29.8 C
Kollam
Thursday 10th September, 2026 | 11:18:42 AM
Home News Breaking News ജന്തർ മന്തറിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു: മെട്രോ സ്റ്റേഷനുകൾ തുറന്നു

ജന്തർ മന്തറിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു: മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: സിജെപി പ്രതിഷേധം അവസാനിപ്പിച്ചതോടെ ഡൽഹി ജന്തർ മന്തർ പ്രദേശത്ത് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. കൂടാതെ എല്ലാ ഡൽഹി മെട്രോ സ്റ്റേഷനുകളും തുറന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയും പ്രതിഷേധത്തിന്റെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിച്ചത്. ജന്തർ മന്തറിലും പരിസരത്തും ഒത്തുകൂടിയ എല്ലാവരോടും പിരിഞ്ഞ് പോകണമെന്ന് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ അഭ്യർഥിച്ചു.

ജൂലൈ 20ന് വിദ്യാർഥികളുടെ പാർലമെന്റ് മാർച്ച് നടന്ന ദിവസം മുതൽ ജന്തർ മന്തറിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയിരുന്നു. വിദ്യാർഥി സമരത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും വിവരങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു നടപടി.

കൂടുതൽ വിദ്യാർഥികൾ സ്ഥലത്തേക്ക് എത്താതിരിക്കാൻ 18 മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു. ലോക് കല്യാൺ മാർഗ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖാംബ റോഡ്, സുപ്രീം കോടതി, സേവ തീർഥ്, ജൻപത്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐടിഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം, ന്യൂഡൽഹി എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

നാല് ദിവസം മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ പ്രദേശത്തെ കടകൾ നേരത്തെ അടയ്ക്കാനും ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉത്തരവിട്ടിരുന്നു. കടുത്ത ​ഗതാ​ഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. സിജെപി പ്രതിഷേധം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.