Home Blog Page 1021

ലക്ഷദ്വീപിൽ ആഴ്ചയിൽ ഒരിക്കൽ വാഹനം നിരോധിച്ച ഉത്തരവ് റമദാൻ തീരുന്നത് വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി.ലക്ഷദ്വീപിൽ ആഴ്ചയിൽ ഒരിക്കൽ വാഹനം നിരോധിച്ച ഉത്തരവ് റമദാൻ തീരുന്നത് വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ്, ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.

എല്ലാ ബുധനാഴ്ചകളിലും ലക്ഷദ്വീപിൽ മോട്ടോർ വാഹനം ഓടിക്കുന്നത് നിരോധിച്ചാണ്, കലക്ടർ ഉത്തരവ് ഇറക്കിയത്. നടത്തം സൈക്ലിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വാഹന മലിനീകരണം കുറയ്ക്കുക എന്നതായിരുന്നു വാഹനന്നിരോധനത്തിന് ദ്വീപ് ഭരണകൂടം നൽകിയ വിശദീകരണം. എന്നാൽ, നടപടി പൊതുജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും, മോട്ടോർ വാഹനങ്ങൾ നിരോധിക്കുന്നത് പൗരന്മാരുടെ അവകാശ ലംഘനമാണെന്നുമാണ്, കൽപ്പേനി സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഹരജി മാർച്ച് 16ന് പരിഗണിക്കാൻ മാറ്റി.

വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ

കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ. 2024ൽ തന്നെ കാലപ്പഴക്കം കാരണം പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് ഇന്നലെ തകർന്നു വീണത്. കെട്ടിടം അപകടവസ്ഥയിലാണെന്ന് തൊഴിലാളികളും അറിയിച്ചിരുന്നു. ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറി സമ്മതിക്കുമ്പോഴും കെട്ടിടത്തിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്ന നിലപാടിലാണ് മേയർ.


50വർഷത്തെ പഴക്കമുണ്ട് കോഴിക്കോട് വലിയങ്ങാടിയിൽ തകർന്നു വീണ വാണിജ്യസമുച്ചയം കെട്ടിടത്തിന്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 1980 മുതൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് കടമുറികളും ഗോഡൗണും. 2024ൽ തന്നെ കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചതുമാണ്. ഡിപിആർ തയ്യാറാക്കാനുള്ള നടപടികളും തുടങ്ങി. കെട്ടിടം അപകടവസ്ഥയിൽ ആണെന്ന ബോധ്യം കോർപ്പറേഷനുണ്ടായിരുന്നുവെന്നതിന് സെക്രട്ടറിയുടെ വാക്കുകൾ തന്നെ തെളിവ്.

ലൈസൻസ് കാലാവധി ഉണ്ടെന്ന ഒറ്റക്കാരണം കൊണ്ട് അപകടവസ്ഥയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കാൻ കടയുടമകളെ അനുവദിച്ചതും ഇതേ കോർപ്പറേഷൻ തന്നെ. സെക്രട്ടറി പറഞ്ഞ കാര്യങ്ങൾക്ക് നേർ വിപരീതമാണ് ഇക്കാര്യത്തിൽ മേയറുടെ നിലപാട്.

കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയ കെട്ടിടത്തിന് കുഴപ്പമൊന്നുമില്ലായിരുന്നെന്ന് മേയർ പറയുന്നത് വീഴ്ച മറച്ചു വയ്ക്കാൻ ആണെന്ന് വ്യക്തം. കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ച് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പറയുന്നത് കൂടി കേട്ടാൽ വീഴ്ചയുടെ ആഴം വ്യക്തമാകും.
ബൈറ്റ്

ഇത്രയൊക്കെയുണ്ടായിട്ടും കെട്ടിടം ഒഴിപ്പിക്കാതിരുന്ന കോർപ്പറേഷന് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഏറ്റവും സാധാരണക്കാരായ മൂന്ന് തൊഴിലാളികളുടെ ജീവനാണ് ഈ അനാസ്ഥയ്ക്ക് കൊടുക്കേണ്ടി വന്ന വില.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക്

തിരുവനന്തപുരം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്തേക്ക്.. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന നരേന്ദ്രമോദി എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കും.. ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ ജോർജ് കുര്യനും പത്മജാ വേണുഗോപാലും പിസി ജോർജ്ജും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.. പാലക്കാട് ശോഭാ സുരേന്ദ്രൻ പോരാട്ടത്തിന് ഇറങ്ങും..

എൽഡിഎഫിനും യുഡിഎഫിനും മുമ്പേ പ്രകടനപത്രിക പുറത്തിറക്കി പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിലെത്താനാണ് എൻഡിഎയുടെ ശ്രമം.. ഇതിനായാണ് മാർച്ച് ആറിനുള്ള പ്രധാനമന്ത്രിയുടെ വരവ്.. പ്രധാനമന്ത്രി എത്തും മുമ്പേ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായും പുറത്തുവരും.. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം പ്രമുഖരായ മിക്ക നേതാക്കളും ഇത്തവണ പോരാട്ടത്തിന് ഇറങ്ങും.. ജോർജ് കുര്യനോട് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.. പത്മജ വേണുഗോപാൽ തൃശ്ശൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.. പിസി ജോർജ് സ്വന്തം തട്ടകമായ പൂഞ്ഞാറിൽ പോരിനിറങ്ങും.. ഹരിപ്പാടും കായംകുളം പരിഗണിച്ചെങ്കിലും ശോഭാസുരേന്ദ്രന് ഒടുവിൽ പാലക്കാട് തന്നെയാണ് നറുക്ക്..

പാലക്കാട് ശോഭാ സുരേന്ദ്രനുള്ള സ്വാധീനവും വിജയസാധ്യതയും പ്രധാന ഘടകമാണ്.. സംസ്ഥാന നേതാക്കളെല്ലാം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ദേശീയ നേതൃതത്തിലെ 160 പ്രമുഖരാണ്.. ഇവരെല്ലാം നാളെ കേരളത്തിൽ എത്തും.. ഓരോ ലോക്സഭാ മണ്ഡലവും ഒരു യൂണിറ്റായി കണ്ട് 20 എംപിമാരാകും നിയന്ത്രിക്കുക.. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനം ആകും എന്നാണ് സൂചന..

ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായേക്കും

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. കാഞ്ഞിരപ്പള്ളിയില്‍ ആണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകുക. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ അതിനെക്കാള്‍ മികച്ച സാഹചര്യമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.

ശബരിമല സ്വർണ്ണക്കൊള്ള; പങ്കജ് ഭണ്ടാരിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡെൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പങ്കജ് ഭണ്ടാരിയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ജാമ്യം അനുവദിക്കണം എന്നും, കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്.

കേസിൽ പ്രതിയാക്കിയതിനെതിരെ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പങ്കജ് ഭണ്ഡാരിയെ വിചാരണക്കോടതിയില്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതിരുന്നത് യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതിനാലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിന് അതൊരു കാരണമല്ലെന്നും മറ്റെല്ലാ നടപടിക്രമങ്ങളും എസ്‌ഐടി പാലിച്ചിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു ഭണ്ഡാരിയുടെ ആവശ്യം. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും അതിനാല്‍ പ്രതിയുടെ ആവശ്യം അംഗീകരിക്കരുതെന്നും എസ് ഐ ടി കോടതിയെ ബോധിപ്പിച്ചിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ്‌ബേഡ് എയര്‍വേയ്‌സിന്റെ മെഡിക്കല്‍ വിമാനമാണ് ഛത്ര ജില്ലയില്‍ തകര്‍ന്നുവീണത്.
രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍, അറ്റന്‍ഡര്‍മാര്‍, ജീവനക്കാര്‍ എന്നിങ്ങനെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കരുനാഗപ്പള്ളി MLA ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

കരുനാഗപ്പള്ളി. വികസന മുരടിപ്പിനും എംഎൽഎയുടെ വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ MLA ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ ഉല്ലാസ് ബാബു മാർച്ച്‌ ഉത്ഘാടനം ചെയ്തു..

ഏറെക്കാലമായി കരുനാഗപ്പള്ളിയിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിടെ പ്രതിഷേധമാർച്ച്. എം ഏൽ എ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച്‌ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ CR മഹേഷ്‌ എം ഏൽ എ യുടെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ഉല്ലാസ് ബാബു പ്രതിഷേധമാർച്ച്‌ ഉദ്ഘാടനം ചെയ്തു. വിജയിച്ചു വന്നവർ നാട്ടിൽ വികസനം നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..

നമ്പർ വൺ കേരളം ഇന്ന് എല്ലാം മേഖലയിലും ആടി ഉലയുകയാണ്. ആരോഗ്യം മേഖലയിൽ തുടർച്ചയായ വീഴ്ചകൾ.. വികസനം നടപ്പിലാക്കാൻ കഴിയാത്ത മന്ത്രിമാർ. പ്രതിപക്ഷം ഇന്ന് നോക്കുകുത്തിയായി മാറിയെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനെ മതവർഗീയവാദ ശക്തികൾക്ക് മുന്നിൽ പണയപ്പെടുത്തി എന്നും ആരോപിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എസ് ജിതിൻ ദേവ് മുഖ്യ പ്രഭാഷണം നടത്തി. ഓച്ചിറ നഗരത്തെ കൽപാത്തി മാതൃകയിൽ വികസിപ്പിക്കുമെന്ന് പറഞ്ഞ MLA എവിടെ എന്നദേഹം ചോദിച്ചു. ഓച്ചിറയിലെ ഭൂഗർഭ വൈദ്യുതി സംവിധാനം ഇനിയും നടപ്പിലായില്ല. കാട്ടിൽക്കടവ് പാലത്തിനായി അന്നത്തെ MLA കല്ലിട്ടയിടത്ത് ഇന്നത്തെ MLA വീണ്ടും കല്ലിട്ടതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇതൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധ മാർച്ചിന് പിന്നാലെ പ്രവർത്തകർ റോഡും ഉപരോധിച്ചു. സ്ത്രീകൾ അടക്കം നിരവധിപേരാണ് പ്രതിഷേധ മാർച്ചിന്റെ ഭാഗമയത്.

കരുനാഗപള്ളി മണ്ഡലം പ്രസിഡൻ്റ് ആർ.മുരളിയുടെ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം മാലു മേൽ സുരേഷ്, കെ.ആർ.രാജേഷ്, വിജു കിളിയന്തറ, സുന്നിൽ സാഫല്യം , രഞ്ജിത്ത്, സതീഷ് തേവനത്ത്, എസ് സുബിൻ, ലത മോഹൻ, പ്രിയമാലിനി, ധന്യാ അനിൽ ,ശ്രീജ അശോകൻ, ജയ, മധുകുന്നത്ത്, അനിൽ വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി

പി. ടി. ശ്രീകുമാറിന് കർമ്മ രത്ന നാഷണൽ അവാർഡ്

തിരുവനന്തപുരം.മലയാള സിനിമയുടെ പിതാവായ ഡോ.ജെ.സി ഡാനിയേൽ അനുസ്മരണത്തിനായുള്ള ഫൗണ്ടേഷൻ നൽകുന്ന ഈ വർഷത്തെ കർമ്മ രത്ന പുരസ്കാരത്തിന് കുന്നത്തൂര്‍ പോരുവഴി സ്വദേശി അധ്യാപകനായ പി. ടി ശ്രീകുമാറിനെ തെരഞ്ഞെടുത്തു .

അധ്യാപനത്തിനൊപ്പം മുല്ലപ്പെരിയാർ അണക്കെട്ട് സമരം,തോട്ടം മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം, ആന്റി കറപ്ഷൻ മിഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ പ്രവർത്തനത്തിനാ ണ് പുരസ്കാരം ലഭിച്ചത്.ഡോ. ജെ.സി ഡാനിയലിന്റെ 126 മത് ജന്മദിന ആഘോഷത്തോട നുബന്ധിച്ച് 26ന് വൈകിട്ട് 5 ന് തിരുവനന്തപുരം തൈക്കാട് ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ ജന്മദിനാഘോഷവും പുരസ്കാര വിതരണവും നടക്കും. ജസ്റ്റിസ് എം. ആർ ഹരിഹരൻ നായർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം വിതരണം ചെയ്യും. എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി. കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, എം വിൻസന്റ്, ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന.എസ് നായർ എന്നിവർ സംസാരിക്കും

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.

ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ നൽകുന്നത്. ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന സൈനികർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.