അടൂർ: അടൂരിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പരിശോധനാ ഫലം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജനാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് കസ്റ്റഡിൽ തുടരുകയാണ്. ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷെഹനയുടെ മരണത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമോ എന്നത് കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെ വീട്ടിനുള്ളിലെ ഹാളിൽ സ്റ്റെയറിന്‍റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആളാണ് കസ്റ്റഡിയിൽ ഉള്ള യുവാവ്. സംഭവമറിഞ്ഞ് ആളുകൾ എത്തുമ്പോൾ ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഷാൾ കഴുത്തിൽ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മുക്കിൽ കൂടി എത്തിയ രക്തമെന്നാണ് മൃതദേഹപരിശോധനയിൽ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. യുവാവ് സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ പറ്റിയുള്ള തർക്കമാണ് ഉണ്ടായതെന്നാണ് പറയുന്നത്.


































