റായ്പൂർ: ഛത്തീസ്ഗഡിലെ അംബികാപൂരിൽ ആറ് പട്ടിക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് ചാക്കിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി. ആറ് പട്ടിക്കുഞ്ഞുങ്ങളും ചത്തു.
നവംബർ 13ന് വൈകിട്ട് 4.30ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചാബ് ഗാർഡന് പിന്നിലായിരുന്നു സംഭവം. പട്ടിക്കുഞ്ഞുങ്ങളുടെ കത്തിക്കരിഞ്ഞ ശരീരം കണ്ട നാട്ടുകാർ മൃഗസ്നേഹികളെ വിവരമറിയിച്ചു. ബെസുബാൻ ഡോഗ് ഷെൽട്ടർ സ്ഥാപകൻ സുധാൻഷു ശർമ സ്ഥലത്തെത്തി കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മാറ്റുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടികൾ പട്ടിക്കുഞ്ഞുങ്ങളെ തല്ലുന്നതും മൃതദേഹങ്ങൾ ഒരിടത്ത് കൂട്ടിയിട്ട് ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നതും വ്യക്തമാണ്. പ്രദേശത്ത് അടുത്തിടെ രണ്ട് തെരുവുനായ്ക്കൾ പ്രസവിച്ചിരുന്നു. ഇവയുടെ ആറ് കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളെ തിരിച്ചറിഞ്ഞതായി ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ശശികാന്ത് സിൻഹ അറിയിച്ചു. മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണ്.




























