26.4 C
Kollam
Saturday 28th November, 2026 | 10:22:00 AM
Home News Breaking News ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം, എന്താവും പരിണാമം

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം, എന്താവും പരിണാമം

Advertisement

ന്യൂഡല്‍ഹി: ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. നിലവിലെ 543 സീറ്റുകള്‍ പരമാവധി 850 ആയി ഉയര്‍ത്താനാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലും ഒരേ അനുപാതത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിന് നിലവിലുള്ള 20 ലോക്‌സഭാ സീറ്റുകള്‍ 30 ആയി ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സീറ്റുകളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം കേരളത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിക്കുമോ? ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണോ കൂടുതല്‍ നേട്ടമുണ്ടാകുക? മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കും വേഗം കൂട്ടാനാണ് ശ്രമം. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കാനാണ് നീക്കം.

എന്താണ് മണ്ഡല പുനര്‍നിര്‍ണയം?

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിശ്ചയിക്കുകയും ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട സീറ്റുകളുടെ എണ്ണം തീരുമാനിക്കുകയും ചെയ്യുന്ന നടപടിയാണ് മണ്ഡല പുനര്‍നിര്‍ണയം അഥവാ ഡിലിമിറ്റേഷന്‍.

സാധാരണയായി ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയും അവിടത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം കഴിയുന്നത്ര തുല്യമായിരിക്കണമെന്നാണ് ഭരണഘടനയുടെ 81-ാം അനുച്ഛേദം പറയുന്നത്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ജനാധിപത്യ തത്വം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതായത്, ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ നേരത്തേ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ഇതുമൂലം പാര്‍ലമെന്റിലെ പ്രാതിനിധ്യം നഷ്ടമാകുമെന്ന ആശങ്കയാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍.

കേരളത്തിന് എത്ര സീറ്റുകള്‍ ലഭിക്കും?

നിലവില്‍ കേരളത്തിന് ലോക്‌സഭയില്‍ 20 സീറ്റുകളാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശം അതേപടി നടപ്പാക്കിയാല്‍ കേരളത്തിന്റെ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. തമിഴ്‌നാടിന് നിലവിലെ 39 സീറ്റുകളില്‍നിന്ന് 59ലേക്ക് വര്‍ധനയുണ്ടാകും. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്കും ഇതേ അനുപാതത്തില്‍ സീറ്റുകള്‍ വര്‍ധിക്കും.

എന്നാല്‍ കേരളത്തിന്റെ സീറ്റുകള്‍ 20ല്‍നിന്ന് 30 ആകുന്നതും രാജ്യത്തെ മൊത്തം ലോക്‌സഭാ സീറ്റുകളില്‍ കേരളത്തിനുള്ള വിഹിതം കൂടുന്നതും രണ്ടാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അനുപാതത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ ആപേക്ഷിക പ്രാതിനിധ്യം കൂടില്ല. നിലവിലുള്ള വിഹിതം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയ സ്വാധീനം വര്‍ധിക്കുമോ എന്നത് ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണവും സംസ്ഥാനങ്ങള്‍ക്കിടയിലെ സീറ്റ് വിഹിതവും ആശ്രയിച്ചിരിക്കും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാകുമോ?

മണ്ഡല പുനര്‍നിര്‍ണയത്തിലെ പ്രധാന തര്‍ക്കം ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള ജനസംഖ്യാ വളര്‍ച്ചയിലെ വ്യത്യാസമാണ്. കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ നേരത്തേ വിജയം നേടിയവയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച താരതമ്യേന കൂടുതലാണ്. പുതിയ സെന്‍സസ് കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സീറ്റുകള്‍ പുനര്‍വിതരണം ചെയ്താല്‍ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.

ഇതോടെ ലോക്‌സഭയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആകെ പ്രാതിനിധ്യം ഉയരുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക വിഹിതം കുറയുകയും ചെയ്യാം. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരില്‍ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടിവരരുതെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലപാട്.

എന്തുകൊണ്ടാണ് 1971ലെ സെന്‍സസ് നിര്‍ണായകമാകുന്നത്?

1970കളിലാണ് സംസ്ഥാനങ്ങള്‍ക്കിടയിലെ ലോക്‌സഭാ സീറ്റ് വിഭജനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരില്‍ ലോക്‌സഭയിലെ സീറ്റുകള്‍ നഷ്ടമാകരുതെന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. 1976ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ 25 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കിടയിലെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചു. 2001ല്‍ ഇത് വീണ്ടും 25 വര്‍ഷത്തേക്ക് നീട്ടി. ഇതോടെ സംസ്ഥാനങ്ങള്‍ക്കിടയിലെ ലോക്‌സഭാ സീറ്റ് വിഹിതം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി തുടരുകയായിരുന്നു.

അതേസമയം, ഒരു സംസ്ഥാനത്തിനുള്ളിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തിയിരുന്നു. 2026-ന് ശേഷമുള്ള ആദ്യ സെന്‍സസിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവിലെ നിയന്ത്രണം അവസാനിക്കുമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. പുതിയ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കിടയിലെ സീറ്റുകള്‍ പുനര്‍വിതരണം ചെയ്താല്‍ ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് കാരണം.

വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും തമ്മില്‍ എന്താണ് ബന്ധം?

2023 സെപ്റ്റംബര്‍ 21നാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നാരി ശക്തി വന്ദന്‍ അധിനിയം പാര്‍ലമെന്റ് പാസാക്കിയത്. അടുത്ത സെന്‍സസ് പൂര്‍ത്തിയാക്കി അതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയതിനുശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. ഇതോടെ സംവരണം നടപ്പാക്കുന്നത് വൈകുമെന്ന ആശങ്ക ഉയര്‍ന്നു.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വനിതാ സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതിയിലൂടെ നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് നീക്കം.

ഏപ്രിലിലെ ബില്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?

2026 ഏപ്രിലില്‍ വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. നാരി ശക്തി വന്ദന്‍ അധിനിയത്തില്‍ മാറ്റം വരുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ രൂപീകരിക്കാനുള്ള ബില്‍, നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും വനിതാ സംവരണം നടപ്പാക്കാനുള്ള ബില്‍ എന്നിവയായിരുന്നു അവ.

ലഭ്യമായ ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ ഉപയോഗിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്താനായിരുന്നു അന്നത്തെ നിര്‍ദേശം. അതായത് 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കുക. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 815 പേരും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള 35 പേരും ഉള്‍പ്പെടെ പരമാവധി 850 ആക്കാനും നിര്‍ദേശമുണ്ടായിരുന്നു.

എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ സീറ്റ് വിഹിതം സംരക്ഷിക്കുമെന്ന വ്യവസ്ഥ ബില്ലില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിരുന്നില്ല. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് ലോക്‌സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടു.

പുതിയ ബില്ലില്‍ എന്താണ് മാറ്റം?

ഏപ്രിലിലെ നിര്‍ദേശത്തില്‍നിന്ന് വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നും സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ സീറ്റ് അനുപാതം 2051 വരെ നിലനിര്‍ത്തുമെന്നുമാണ് പുതിയ നിര്‍ദേശം. ഇതോടെ ജനസംഖ്യാ വളര്‍ച്ചയുടെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലവിലെ ആനുപാതിക പ്രാതിനിധ്യം കുറയുന്നത് ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാടിന്റെ നിലവിലെ 7.2 ശതമാനത്തോളം വരുന്ന ലോക്‌സഭാ സീറ്റ് വിഹിതം സംരക്ഷിക്കണമെന്ന നിലപാടിലാണ് ഡിഎംകെ അധ്യക്ഷനും മന്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. അടുത്ത 25 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലെ സീറ്റ് അനുപാതം നിലനിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഭരണഘടനാപരമായ വെല്ലുവിളികള്‍

പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ചില ഭരണഘടനാപരമായ വെല്ലുവിളികളുമുണ്ട്. ഭരണഘടനയുടെ 81-ാം അനുച്ഛേദം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ അനുവദിക്കാനുള്ള വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിനാല്‍ നിലവിലെ വ്യവസ്ഥകള്‍ നിലനില്‍ക്കെ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യമുണ്ട്.

മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി. ആചാരിയുടെ അഭിപ്രായത്തില്‍, ഭരണഘടനയിലെ നിലവിലെ സീറ്റ് വിഭജന മാനദണ്ഡം മാറ്റാതെ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന് എല്ലാ സംസ്ഥാനങ്ങളിലും ഒരേ അനുപാതത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിക്കുന്ന പുതിയ മാനദണ്ഡം കൊണ്ടുവരണമെങ്കില്‍ ഭരണഘടനയുടെ 81-ാം അനുച്ഛേദത്തില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും ഇതിനായി സര്‍വകക്ഷി ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇനി എന്ത് സംഭവിക്കും?

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ലോക്‌സഭയിലും രാജ്യസഭയിലും ഹാജരായി വോട്ട് ചെയ്യുന്നവരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. വനിതാ സംവരണം 2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാനാകുമോ എന്നതിനൊപ്പം സംസ്ഥാനങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ എങ്ങനെ സംരക്ഷിക്കുമെന്നതും നിര്‍ണായകമാകും.

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നത് കേരളത്തിന് കൂടുതല്‍ എംപിമാരെ ലഭിക്കാന്‍ വഴിയൊരുക്കിയേക്കാം. എന്നാല്‍ രാജ്യത്തെ മൊത്തം സീറ്റുകളില്‍ കേരളത്തിനുള്ള വിഹിതം കൂടുമോ എന്നത് പുതിയ മണ്ഡല പുനര്‍നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ ഈ നീക്കത്തില്‍ കേരളത്തിന് നേട്ടമുണ്ടാകുമോ, അതോ ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ലഭിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here