26.3 C
Kollam
Tuesday 29th September, 2026 | 06:45:06 AM
Home News National യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം,പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

യുവാവിന്‍റെ രണ്ടു കാമുകിമാര്‍ തമ്മില്‍ തര്‍ക്കം,പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

കൊല്ലപ്പെട്ട ഷിഫ ഇടത്

മുംബൈ. ശിവാജി നഗറില്‍ പട്ടാപ്പകല്‍ 19 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന പേരുള്ള യുവതിയെയാണ് മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളില്‍ 25 കാരിയേയും അവരുടെ 23 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ പിടിയിലായ യുവതിയുമായും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശിവജി നഗറിലെ ഫുര്‍ഖാനിയ മസ്ജിദ് പ്രദേശത്ത് യുവാവിന്റെ രണ്ട് കാമുകിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഷിഫയുടെ കവിളിലൂടെ തുളച്ചു കയറി തലയോട്ടിയില്‍ തറച്ചു.

ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഷിഫയുടെ മരണം സംഭവിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് 12 മണിക്കൂറിനുള്ളില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സോണല്‍ ഡിസിപി സമീര്‍ ഷെയ്ഖ് വ്യക്തമാക്കി.