27.2 C
Kollam
Wednesday 5th August, 2026 | 02:37:35 PM
Home News Breaking News ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിക്കും,ഇടതും തയ്യാര്‍ ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കും

ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിക്കും,ഇടതും തയ്യാര്‍ ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് കോൺഗ്രസിന് നിർദേശം നൽകി.

ഇന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി യോഗവും ചേരും. കോൺ​ഗ്രസിന്റെ ഔദ്യോഗിക പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തും ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. നിലവിൽ ടിവികെയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന പനയൂരിൽ കോൺഗ്രസ് എംഎൽഎമാർ വിജയ്‌യെ കാണാൻ സാധ്യതയുണ്ട്.

സർക്കാർ രൂപീകരണത്തിലെ അടുത്ത ഘട്ടങ്ങൾക്ക് വഴിയൊരുക്കാൻ ഈ യോഗം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്നാട് ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ ജനവിധി മതേതര സർക്കാരിന് വേണ്ടിയുള്ളതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടിവികെയുടെ ശ്രമം. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ, ഡിഎംഡികെ കക്ഷികൾക്ക് രണ്ട് സീറ്റ് വീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. ജനക്ഷേമം മാത്രമാണ് ഒരേയൊരു ലക്ഷ്യമെന്നും രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി വിജയ് എക്സിൽ കുറിച്ചു. ഫോൺ കോളിനും ആശംസകൾക്കും നന്ദിയെന്നും പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടായ സഹകരണം ആവശ്യമാണെന്നും രാഹുൽ ഗാന്ധിയുടെ ആശംസയ്ക്ക് മറുപടിയായി വിജയ് എക്സിൽ കുറിച്ചു.