Home Blog Page 1045

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാതായി കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അഭിനന്ദിച്ചു.

ജംഇയ്യത്തുല്‍ ഉലമയുടെയും മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ,യുവാവ് പിടിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.

ബസ്സിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടന്‍ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയായ സാബു യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിക്കെതിരെ സ്ത്രീപീഡന വിരുദ്ധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.

ശശി തരൂര്‍ ഓന്താണെന്നും കെ സി വേണുഗോപാല്‍ ഗുണ്ടയാണെന്നും മണിശങ്കര്‍ അയ്യര്‍,സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയില്ലെങ്കില്‍ പിണറായി വരും

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രസ്താവനയില്‍ ഉറച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗാന്ധിയന്‍ എന്ന നിലയില്‍ തനിക്ക് സത്യം പറഞ്ഞേ മതിയാകൂ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് പിണറായി വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞത്. അല്ലാതെ വെറുതേ പറഞ്ഞതല്ല. ഇത്രയും കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ എങ്ങനെ വീണ്ടും അധികാരത്തില്‍ വരാതിരിക്കുമെന്ന ചോദ്യവും മണിശങ്കര്‍ അയ്യര്‍ ഉന്നയിച്ചു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനും മണിശങ്കര്‍ അയ്യര്‍ മറുപടി നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ ഓന്താണെന്നും കെ സി വേണുഗോപാല്‍ ഗുണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയേക്കാള്‍ മുതിര്‍ന്ന നേതാവ് ആണ് താനെന്ന് പറഞ്ഞ അയ്യര്‍, ചെന്നിത്തലയാണോ കോണ്‍ഗ്രസിന്റെ പി ആര്‍ എന്നും ചോദിച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മണിശങ്കര്‍ അയ്യര്‍ സ്വീകരിച്ചത്. വി ഡി സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറുമാണ്. സതീശനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയില്ലെങ്കില്‍ പിണറായി വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ നേതൃതലത്തില്‍ മൂല്യങ്ങള്‍ ഉള്ളയാള്‍ വേണം. ചെന്നിത്തലയെയോ, തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്തീരാജ് സംവിധാനത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്‌നം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അയ്യര്‍ പറഞ്ഞു. ഏറ്റവും മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു

പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു

തിരുവനന്തപുരം.കെപിസിസി നേതൃ യോഗത്തിൽ കേരളത്തിന്റെ പൊതു രാഷ്ട്രീയ സ്ഥിതി വിശദീകരിച്ച് സുനിൽ കനഗോലു. പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു.

മണ്ഡലത്തിൽ പരിഗണിക്കപ്പെട്ടില്ലെങ്കിൽ ആരും പാർട്ടിക്കെതിരെ തിരിയരുതെന്ന് കെസി വേണുഗോപാൽ. പാർട്ടി അധികാരത്തിൽ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്നും ഉറപ്പുനൽകി കെസി വേണുഗോപാൽ

പാലാരിവട്ടത്ത് ലഹരിവേട്ട, യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി. പാലാരിവട്ടത്ത് ലഹരിവേട്ട. യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഡാൻസാഫ് പിടികൂടിയത് 37 ഗ്രാം എംഎംഎ. പിടിയിലായത് മുളവുകാട് സ്വദേശി അലൻ ഡേവിഡ്, ഫസീർ നാസർ കോട്ടയം തിരുവർപ്പ് സ്വദേശിനി നാഫില എന്നിവർ. മൂവർ സംഘം പിടിയിലായത ലഹരി കൈമാറാൻ എത്തിയപ്പോൾ

എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ

കോഴിക്കോട്.എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ. സ്വന്തം ഇഷ്ട പ്രകാരമാണ് താൻ എംവി ഗോവിന്ദന് പണം കൊടുത്തതെന്ന് മൊയ്ദീൻ

പാർട്ടി പ്രവർത്തകർ പറഞ്ഞിട്ടാണ് താൻ പണം കൊടുത്തത് എന്നായിരുന്നു നേരത്തെ മൊയ്ദിൻ്റെ വീഡിയോയിൽ പറഞ്ഞിരുന്നത്. വടക്കൻ മേഖല ജാഥ ബാലുശേരി എത്തിയത് ഫിബ്രവരി 9 ന്. മൊയ്ദീൻ എംവി ഗോവിന്ദന് പണം നൽകുന്ന വീഡിയോ പുറത്തെത്തിയത് പാർട്ടി ചാനൽ വഴി

പിന്നീട് വീഡിയോ നവ മാധ്യമങ്ങളിലും വൈറലായി. 5oo ൻ്റെ 4 നോട്ടുകളാണ് മൊയ്ദീൻ കൈമാറിയത്. പെൻഷൻ കാശാണെന്നും പിണറായി അധികാരത്തിൽ തുടർന്നാലേ കാശ് ഇനിയും കിട്ടൂ എന്നുമാണ് മൊയ്ദീൻ എം വി ഗോവിന്ദനോട് പറഞ്ഞത്. ഈ വാക്കുകളാണ് വൈറലായത്

എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ പാർട്ടി പ്രവർത്തകർ തന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു എന്ന് മൊയ്ദീൻ പറഞ്ഞു. ഇത് വലിയ വിവാദമാവുകയും ചെയ്തു,. എന്നാൽ താൻ സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീണ്ടും മൊയ്ദിൻ്റെ വീഡിയോ പുറത്ത് വരികയായിരുന്നു

മൃഗങ്ങളിലും സൂര്യാഘാതസാധ്യത; വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം

വേനല്‍ച്ചൂടില്‍ മൃഗങ്ങളിലും സൂര്യാഘാതസാധ്യതാ മുന്നറിയിപ്പ്.  കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നാണ്  മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. സാഹചര്യം നേരിടാന്‍ എല്ലാ മൃഗാശുപത്രികളും സജ്ജമാക്കി. മരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ശേഖരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാനാക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. താപനില നിശ്ചിതപരിധിക്ക് മുകളില്‍ഉയരുന്ന ഘട്ടങ്ങളില്‍, എസ്എംഎസ് വഴി കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കും.

പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും മധ്യേ തുറസായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്. പശുക്കളെ പാടത്ത് കെട്ടിയിടരുത്.  ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍ നിന്ന് മാറ്റണം, മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍  ഫാനുകളിടണം.  തെങ്ങോല, ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കി ചൂട് നിയന്ത്രിക്കാം. അരമണിക്കൂര്‍ ഇടവേളയില്‍ പശുക്കളെ നനയ്ക്കാം.  
വാഹനത്തിലെ ദീര്‍ഘദൂരയാത്രകള്‍ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം. തൊഴുത്തില്‍ എപ്പോഴും തണുത്തകുടിവെള്ളം ലഭ്യമാക്കണം. നിലവാരമുള്ള കാലിതീറ്റ നല്‍കണം, ധാതുലവണമിശ്രിതങ്ങള്‍ ചേര്‍ക്കാം. വളര്‍ത്തു കോഴികള്‍ക്കായി പലതവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. മേല്‍ക്കൂര വെള്ളത്താല്‍ തണുപ്പിക്കണം.

വളര്‍ത്തുനായ്ക്കള്‍ക്കും അലങ്കാരപൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. നായ്ക്കൂടുകള്‍ക്ക് മുകളില്‍ തണല്‍ വലകള്‍ വിരിക്കാം. തീറ്റ പലതവണകളായി നല്‍കണം. കൂട്ടില്‍ ഫാന്‍ നിര്‍ബന്ധം. ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നല്‍കിയത്

ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്; മന്ത്രിമാര്‍ പങ്കെടുക്കും

ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്. മന്ത്രിമാര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ രണ്ടായിരത്തിലേറെ പട്ടയങ്ങളാണ് വിതരണം ചെയ്യുക.  മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.  സി. കേശവന്‍ സ്മാരക ടൗണ്‍ഹാളാണ് വേദി. രാവിലെ 10.30 മുതലാണ് പരിപാടികള്‍ക്ക് തുടക്കം.

അരിപ്പ, കെ ഐ പി, മരവെട്ടിതടം, പത്തനാപുരത്തെ കമുകുംചേരി എന്നീ പ്രദേശങ്ങളിലെ പട്ടയങ്ങളും സുനാമി അതിജീവിതര്‍ക്കായുള്ളവയുമാണ് വിതരണം ചെയ്യുക. എം എല്‍ എമാരായ എം നൗഷാദ്, ജി എസ് ജയലാല്‍, എന്നിവര്‍ക്കൊപ്പം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍കുമാര്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ എം എസ് ഗോപകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടറുടെ ചേമ്പറില്‍നിന്ന് പങ്കെടുത്തു. 

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം; ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, ഇന്ത്യന്‍ ടൂറിസ്റ്റിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്. 2025 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഹംപിക്കടുത്ത് സനാപൂര്‍ തടാകത്തിന് സമീപമാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേര്‍ന്ന് തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. വനിതകള്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വിനോദസഞ്ചാരി ഒഡീഷ സ്വദേശി ബിബാഷിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി കനാലില്‍ തള്ളി. രണ്ടു ദിവസത്തിനുശേഷമാണ് ബിബാഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.
സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.