25.6 C
Kollam
Sunday 30th August, 2026 | 04:05:24 AM
Home News Breaking News അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കേസ്

അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കേസ്

പാലക്കാട്: പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിതിയനാണ് മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്

പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ 19, 20 ,22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍.

സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേള്‍ക്കെയാണ് ‘നിനക്ക് അഡ്രസ് എഴുതാന്‍ അറിയില്ലേ’ എന്ന് വേദിയില്‍ നിന്ന് ജലീല്‍ വിളിച്ചുചോദിച്ചത്. ഹിന്ദിയില്‍ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീല്‍ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയില്‍ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ തെറ്റ് എഴുതിയപ്പോഴാണ് ജലീല്‍ അപമാനിച്ചത്. വായനാശീലം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അറിവ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്തു.

സംസം എന്നാല്‍ എന്താണ് അര്‍ഥം? പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീല്‍ കുട്ടികളോട് ചോദിക്കുന്നുണ്ട്. കുട്ടികളെ വേദിയില്‍വെച്ച് ചെവിയില്‍ നുള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്, സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അമീന്‍ റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അമീന്‍ പറഞ്ഞു

തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിച്ചതെന്ന് ഫേസ് ബുക്കില്‍ വിശദീകരണവുമായി കെ ടി ജലീൽ

ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുറിപ്പ്

ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല, എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ലെന്ന് കെ ടി ജലീൽ

‘ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം‘പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും ജലീൽ

ഫേസ്ബുക്കിലാണ് ജലീലിന്റെ വിശദീകരണം