Home Blog Page 1053

പ്രധാനമന്ത്രിയുടെ നിര്‍ദേശം, ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധിസംഘം വിവിധ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധിസംഘം വിവിധ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമുള്ള സന്ദര്‍ശനമാണിത്. നൂറോളം ജനപ്രതിനിധികള്‍ ഒമ്പത് സംഘമായാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരിക്കുന്ന ഒമ്പത് നഗരസഭകള്‍ സന്ദര്‍ശിക്കുന്നത്.

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയര്‍, ഗോവയിലെ പനജി, ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ് നഗരസഭകളിലാണ് സന്ദര്‍ശനം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാല്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ കേരളത്തിലേക്ക് തിരിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ജനപ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ജനപ്രതിനിധികളില്‍ സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തത്തില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു

ബിജെപി ദേശീയ ആസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത സംഘവുമായി സംവദിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. ഡല്‍ഹി മേയര്‍ രാജ ഇക്ബാല്‍ സിങ്, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് എന്നിവരും പങ്കെടുത്തു.

ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

കൊച്ചി: കൊച്ചി എളമക്കരയിൽ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ‍ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. പെണ്‍കുട്ടി പീഡനത്തിന് ഇരയായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും പീഡനം നടന്നു.

പീഡിപ്പിച്ച ആളെ പറ്റി സൂചന ലഭിച്ചെന്ന് പോലീസ്. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തത്.

അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കൊല നടത്തിയെന്നായിരുന്നു നിഗമനം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ട്, പ്രേംകുമാര്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയില്‍ അതൃപ്തി അവസാനിപ്പിക്കാതെ നടന്‍ പ്രേംകുമാര്‍. എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ സര്‍ക്കാര്‍ വിമര്‍ശനത്തില്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രേം കുമാറിന്റെ പ്രതികരണം. ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായം പങ്കുവെച്ചതാണ് തന്നെ പുറത്താക്കുന്നതിന് കാരണമായത്. എന്നാല്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദന് ഒരിളക്കവും തട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടുകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രേംകുമാര്‍.

സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു. അത് ശരിക്കും അദ്ഭുതപ്പെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണെന്നും പ്രേംകുമാര്‍ പറയുന്നു.

സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി…

അഥവാ

ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച –

ചില കാര്യങ്ങള്‍ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല

IFFK യുടെ മുപ്പതാം എഡിഷന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയായിരുന്നു ഒരുഭാഗത്ത്.

സംസ്ഥാന സിനിമ അവാര്‍ഡിന്റെ നിര്‍ണയം ജൂറി മാരുടെ ചൂട് പിടിച്ച ചര്‍ച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവര്‍ത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചും നേതൃത്വം നല്‍കിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കര്‍മനിരതമായ നാളുകള്‍….

സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.

അപ്പോള്‍ –

ഇത്തവണത്തെ സിനിമാഅവാര്‍ഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഞാന്‍ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും

സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.

ഒരവസരത്തില്‍ സാംസ്‌കാരിക മന്ത്രി പോലും അക്കാദമി ചെയര്‍മാനെന്ന നിലയില്‍ ‘പ്രേംകുമാറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന്’ പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി. ആ എന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീര്‍ത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്.

ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കര്‍മനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാന്‍ സന്ദേഹിയായി. മാസങ്ങള്‍ക്കുമുമ്പ്- മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു.

ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.

ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം.

കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേര്‍ക്ക് ഒരു നീതി മറ്റു ചിലര്‍ക്ക് വേറൊരു നീതി എന്ന നിര്‍വചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ ‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണല്ലോ…

പ്രേംകുമാര്‍,മുന്‍ ചെയര്‍മാന്‍,കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി

അപകടത്തില്‍പ്പെട്ടവര്‍ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ,ആറു കോടി സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം തുടങ്ങി നാലു ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളില്‍ പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ദിനം

ന്യൂഡല്‍ഹി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി. നാലു ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളാണ് ആദ്യ ദിനം പ്രധാനമന്ത്രി ഒപ്പിട്ടത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പിഎം റാഹത്ത്, ആറു കോടി സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം ഉറപ്പാക്കുന്ന ലാഖ്പതി ദീതി, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ, 10000 കോടി മൂലധനമുള്ള സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്‌സ് 2.0 എന്നി പദ്ധതികളാണ് ഒപ്പുവെച്ചത്.

സേവ തീര്‍ഥ് എന്നെഴുതിയ ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പൗരര്‍ ദൈവതുല്യരെന്ന അര്‍ഥമുള്ള നാഗ് രിക് ദേവോ ഭവ എന്ന വാചകം സേവാതീര്‍ഥ് എന്ന പേരിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീര്‍ഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീര്‍ഥ് 2, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീര്‍ഥ് 3യും പദ്ധതിയുടെ ഭാഗമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനില്‍ നിന്ന് സേവ തീര്‍ഥ് -2 ലേക്ക് മാറി. പിഎംഒയുടെ മാറ്റത്തെത്തുടര്‍ന്ന് പ്രതിരോധ – വിദേശകാര്യ മന്ത്രാലയങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൗത്ത് ബ്ലോക്കില്‍ നിന്ന് ഒന്നിലധികം ഓഫീസുകളിലേക്ക് മാറും. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങള്‍ ഐക്കണിക് കെട്ടിടത്തില്‍ നിന്ന് രാജ് പഥ് എന്നറിയപ്പെട്ടിരുന്ന കര്‍ത്തവ്യ പാതയിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞു, മകൻ അറസ്റ്റിൽ

കണ്ണൂർ: വീട്ടു വരാന്തയിലിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് ഉന്നതിയിലെ വി സജീവൻ (58)ആണ് പിടിയിലായത്.

വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരിക്കുക യായിരുന്ന അമ്മ വി ശാന്തയെ (88) കസേരയോടെ എടുത്ത് മുറ്റത്തേക്ക് എറിയുകയായിരുന്നു. സ്റ്റെപ്പിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ശാന്ത എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടു ചെലവിന് പണം നൽകാത്തത് അമ്മ ചോദിച്ചതിന്റെ വിരോധമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സജീവനെ തിരച്ചിലിനൊടുവിൽ പ്രദേശത്തു നിന്നു തന്നെ പൊലീസ് പിടികൂടുകയായിരുന്നു.

ടൗൺ സിഐ പിഎ ബിനു മോഹനാണ് ഇയാളെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം ഇന്ന്


ശാസ്താംകോട്ട : അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിൻ്റെ ഗുരുശ്രേഷ്ഠ പുരസ്ക്കാര സമർപ്പണം ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കാരാളിമുക്ക് തുരുത്തിയിൽ ആഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ഗുരുശ്രേഷ്ഠ പുരസ്ക്കാരവും വിശിഷ്ഠ വ്യക്തികൾക്കുള്ള പുരസ്ക്കാരവും എൻ.കെ പ്രേമചന്ദ്രൻ എം.പി സമർപ്പണം ചെയ്യും. സംഘടന പ്രസിഡൻ്റ് മാത്യൂ അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

സി.ആർ മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണവും മാധ്യമപ്രവർത്തകൻ പി.കെ അനിൽകുമാർ പ്രഭാഷണവും നടത്തും. സംഘടന രക്ഷാധികാരി അജിത് കുമാർ ബി.പിള്ള, സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ആയിഷ ആനയടിയിൽ, ചലച്ചിത്ര സംഗീത സംവിധായകൻ മണക്കാല ഗോപാലകൃഷ്ണൻ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ തുടങ്ങിയവർ പങ്കെടുക്കും.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ഇന്ന്

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 3.30ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാർക്കിംഗ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ വർധിച്ചുവരുന്ന വാഹന സാന്ദ്രതയും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ക്ഷാമവും കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കിയത്. ഒരേസമയം നിരവധി കാറുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് മൾട്ടി ലെവൽ പാർക്കിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷൻ പരിസരത്തെ ഗതാഗതക്കുരുക്ക് കുറയുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പാർക്കിംഗ് ലഭിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങിൽ റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്ര പരാതി മുഖവിലയ്ക്ക് എടുക്കാതെ 14 ദിവസം വൈകിപ്പിച്ചു,കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി , വിഡി സതീശന്‍

കോഴിക്കോട്. സിപിഎം മുന്‍ എംഎല്‍എ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഒരു സ്ഥലത്താണ് ഇതൊക്കെ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എഫ്‌ഐആര്‍ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ എടുക്കാന്‍ തയാറായില്ല. കെപിസിസി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്‌ഐആര്‍ ഇടുകയും ചെയ്തു.

ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ 14 ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും വിഡി സതീശന്‍ പറഞ്ഞു. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു.

എന്തുകൊണ്ട് എഫ്‌ഐആര്‍ എടുക്കുന്നത് വൈകിപ്പിച്ചു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. സ്വന്തക്കാര്‍ വന്നപ്പോള്‍ സ്നേഹം കൂടിയോ? മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥതി എന്നും സതീശന്‍ ചോദിച്ചു.

പോകുന്ന പോക്കില്‍ എല്ലാം അടിച്ചുമാറ്റുന്നു അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയത്. ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തു. കൊല്ലം കോര്‍പറേഷനില്‍ സിപിഎം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്യപ്പ സംഗമത്തിലും എഴുതി വച്ചിരിക്കുന്നത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. 4000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും 600 പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്. പന്തലില്‍ ഉള്‍പ്പെടെ അഴിമതിയാണ്.

വിശദമായി അന്വേഷിക്കണം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടത്തവരാണ് ഒപ്പമുള്ളത്. ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈക്കോടതി അന്വേഷിക്കണം. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ഇവര്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത് എന്നും സതീശന്‍ ആരോപിച്ചു.

വാലന്റൈന്‍സ് ഡേ… മധുരമൂറുന്ന ഓഫറുമായി സപ്ലൈകോ

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് മധുരമൂറുന്ന ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.
നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.

വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മർദ്ദനം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി. വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മധ്യവയസ്കന് മർദ്ദനം ഒളിവിൽ ആയിരുന്നപ്രതികൾ പിടിയിൽ. കോഴിക്കോട് എസ് വി എം ചാലിന്റെ തെക്കതിൽ അൻസർ 35, ആദിനാട് കാട്ടിൽ കടവ് കൊച്ചയ്യത്ത് കിഴക്കതിൽ ഫൈസൽ 23 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പണിക്കര് കടവിന് തെക്കുവശം റോഡിൽ കാർ കൊണ്ടിട്ട് മാർഗതടസം നടത്തിയ പ്രതികളോട് കാറെടുത്ത് മാറ്റാൻ പറഞ്ഞതിന്റെ വിരോധത്താൽ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദയകുമാർ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു . ഉദയകുമാറിന്റെ മൊഴിയിൽ കേസെടുത്ത പോലീസ് പന്മന ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

കരുനാഗപ്പള്ളി എ സി പി ജോണിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ്, വിഷ്ണു സജീവ്
എസ് സി പി ഓ ഹാഷിം,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.