പത്തനംതിട്ട :പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും അക്രമവും. പ്രതിയെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച രാത്രി അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് പ്രവർത്തകർ രാജനെ വളയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ പ്രവർത്തകരിൽ നിന്ന് രക്ഷപെടുത്തി സ്റ്റേഷനകത്തേക്ക് മാറ്റിയത്.
യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സ്റ്റേഷനിൽ സംഘടിച്ചത്. പൊലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ കയ്യാങ്കളിയിൽ പ്രതി രാജൻ ജോസഫ് നിലത്തുവീഴുകയും ചെയ്തു. രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരേയാണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അടൂർ റവന‍്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദിക്കാനായിരുന്നു ഇവരുടെ ശ്രമം. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും പരുക്കേറ്റു.
സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കുട്ടത്തിലും പ്രവർത്തകരും; എതിരെ സിപിഎമ്മും
യുട്യൂബറുടെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയും ജനക്കൂട്ടവുമുണ്ടായി. ഞായറാഴ്ച രാവിലെ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിന്റെ നേതൃത്വത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സംഘടിച്ചു. ശ്രീനാദേവിയെ നിരന്തരം വ്യക്തിഹത്യ ചെയ്തയാൾക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേസമയം തന്നെ എതിർഭാഗത്ത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും വലിയ രീതിയിൽ സംഘടിച്ചെത്തി. ഇരുവിഭാഗവും നേർക്കുനേർ വന്ന് വലിയ മുദ്രാവാക്യം വിളികൾ ഉയർന്നുവെങ്കിലും പൊലീസ് കർശന സുരക്ഷയൊരുക്കിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടായില്ല.

































