്,പഞ്ചായത്ത് അംഗം റിയാസ് പറമ്പില്‍,ഹെഡ്മിസ്ട്രസ് ബി.ഐ വിദ്യാറാണി, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍മാരായ ബുഷ്‌റ കെ, ആശാസഹദേവന്‍, മുന്‍ എസ്എംസി ചെയര്‍പേഴ്‌സണ്‍ അന്‍സീനാ നിസാം,എസ്എംസി ചെയര്‍പേഴ്‌സണ്‍ ജ്യോതിലക്ഷ്മി, അധ്യാപകരായ ലീനാപാപ്പച്ചന്‍ , ദീപ്തി ഗംഗാധരന്‍, എസ് പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


കേന്ദ്ര എസ് എസ് കെ ഫണ്ടില്‍ അനുവദിച്ച പത്തുലക്ഷം രൂപയുടെ വര്‍ണ്ണകൂടാരം പദ്ധതിയില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ കളികോപ്പുകള്‍ ഉല്ലാസ ഉപകരണങ്ങള്‍ വര്‍ണ്ണാഭമായ പൂന്തോട്ടം, കൊല്ലത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പുനലൂര്‍ തൂക്കുപാലം മോഡല്‍ ശില്‍പം, ജലധാര, മാനസികോല്ലാസം നല്‍കുന്ന ചിത്രങ്ങള്‍, സ്‌കൂളിനുള്ളില്‍ വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന കളിയിടങ്ങളും പഠന കേന്ദ്രങ്ങളും എന്നു വേണ്ട ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിനോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പഠന മാനസിക വികസന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

പുനലൂര്‍: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. പുനലൂര്‍, പ്ലാച്ചേരി കൊച്ചയത്തില്‍ വീട്ടില്‍ ബാബു (55), ഭാര്യ സജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11-ഓടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയില്‍ നിന്നും ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുറുനരിയില്‍ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഏറെ നാളുകളായി പ്രദേശത്ത് കുറുനരിയുടെ സാന്നിധ്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കരുത്തിന്റെ മുന്നേറ്റത്തിന് വേറിട്ട പിന്തുണയുമായി വനിതാ പ്രവർത്തകർ എത്തി; അനോമി കണ്ടു


കരുനാഗപ്പള്ളി. നിയമങ്ങളുടെ പരിധിക്കുമപ്പുറം പ്രതിഷേധ ജ്വാലയായി അവൾ മാറുമ്പോൾ കരുത്തിന്റെ മുന്നേറ്റമായി ചേർന്ന് മഹിളാ പ്രവർത്തകരെത്തി അനോമി കണ്ടു മടങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടി ഭാവന നായികയായി തീയേറ്ററിലെത്തിയ അനോമി എന്ന ചിത്രം കാണാൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.

കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാളിലെ മൈസിനിമാസിലെ ഒരു തിയേറ്റർ ഷോ മുഴുവനായി ബുക്ക് ചെയ്തു കൊണ്ടാണ് മഹിളാ പ്രവർത്തകർ പൊരുതുന്ന പെൺകരുത്തിന്റെ പ്രതീകമായ നടിക്ക് വേറിട്ട രീതിയിൽ ഐക്യദാർഢ്യം ഒരുക്കിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയുടെ ഒരു ഷോയ്ക്ക് ഉള്ള മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്തു കൊണ്ട് മഹിളാ പ്രവർത്തകർ വേറിട്ട ഐക്യദാർഢ്യം സംഘടിപ്പിച്ചപ്പോൾ അവർക്ക് ആശംസയുമായി സ്ക്രീനിൽ നടി ഭാവനയും എത്തി.

ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും സാമൂഹ്യപ്രവർത്തകരായ വനിതാ നേതാക്കളും ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി. ഇതോടനുബന്ധിച്ച് ചേർന്ന കൂട്ടായ്മ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ നേതാക്കളായ വസന്താ രമേശ്, ആർ കെ ദീപ, ബെൻസി രഘുനാഥ്, ബി പത്മകുമാരി എന്നിവർ നേതൃത്വം നൽകി.

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപ ചന്ദ്രൻ നിർവഹിച്ചു. മുന്നൂറിലധികം മുത്തശ്ശി മുത്തശ്ശന്മാർ തങ്ങളുടെ പേരക്കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

പേരക്കുട്ടികളെ വാർത്തെടുക്കുന്നതിൽ മുത്തശ്ശി മുത്തശ്ശന്മാർക്കുള്ള പങ്ക് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ഇന്ന് അതിന്റെ അഭാവത്തിൽ കുഞ്ഞുങ്ങൾക്ക് എന്തൊക്കെ നഷ്ടപ്പെടുന്നുണ്ടെന്നും സ്കൂളിലെ ഗ്രാൻഡ് പേരെന്റും റിട്ടയേഡ് ഗവൺമെന്റ് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ ബൈജു തന്റെ ആശംസ പ്രസംഗത്തിൽ വിശദമായി പ്രതിപാദിച്ചു.

അവരുടെ സർഗാത്മകമായ കഴിവുകൾ തങ്ങളുടെ കുഞ്ഞുമക്കളുടെ മുൻപിൽ അവ തരിപ്പിക്കാനുള്ള വേദിയും സ്കൂളിൽ ഒരുക്കിയിരുന്നു. അവർക്ക് വേണ്ടി മത്സരയിനങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

പിടിഎ പ്രസിഡന്റ്‌ ശ്രീ. കുറ്റിയിൽ നിസാം ചടങ്ങിന് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി പ്രതിനിധികൾ ആയ മാസ്റ്റർ റയാൻ, കുമാരി പൂർണിമ എന്നിവർ ചടങ്ങിന് സ്വാഗതവും നന്ദിയും അർപ്പിച്ചു. സ്കൂൾ ചെയർമാനും വാർഡ് മെമ്പറുമായശ്രീ. എ. എ. റഷീദ്, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി എസ് എന്നിവർ ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ജെ യാസർ ഖാൻ, അക്കാഡമിക് കോഡിനേറ്റർമാരായ ശ്രീമതി. അഞ്ജനി തിലകം, ശ്രീമതി ഷിംനാ മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പിടിഎ സെക്രട്ടറി പ്രിയമോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബീ സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍

തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി.
പെണ്‍കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥന്‍ (55) ആണ് മരിച്ചത്.
പുനലൂരില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയില്‍ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഏറെ തിരക്കുള്ള ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇതില്‍ അശ്വിന്‍ നായര്‍ ,ഏദന്‍ജോര്‍ജ്ജ് എന്നിവര്‍ മലയാളികളാണ്. കർണാടകയിലെ ഹോസ്‌കോട്ട് താലൂക്കിലെ എം സത്യവാര ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു.

എം സത്യവാരയ്ക്കും കമ്പാലിപുര ഗേറ്റിനും ഇടയിലുള്ള ദൊബ്ബാസ്‌പേട്ട് – ഹോസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ( എസ്‌ടിആർആർ ) സ്ട്രെച്ചിൽ ഇന്ന് പുലർച്ചെ 5.15നും 5.30നും ഇടയിലാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു ട്രക്ക്, ഒരു മോട്ടോർ സൈക്കിൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

മരിച്ച മറ്റൊരാൾ സത്താനൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ 17 വയസ്സുള്ള അശ്വിൻ നായർ ആണ്. മഹീന്ദ്ര എക്‌സ്‌യുവിലായിരുന്നു അശ്വിൻ ഉണ്ടായിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ എക്‌സ്‌യുവിൽ സഞ്ചരിച്ചിരുന്ന ആറ് പേരും തൽക്ഷണം മരിച്ചു. മഹീന്ദ്ര എസ്‌യുവി തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നു. പിന്നിൽ സഞ്ചരിച്ചിരുന്ന മാരുതി ബ്രെസയാണ് അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം. ഈ വാഹനത്തിലുണ്ടായിരുന്നവർക്കും ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ പിൻഭാഗത്തെ ആക്‌സിൽ തകർന്നു.

സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ കാണാതായി

തിരുവനന്തപുരം: സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ കാണാതായി. പാങ്ങോട്ട് സൈനിക കേന്ദ്രത്തിൽ നിന്നാണ് ആനക്കൊമ്പുകൾ മോഷണം പോയത്. 17 പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെൻ്റിലെ ഒരു ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌ത്. ഓഫിസർമാരുടെ മെസിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്.

ബുധനാഴ്‌ച അര്‍ധ രാത്രി നടന്ന ഡിജെ പാർട്ടിക്ക് പുറത്ത് നിന്നുള്ളവർ സൈനിക ക്യാമ്പിൽ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരില്‍ ആരെങ്കിലുമാണോ മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. സൈനിക ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ പ്രതിരോധ തടങ്കലിൽ വയ്ക്കാൻ പൊലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്‌തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും കാണാതായ ആനക്കൊമ്പ് വീണ്ടെടുക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും പൂജപ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് സൈനിക കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് മുതൽ ആനക്കൊമ്പ് സൈനിക ക്യാമ്പിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആനക്കൊമ്പ് കേസ്: നേരത്തെയും ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആനക്കൊമ്പ് കേസിൽ നിരവധി തവണ വിവാദത്തിലായി നടനാണ് മോഹൻലാൽ. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി കുറച്ച് മാസങ്ങൾക്ക് മുമ്പ് റദ്ദാക്കിയിരുന്നു. വനം വകുപ്പിൻ്റെ നടപടി നിയമപരമായി നിലനിൽക്കുന്നില്ലെങ്കിൽ പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ വീഴ്ച്ചയുണ്ടായെന്നും 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നത് പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശിയടക്കം നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

യഥാര്‍ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നായിരുന്നു വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. 2016ൽ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു.

പാൽ പിരിക്കാതെ നേരിട്ട് തൈര്,ദീര്‍ഘകാലം സൂക്ഷിക്കാം, കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്‍റ്

തിരുവനന്തപുരം: പാൽ പിരിക്കാതെ നേരിട്ട് തന്നെ തൈരും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമായ കൾച്ചർ സംഗ്രഹം വികസിപ്പിച്ചെടുത്ത കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്‍റ് ലഭിച്ചു.

ഉയർന്ന അതിജീവനശേഷിയുള്ള സ്റ്റാർട്ടർ സംഗ്രഹം നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് വിവിധ ദേശീയ-അന്താരാഷ്ട്ര ഏജൻസികളുടെ ദീർഘകാലത്തെ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം പേറ്റന്‍റ് ലഭ്യമായത്. തിരുവനന്തപുരം ഡെയറി സയൻസ് കോളജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻ്റ് ഫുഡ് ടെക്നോളജിയിലെയും അധ്യാപകരായ ഡോ. രജീഷ് ആർ, ഡോ. ബീന എ.കെ, ഡോ. ലിജിമോൾ ജെയിംസ്, ഡോ. പി. സുധീർ ബാബു, ഡോ. എസ്.എൻ. രാജകുമാർ, ഡോ. രചന സി.ആർ എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലാക്ടോബാസിലസ് ഇനത്തിൽപ്പെട്ട ‘ലാക്ടികേസി ബാസിലസ് റാംനോസസ്’ എന്ന ബാക്ടീരിയയിലാണ് ഇവർ പഠനം നടത്തിയത്.

സാധാരണയായി ലാക്ടോബാസിലസ് ബാക്ടീരിയകൾ ഫെർമെന്‍റേഷൻ എന്ന വായുരഹിത ശ്വസനപ്രക്രിയയിലൂടെയാണ് പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ ഊർജ്ജം മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ.

എന്നാൽ, ഇതേ ബാക്ടീരിയകളെ വായുസഹിത ശ്വസനപ്രക്രിയയ്ക്ക് (Aerobic Respiration) വിധേയമാക്കിയപ്പോൾ ഒട്ടനവധി പ്രയോജനപ്രദമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ മാറിയ സാഹചര്യങ്ങളിൽ വളരുമ്പോൾ ബാക്ടീരിയകളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവും കൂടുതൽ ക്രിയാത്മകതയും കാര്യശേഷിയും സഹിഷ്ണുതയും പ്രകടമാകുന്നുവെന്ന് പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ തൈരിന്‍റെ ഉറ അഥവാ സ്റ്റാർട്ടർ കൾച്ചർ നാലു മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കും.

പുളിപ്പിച്ച നൂതന പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ ക്ഷീരസംസ്കരണ മേഖലയ്ക്ക് വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നന്നായി തിളപ്പിച്ചാറിയ പാൽ ഉപയോഗിച്ചാണ് സാധാരണ തൈര് തയാറാക്കുന്നത്. പാൽ അധികം ചൂടാറുന്നതിന് മുൻപോ അല്ലെങ്കിൽ തീരെ തണുത്തതിന് ശേഷമോ ഉറയൊഴിക്കുന്നത് തൈരിന്‍റെ ഗുണത്തെ ബാധിക്കുമെന്നതിനാല്‍ ഏകദേശം 30-40 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉറയൊഴിക്കാൻ ഏറ്റവും അനുയോജ്യം. ഒരു ലിറ്റർ പാലിന് ഒരു ടേബിൾ സ്പൂൺ എന്ന അളവിൽ പഴയ തൈര് ചേർത്താണ് തൈര് ഉണ്ടാക്കുക. ഉറയൊഴിച്ച ശേഷം പാൽ നന്നായി ഇളക്കി യോജിപ്പിക്കുന്നത് ബാക്ടീരിയകൾ പാലിന്‍റെ എല്ലാ ഭാഗത്തും എത്തുന്നതിനും തൈര് നല്ല കട്ടിയായി കിട്ടുന്നതിനും സഹായിച്ചേക്കും.

സാധാരണ താപനിലയിൽ അഞ്ചു മുതൽ എട്ടു മണിക്കൂർ വരെയാണ് തൈര് ഉറയ്ക്കാൻ എടുക്കുന്ന സമയം. കാലാവസ്ഥയിലെ മാറ്റങ്ങൾ ഇതിൽ വ്യത്യാസം വരുത്തിയേക്കാം. തൈര് ആവശ്യത്തിന് പുളിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നത് കൂടുതൽ പുളിച്ചു പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. മൺപാത്രങ്ങളിൽ തൈര് തയ്യാറാക്കുന്നത് അതിലെ അധിക ജലാംശം വലിച്ചെടുക്കാനും തൈരിന് പ്രത്യേക രുചി നൽകാനും സഹായിക്കാറുണ്ട്.