28.5 C
Kollam
Thursday 11th June, 2026 | 05:24:57 PM
Home News Breaking News കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നു, നിസഹായനായി അരവിന്ദ് കേജ്രിവാള്‍

കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നു, നിസഹായനായി അരവിന്ദ് കേജ്രിവാള്‍

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യ സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിൽ നിന്ന് കരകയറാനാകാതെ ആംആദ്മി പാർട്ടി. ഏഴ് എംപിമാർ പാർട്ടി വിട്ടതിനു പുറമെ പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നതു കണ്ടുനിൽക്കാൻ മാത്രമേ അരവിന്ദ് കേജ്രിവാളിന് സാധിക്കുന്നുള്ളൂ.

ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കുള്ളത് 22 എംഎൽഎമാരാണ്. അവരിൽ ബഹുഭൂരിപക്ഷവും രാഘവ് ഛന്ദ കാണിച്ച വഴിയിൽ ബിജെപിയിലേക്കു പോകുമോ എന്നാണ് ആശങ്ക. രാഘവ് ഛന്ദയ്ക്കൊപ്പം ബിജെപിയിൽ ചെന്നു ചേർന്ന ഏഴ് എംപിമാരിൽ ആറും പഞ്ചാബിൽ നിന്നാണ്. അതിന്‍റെ പ്രത്യാഘാതം പഞ്ചാബ് നിയമസഭയിലും ഉണ്ടാകുമെന്നാണ് പാർട്ടിയുടെ ആശങ്ക. പഞ്ചാബ് തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനവുമാണ്. തുടക്കം മുതൽ പാർട്ടിയുടെ ഡൽഹി നേതൃത്വവുമായി കലഹിച്ചാണ് പഞ്ചാബിൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. വെറും രണ്ട് എംഎൽഎമാത്രമുള്ള പഞ്ചാബിൽ നിന്നാണ് ബിജെപി ആറ് എംപിമാരെ നേടിയിരിക്കുന്നത്. പഞ്ചാബ് പോലൊരു സംസ്ഥാനത്തു നിന്ന് ഇത്രയും രാജ്യസഭാ എംപിമാരെ സൃഷ്ടിക്കാൻ ഏതൊരു പാർട്ടിക്കും കുറഞ്ഞത് അഞ്ചുവർഷത്തെ ഇടവേളയെങ്കിലും ആവശ്യമുണ്ട്. അവിടെയാണ് ബിജെപി അനായാസം നേട്ടമുണ്ടാക്കിയത്.

കോൺഗ്രസും അകാലി പാർട്ടികളും ആംആദ്മി പാർട്ടിയും കൊടികുത്തി വാഴുന്ന പഞ്ചാബിൽ ബിജെപി ഭരണത്തിലേക്കുള്ള വഴി കൂടി കണ്ടെത്തുകയാണിപ്പോൾ. ഒറ്റയ്ക്കു നിന്നാൽ ഒന്നുമാകില്ല എന്നു തിരിച്ചറിഞ്ഞാണ് പഞ്ചാബിലെ ഈ കൂട്ടിച്ചേർക്കലുകൾ. ഈ എംപിമാരെ പൊടുന്നനെ കൂടെക്കൂട്ടിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തുക എന്ന സ്വപ്നത്തിന്‍റെ നല്ലൊരു ദൂരം ഇപ്പോൾ പിന്നിട്ടുകഴിഞ്ഞു. ഇനി 15 എംപിമാരെകൂടി രാജ്യസഭയിൽ കിട്ടിയാൽ ബിജെപിക്കും സഖ്യകക്ഷികൾക്കുമായി മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.

മണ്ഡലപുനർനിർണയവുമായി കൂട്ടിയിണക്കിയ വനിതാബിൽ പരാജയപ്പെട്ടിടത്തു നിന്നാണ് ഇത്തരമൊരു നീക്കത്തിന് വേഗം കൂടിയത്. രാഘവ് ഛന്ദയും സ്വാതി മാലിവാളും ഹർഭജൻ സിങ്ങും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ഇറങ്ങിപ്പോകുമെന്ന് കേജ്രിവാൾ ദുസ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ല. ഭരണം നഷ്ടപ്പെട്ട ശേഷമാണ് മദ്യനയക്കേസിൽ കുറ്റവാളിയല്ല എന്ന് കോടതി കണ്ടെത്തുന്നത്. ഇപ്പോൾ ശേഷിക്കുന്ന നേതാക്കളെക്കൂടിയാണ് ബിജെപി വലവീശിപ്പിടിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടി മാത്രമല്ല നിരവധി പ്രാദേശിക പാർട്ടികളേയും ബിജെപി ഉന്നം വയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Advertisement