Home News National സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്….പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് വിജയ്

സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്….പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് വിജയ്

Advertisement

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. പെരുമ്പൂര്‍, തിരുച്ചിറപ്പളളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുന്നത്. പെരമ്പൂരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു തിരുച്ചിറപ്പളളി ഈസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താരം രേഖപ്പെടുത്തിയിരുന്നത്. തെറ്റ് തിരിച്ചറിഞ്ഞതോടെ വിജയ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഗുരുതര പിഴവാണ് സംഭവിച്ചതെങ്കിലും പത്രികസമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, കഷ്ടിച്ചാണ് താരം പിഴവില്‍നിന്ന് തലയൂരിയത്. പ്രായം, ക്രിമിനല്‍ കേസുകളുടെ എണ്ണം, സ്വത്ത് വിവരങ്ങള്‍ എന്നിവയിലായിരുന്നു അപാകതകള്‍ ഉണ്ടായിരുന്നത്. പെരമ്പൂരില്‍ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രായം 52 എന്നായിരുന്നു വിജയ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരമ്പൂർ വിജയ് പത്രിക സമര്‍പ്പിച്ചത്. ഈ സത്യവാങ്മൂലത്തില്‍ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും താരം അവകാശപ്പെട്ടിരുന്നു. 


എന്നാൽ, 3 ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ 2 കേസുകളുണ്ടെന്നു രേഖപ്പെടുത്തി. തിരുച്ചിറപ്പളളിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രായം 51 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ അപാകതകള്‍ക്ക് പുറമെ സ്വത്ത് വിവരങ്ങളിലും തെറ്റ് സംഭവിച്ചു. 115.13 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് തിരുത്തി 220.15 കോടി എന്നാക്കുകയായിരുന്നു.

Advertisement