Home News Breaking News പ്രേമബന്ധം എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തി,മകളും കാമുകനും ഒളിവില്‍

പ്രേമബന്ധം എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തി,മകളും കാമുകനും ഒളിവില്‍

ബംഗളൂരു: കര്‍ണാടകയില്‍ അപാര്‍ട്ട്‌മെന്റില്‍ ദമ്പതിമാരെയും ഇളയ മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂത്തമകളും ലിവ് ഇന്‍ പാര്‍ട്ണറും ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും ഒളിവിലാണ്.

തിങ്കളാഴ്ച ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മൂത്ത മകളായ ശ്വേതയും ലിവ്-ഇന്‍ പാര്‍ട്ണര്‍ കെന്നതും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീഗെഹള്ളിയിലെ സായ് ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഈ നടക്കുന്ന കൊലപാതകം നടന്നത്. കെന്നതുമായുള്ള ശ്വേതയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമാണോ എന്നും ഇരുവരും ചേര്‍ന്നാണോ ഇത് നടപ്പാക്കിയത് എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റി.

ശ്വേതയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കടത്തെക്കുറിച്ച് മാതാപിതാക്കള്‍ നിരന്തരം ചോദ്യം ചെയ്തിരുന്നത് കുടുംബത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും പൊലീസ് പറയുന്നു.തിങ്കളാഴ്ച അമ്മ മുത്തുലക്ഷ്മി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ശ്വേതയും കെന്നതും അവിടെയെത്തിയത്. അച്ഛനും ഇളയ സഹോദരിയും പുറത്തുപോയിരിക്കുകയായിരുന്നു. അവിടെവെച്ച് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മുത്തുലക്ഷ്മിയെ വാക്കത്തി പോലെയുള്ള മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ബാത്ത്‌റൂമില്‍ കയറി രക്തക്കറകള്‍ കഴുകിക്കളഞ്ഞു.

തുടര്‍ന്ന് അച്ഛന്‍ സോമസുന്ദറും സഹോദരി സുപ്രിയയും തിരിച്ചെത്തിയപ്പോള്‍, ശ്വേത സുപ്രിയയെ പിടിച്ചുവെക്കുകയും കാമുകന്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പിന്നാലെ സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.