Home News National ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി എന്ന പുതിയ ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്സ് സന്ദേശങ്ങളും പോസ്റ്റുകളും...

ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി എന്ന പുതിയ ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി കേരള പോലീസ്

Advertisement

ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി എന്ന പുതിയ ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി കേരള പോലീസ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ട്ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങളാണ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.
നിങ്ങളുടെ അനുമതിയോ യുപിഐ പിന്‍ നല്‍കാതെയോ ഗൂഗിള്‍ പേയില്‍ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില വോയ്സ് സന്ദേശങ്ങള്‍ പോക്കറ്റ് മണി ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തില്‍ തെറ്റായ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. ഈ തരത്തിലുള്ള വിവരങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത് സംബന്ധിച്ച് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
ഗൂഗിള്‍ പേ പോക്കറ്റ് മണി റിവാര്‍ഡ് ലഭിച്ചിട്ടുണ്ട്, അത് അക്കൗണ്ടിലേക്ക് മാറ്റാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള വാട്സാപ്പ് / എസ്എംഎസ് സന്ദേശങ്ങള്‍ വിശ്വസിക്കരുത്.
ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
പണം ലഭിക്കാന്‍ യുപിഐ പിന്‍ നല്‍കേണ്ട ആവശ്യമില്ല.
ആരെങ്കിലും പണം ലഭിക്കുമെന്ന് പറഞ്ഞ് യുപിഐ നല്‍കാന്‍ ആവശ്യപ്പെടുന്നുവെങ്കില്‍ അത് ഉറപ്പായും തട്ടിപ്പാണ് എന്ന് മനസ്സിലാക്കുക.
ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഭയപ്പെടേണ്ടതില്ല, എന്നാല്‍ ജാഗ്രത പാലിക്കുക.
സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വോയ്സ് ക്ലിപ്പുകള്‍ പരിശോധിക്കാതെ വിശ്വസിക്കരുത്
അപരിചിതരില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.

Advertisement