ഹൈദരാബാദ് : ഹൈദരാബാദിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ജൂനിയർ എൻടിആറിൻറെ ബിജെപി പ്രവേശന സാധ്യത സജീവ ചർച്ചയാകുന്നു. ടിഡിപിയെ എൻഡിഎയിലേക്ക് തിരികെയെത്തിക്കാനുള്ള ചർച്ചകൾക്ക് ബിജെപി തുടക്കംകുറിച്ചു. തെലുങ്കു രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾക്ക് വഴിമാറിയിരിക്കുകയാണ് അമിത് ഷാ നേരിട്ടെത്തി നടത്തിയ നീക്കങ്ങൾ. ജൂനിയർ എൻടിആറും റാമോജി റാവുവുമായി അമിത് ഷാ നടത്തിയ ചർച്ചകൾ, ടിഡിപിയുടെ മടങ്ങിവരവിന് വഴിതുറക്കുമെന്ന കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

തെലുങ്കുസിനിമയിലെ മുത്താണ് ജൂനിയർ എൻടിആർ എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

എൻടി രാമറാവുവിൻറെ കൊച്ചുമകനെ തന്നെ ചർച്ചയ്ക്ക് എത്തിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടാനാണ് ബിജെപി ശ്രമം. വിരുന്നിൽ പങ്കെടുത്തിന് പിന്നാലെയാണ് ജൂനിയർ എൻടിആറിൻറെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. തെലങ്കാനയിലുള്ള ആന്ധ്ര വോട്ടർമാരുടെയും കമ്മ വിഭാഗത്തിൻറെയും പിന്തുണ ജൂനിയർ എൻടിആറിലൂടെ ഉറപ്പിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. പ്രാദേശിക നേതാക്കളെ ഒപ്പമെത്തിച്ച് ടിആർഎസിനെ നേരിടാമെന്നാണ് ബിജെപി നേതൃത്വത്തിൻറെ പ്രതീക്ഷ.

ചന്ദ്രബാബു നായിഡുവിൻറെ വിശ്വസ്തനും, നിർമ്മാതാവുമായ റാമോജി റാവുവുമായി ഷാ ഫിലിംസിറ്റിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സംഭാഷണമെന്നാണ് വിശദീകരണമെങ്കിലും ടിഡിപിയുടെ മടങ്ങിവരവ് കൂടിക്കാഴ്ചയിൽ വിഷയമായി. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ ടിഡിപി പിന്തുണച്ചിരുന്നു. അത്താഴ വിരുന്നിനോട് ടിഡിപിയും എൻടിആറിൻറെ നന്ദമുരി കുടുംബവും പ്രതികരിച്ചിട്ടില്ല. പവൻ കല്യാണിൻറെ ജനസേന പാർട്ടിയെ ഒപ്പം നിർത്തിയുള്ള സഖ്യരൂപീകരണവും ചർച്ചയായി. ഇതിനിടെ ഡൽഹിയിലെത്തിയ ആന്ധ്ര മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. വികസനപദ്ധതികൾക്കൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായി. നരേന്ദ്രമോദിക്ക് എതിരെ ഫെഡറൽ സഖ്യത്തിന് കെസിആർ ശ്രമം നടത്തുന്നതിനിടെയാണ് ബിജെപി നീക്കം.

അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയർ എൻടിആർ. എൻടിആർ സ്ഥാപിച്ച തെലുങ്ക് ദേശം പാർട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയർ എൻടിആർ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വർഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയർ എൻടിആർ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പർസ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുർ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്.