ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്ന് തങ്ങള്‍ സ്വതന്ത്രരായതായി ബലൂചിസ്ഥാന്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍’ (Republic of Balochistan) എന്ന ഔദ്യോഗിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുള്ളത്. ബലൂചിസ്ഥാന്‍ മേഖലയുടെ 85 ശതമാനവും ഇപ്പോള്‍ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ഇവര്‍ അവകാശപ്പെടുന്നു. പുതിയ രാഷ്ട്രം നിലവില്‍ വന്നതോടെ തനതായ ഭരണസംവിധാനങ്ങളും പ്രാബല്യത്തില്‍ വന്നു. ‘മാ ചുക്കൈന്‍ ബലൂചാനി’ (Ma Chukain Balochani) എന്ന് തുടങ്ങുന്ന ദേശീയ ഗാനവും, സ്വന്തമായി ദേശീയ പതാകയും ബലൂചിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട് ‘ബലൂചി ഫലൂസ്’ (Balochi Falus) എന്നതാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ്ണം, ചെമ്പ് ഖനികള്‍ക്ക് പുറമെ, സജീവമായ 150-ലധികം പ്രകൃതിവാതക പാടങ്ങളുടേയും 1,200 കല്‍ക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ കൈകളിലായിരിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. അതേസമയം പുതിയ ബലൂചിസ്ഥാന്‍ രാഷ്ട്ര പ്രഖ്യാപനത്തിന് പിന്നാലെ പാക് സൈന്യത്തില്‍ നിന്നും പോലീസ് സേനകളില്‍ നിന്നും മേഖലയില്‍ കൂട്ടരാജിയുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
പാകിസ്താന്‍ സൈന്യം, പോലീസ്, അതിര്‍ത്തി സേന എന്നിവയില്‍ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ബലൂചികളും പഷ്തൂണുകളും രാജിവെച്ച് ബലൂചിസ്ഥാന്‍ പക്ഷത്ത് ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ ഉള്‍പ്പെടുന്ന സൈനിക-ഭരണ വിഭാഗം 2026 അവസാനത്തോടെ പാക് അധിനിവേശ ശക്തികളെ പ്രദേശത്ത് നിന്ന് പൂര്‍ണ്ണമായും തുരത്താന്‍ സജ്ജമാണെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നുണ്ട്.
നിലവില്‍ ആധുനിക യുദ്ധവിമാനങ്ങളോ ടാങ്കുകളോ തങ്ങളുടെ പക്കലില്ലെങ്കിലും സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര അയല്‍രാജ്യമായി കണ്ട് അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രസ്താവനയിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ നടത്തിവരുന്ന ആണവ ഭീഷണിയും തീവ്രവാദ നിലപാടുകളും അവസാനിപ്പിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഇവര്‍ വാദിക്കുന്നു.
ബലൂചിസ്ഥാന്‍ നേതാവ് മിര്‍ യാര്‍ ബലൂച് പറയുന്നതനുസരിച്ച്, ജനങ്ങള്‍ പാക് സൈന്യത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍, നിലവില്‍ പുറത്തുവന്ന ഈ പ്രസ്താവനകളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സംഭവവികാസങ്ങളോട് പാകിസ്താന്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.




























