26.9 C
Kollam
Monday 10th August, 2026 | 01:22:43 PM
Home News Breaking News പിന്തുടര്‍ന്ന് ശല്യം; നടുറോഡില്‍ യുവതിയെ പിടിച്ചുനിര്‍ത്തിയ ടി വി കെ നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

പിന്തുടര്‍ന്ന് ശല്യം; നടുറോഡില്‍ യുവതിയെ പിടിച്ചുനിര്‍ത്തിയ ടി വി കെ നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയില്‍ ടി വി കെ നേതാവിനെതിരെ വിവാഹിതയായ യുവതി ലൈംഗികാതിക്രമ പരാതി നല്‍കി. മൂന്ന് മാസമായി ശല്യം ചെയ്യുകയും പിന്നീട് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് പാർട്ടി നേതാവായ രമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുളിത്തലൈ സ്വദേശിനിയായ 25-കാരി നല്‍കിയ പരാതിയില്‍, ക്രിഷ്‌ണരായപുരം ഈസ്റ്റ് യൂണിയൻ സെക്രട്ടറി രമേഷ് താൻ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ സ്ഥിരമായി എത്തി അശ്ലീല പരാമർശങ്ങളും ആംഗ്യങ്ങളും നടത്തുകയും വീട്ടിലേക്ക് പോകുന്ന വഴിയില്‍ പിന്തുടരുകയും ചെയ്തിരുന്നതായി ആരോപിക്കുന്നു.

തുടർച്ചയായ ശല്യത്തെ തുടർന്ന് ഭർത്താവ് കഴിഞ്ഞ രണ്ട് മാസമായി ദിവസവും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നതായും യുവതി പറഞ്ഞു.

സംഭവദിവസം ഭർത്താവിന് എത്താൻ കഴിയാതിരുന്നതിനാല്‍ സഹോദരിയാണ് ജോലിസ്ഥലത്ത് എത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടുറോഡില്‍ വെച്ച്‌ രമേഷ് വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി.

യുവതി ഉടൻ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രമേഷിനെ മർദിച്ചതോടെയാണ് സംഭവം വഷളായത്. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ രമേഷ് നിലവില്‍ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.