28.9 C
Kollam
Sunday 15th November, 2026 | 05:49:08 PM
Home News National റെയിൽവേ ട്രാക്ക് സ്ഫോടനം; പാക് ചാരസംഘടനയുമായി ബന്ധമെന്ന് സംശയം, യുവാവും യുവതിയും അറസ്റ്റിൽ

റെയിൽവേ ട്രാക്ക് സ്ഫോടനം; പാക് ചാരസംഘടനയുമായി ബന്ധമെന്ന് സംശയം, യുവാവും യുവതിയും അറസ്റ്റിൽ

Advertisement

ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് യുവാവും യുവതിയും അറസ്റ്റിൽ. പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശികളായ ദവീന്ദർ സിങ് (22), മഹാക്ദീപ് കൗർ (21) എന്നിവരാണ് പിടിയിലായത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഹാൻഡ്‌ലറുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും ലിവ്-ഇൻ ബന്ധത്തിലായിരുന്നു.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാ എന്ന ഹാൻഡ്‌ലറുടെ നിർദേശപ്രകാരമാണ് രാംസിങ്പൂരിന് സമീപം റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ (ഐ.ഇ.ഡി) സ്ഥാപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നവംബർ മൂന്നിന് പുലർച്ചെയാണ് റെയിൽവേ ട്രാക്കിൽ സ്ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ കടന്നുപോയതിന് പിന്നാലെയായിരുന്നു സ്ഫോടനം. ട്രെയിൻ കടന്നുപോയ ശേഷമായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് രാജസ്ഥാൻ എ.ടി.എസ് അറിയിച്ചു.

81 ലക്ഷം മൊബൈൽ നമ്പറുകൾ പരിശോധിച്ചു

സ്ഫോടനത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ 81 ലക്ഷം മൊബൈൽ നമ്പറുകളുടെയും ഇന്റർനെറ്റ് കോളുകളുടെയും വിവരങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഫോടനം നടന്ന പ്രദേശത്തേക്ക് പഞ്ചാബിലെ ചില നമ്പറുകളിൽനിന്ന് ഇന്റർനെറ്റ് കോളുകൾ വന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പഞ്ചാബ് പൊലീസിലെ ഒരു കോൺസ്റ്റബിളിലേക്ക് എത്തിയത്.

കോൺസ്റ്റബിളിനെ ചോദ്യം ചെയ്തതോടെയാണ് എം.ആർ ഹോട്ടലിൽ താമസിച്ചിരുന്ന ദവീന്ദറിനെയും മഹാക്ദീപിനെയും കുറിച്ചുള്ള വിവരം ലഭിച്ചത്. സ്ഫോടനത്തിന് മുമ്പ് ഇരുവരും ഭട്ടിൻഡയിൽനിന്ന് ടാക്സിയിൽ എത്തി ഹോട്ടലിൽ താമസിച്ചിരുന്നു. നവംബർ 12ന് രാത്രി ടാക്സി ഡ്രൈവറെയും പൊലീസ് കണ്ടെത്തി.

പ്രതികൾക്ക് ആയുധങ്ങളും പണവും കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here