Home Blog Page 1011

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: മുന്‍ കേരള ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. പീഡനക്കേസ് ഇരകളുടെ പേര് യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ സംഭവത്താണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തി ആയിട്ടില്ലാത്തടക്കമുള്ള ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയെന്നാണ് പരാതി. ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും പെരുമ്പാവൂര്‍ പീഡന കേസുകളും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ആര്‍. ജയചന്ദ്രന്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനം മൂലമാണ് പൊലീസ് നടപടി സ്വീകരിക്കാതിരുന്നതെന്നും ആരോപണമുണ്ട്.

ടി20 ലോകകപ്പ്:  നിർണായക മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ  പോരാട്ടത്തില്‍ സിംബാബ്‌വെയെ 72റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ. സിംബാബ്‌വെയെ അതിവേഗം പുറത്താക്കി നെറ്റ് റണ്‍റേറ്റ് സുരക്ഷിതമാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള ഇന്ത്യന്‍ മോഹം നടന്നില്ലെങ്കിലും ഭേദപ്പെട്ട വിജയം തന്നെ ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല.

21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്!

ബിജെപി ആദ്യഘട്ട സ്ഥാനാനാര്‍ഥി പട്ടികയില്‍ 50 പേര്‍; മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും

കൊച്ചി:ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ ഇടംപിടിക്കും. ക്രൈസ്തവ സഭകളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നേരിട്ട് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്. നിര്‍ണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേര്‍ന്നേക്കും. അടുത്തമാസം 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. ആദ്യ പട്ടികയില്‍ 50 ഓളം പേര്‍ ഇടം പിടിക്കും. രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കെ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രന്‍ പത്മജ വേണുഗോപാല്‍ അനുപ് ആന്റണി ആര്‍ ശ്രീലേഖ തുടങ്ങിയ പ്രമുഖരും ആദ്യ പട്ടികയില്‍ ഉണ്ടാകും. ക്രൈസ്തവസഭകളും അവര്‍ക്ക് താല്‍പര്യമുള്ള പേരുകള്‍ നേരിട്ട് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ക്രൈസ്തവസഭകള്‍ നല്‍കിയ പേരുകളില്‍ ചിലത് ദേശീയ നേതൃത്വം പരിഗണിക്കാനാണ് സാധ്യത.ഇത്തവണ 25 സീറ്റുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ മത്സരിച്ചേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌സമിതി യോഗം നാളെ ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 11ന് കേരളത്തില്‍ എത്തും. എറണാകുളത്ത് എന്‍ഡിഎ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. റെയില്‍വേയുടെ പരിപാടിയിലും മോദി പങ്കെടുക്കും. അതേ ദിവസം വൈകുന്നേരം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി ഭാഗമാകും.

പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം അടക്കം 55 പേർക്കെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ. ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് കേസ്.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധം പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു തീര്‍ത്തും സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തി.

ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്തത് മിക്കതും വ്യാജ മേല്‍വിലാസങ്ങളിലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

പടിപൂജയുടെ ബുക്കിങ്ങിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബുക്കിങ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തെ പടിപൂജയുടെ ബുക്കിങ് പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിഷയം കോടതി പരിഗണിച്ചത്. പടി പൂജയുള്‍പ്പെടെ വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ടെന്നാണ് കണ്ടെത്തല്‍.

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ്, 5349 ഒഴിവുകൾ; അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 5349 ഒഴിവുണ്ട്. ഐ.ടിഐ.ക്കാർക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം.

യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എൻജിനിയറിങ് ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷിക്കാൻ പാടില്ല.

ഒഴിവുള്ള ഐ.ടി.ഐ. ട്രേഡുകൾ

ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), ഡീസൽ മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, വയർ മാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എ.സി., പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), സ്റ്റെനോ ഗ്രാഫർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ).

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 23-ന് വൈകീട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com കാണുക.

കരൾ ക്യാൻസർ സ്റ്റേജ് 4 ; ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ

സാധാരണയായി ചികിത്സിക്കാൻ കഴിയാത്തതും അപകടകാരിയുമായ ക്യാൻസറാണ് സ്റ്റേജ് നാല് ലിവർ ക്യാൻസർ

കരളിൽ നിന്ന് ശ്വാസകോശം, എല്ലുകൾ, അടുത്തുള്ള ലിംഫ് നോഡുകൾ തുടങ്ങിയ അവയവങ്ങളിലേക്ക് വ്യാപിച്ച സാധാരണയായി ചികിത്സിക്കാൻ കഴിയാത്തതും അപകടകാരിയുമായ ക്യാൻസറാണ് സ്റ്റേജ് നാല് ലിവർ ക്യാൻസർ.

കരൾ ക്യാൻസർ നാലാം ഘട്ടം മറ്റ് അവയങ്ങളിലേക്ക് അതിവേ​ഗം വ്യാപിക്കുന്നു

മെറ്റാസ്റ്റാറ്റിക് ലിവർ ക്യാൻസർ എന്നും അറിയപ്പെടുന്ന സ്റ്റേജ് 4 ലിവർ ക്യാൻസർ കരളിനപ്പുറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്, അതായത് ശ്വാസകോശം, അസ്ഥികൾ അല്ലെങ്കിൽ അടുത്തുള്ള ലിംഫ് നോഡുകൾ എന്നിവയിലേക്ക് വ്യാപിക്കുന്നു. കരൾ ക്യാൻസർ നാലാം ഘട്ടം മറ്റ് അവയങ്ങളിലേക്ക് അതിവേ​ഗം വ്യാപിക്കുന്നു.

മഞ്ഞപ്പിത്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന

മഞ്ഞപ്പിത്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, അസ്ഥി വേദന, ശ്വാസതടസ്സം എന്നിവയല്ലൊം നാലാം ഘട്ട കരൾ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. നാലാം ഘട്ട കരൾ ക്യാൻസർ ഗുരുതരമായ ഒരു അവസ്ഥയാണെങ്കിലും, ചികിത്സയിൽ പുരോഗതി വികസിച്ചുകൊണ്ടിരിക്കുന്നു. തുടർച്ചയായ പരിചരണവും ജീവിത നിലവാരം നിലനിർത്താൻ സഹായിക്കും.

ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ നിയന്ത്രിക്കുക

ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ നിയന്ത്രിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, അതിജീവനം വർദ്ധിപ്പിക്കുക എന്നിവയിൽ ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍, എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളില്‍ 20 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 35 കിലോ വരെയും ബാഗേജ് അലവന്‍സും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം, അധിക ചെക്ക് ഇന്‍ ബാഗേജ്, മുന്‍ഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന വിംഗ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.

​ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞവുമായി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഗർഭായ ക്യാൻസറിനെതിരെ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം തുടങ്ങാൻ കേന്ദ്രസർക്കാർ. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 14 വയസ് പൂർത്തിയായ 15 വയസ് തികയാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

മൂന്ന് മാസം നീളുന്നതാണ് ആദ്യ വാക്സിൻ ഡ്രൈവ്. എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാ​ഗമാകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. ​ഗാർഡാസിൽ 4 സിം​ഗിൾ ഡോസ് വാക്സിനാണ് നൽകുക.

തിയേറ്ററിനുള്ളിൽ ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ചെന്നൈ: പതിനാറുകാരിയെ തിയേറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പൈനാവ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

മറയൂർ സ്വദേശിനിയായ പതിനാറുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് റിയാസ് തിരുപ്പൂരിലേക്ക് വിളിച്ചു വരുത്തിയത്. ആൾത്തിരക്ക് കുറവുള്ള തിയേറ്ററിനുള്ളിലെ രണ്ട് നിര സീറ്റുകൾക്കിടയിൽ ഉള്ള തറയിൽ വെച്ചാണ് ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ മറയൂർ പൊലീസ് അന്വേഷണം നടത്തിയാണ് കുട്ടിയെ കണ്ടത്തിയത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.