ന്യൂഡെൽഹി. തമിഴ്‌നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ തിരുപ്പരൻകുണ്ഡ്രം ദീപത്തൂൺ കേസിൽ സുപ്രീംകോടതിയുടെ കനത്ത പ്രഹരം. മുൻ ഉത്തരവ് മനഃപൂർവം പരസ്യമായി ലംഘിച്ചെന്ന് നിരീക്ഷിച്ച കോടതി ,ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നാളെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്നും ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കത്തതിൽ ക്ഷേത്ര ഭരണസമിതിയെ സസ്പെൻഡ് ചെയ്തു. ക്ഷേത്രഭരണം ഏറ്റെടുക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ റിസീവർമാരായും നിയമിച്ചു. ക്ഷേത്രത്തിന്റെയും ദർഗയുടെയും സുരക്ഷാ ചുമതല സിആർപിഎഫിനും നൽകി.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിട്ടും തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. നാളെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന് നിർണായക ഉത്തരവിട്ടു. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽ നിന്നോ മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ ദീപം തെളിയിക്കാം. സിക്കന്ദർ ദർഗയിൽ നിന്ന് എല്ലാ വശത്തേക്കും കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കണം. എല്ലാ ഭക്തർക്കും ദീപം തെളിയിക്കാൻ അവസരം നൽകണമെന്നും കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വിമർശിച്ചു.അതിനിടെ,അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയെ കോടതി സസ്പെൻഡ് ചെയ്തു. ക്ഷേത്രഭരണം ഏറ്റെടുക്കാൻ വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനെയും ജസ്റ്റിസ് വി. പാർഥിപനെയും റിസീവർമാരായി നിയമിച്ചു. ക്ഷേത്രത്തിനും ദർഗയ്ക്കും സുരക്ഷയൊരുക്കാൻ സിആർപിഎഫിനും നിർദേശം നൽകി.കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമുണ്ടായെന്ന് പ്രാഥമികമായി നിരീക്ഷിച്ച സുപ്രീംകോടതി, മധുര ജില്ലയിൽ ഭരണപരമായ അരാജകത്വമാണെന്നും വിമർശിച്ചു.തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, പൊലീസ് ഉദ്യോഗസ്ഥർ, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും ഇമെയിലുകളും ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.ഡിസംബർ 15ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ പഞ്ചോളിയും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രീംകോടതിയുടെ കർശന ഇടപെടൽ തമിഴ്നാട് സർക്കാരിനും ഉദ്യോഗസ്ഥർക്കും മുന്നിൽ നിർണായക നിയമ-ഭരണ വെല്ലുവിളിയാണ് ഉയർത്തുന്നത്.കോടതി നിർദേശപ്രകാരം നാളെ ദീപം തെളിയിക്കുന്നതും തുടർന്നുള്ള നടപടികളും തമിഴ് രാഷ്ട്രീയത്തിൽ നിർണായകമാകും.


























