ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ കേസുകൾ അവസാനിപ്പിക്കാം’ ; സന്ദേശം ലഭിച്ചുവെന്ന് സിസോദിയ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയാണെങ്കിൽ തനിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകൾ എല്ലാം ഇല്ലാതാക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെളിപ്പെടുത്തൽ.

വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ പരിശോധനകളും രാഷ്ട്രീയപ്പോരും തുടരുന്നതിനിടയിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച്‌ സിസോദിയ രംഗത്തെത്തിയിട്ടുള്ളത്.

‘എനിക്ക് ബിജെപിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയിൽ ചേരുക. നിങ്ങൾക്കെതിരായ സിബിഐ, ഇ.ഡി.കേസുകൾ അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും’ – സിസോദിയ ട്വീറ്റ് ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിചമച്ചതാണെന്ന് ആവർത്തിച്ച സിസോദിയ നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യൂവെന്നും വെല്ലുവിളിച്ചു.

പാർട്ടി മാറാൻ തന്നോട് ആവശ്യപ്പെട്ട ബിജെപിക്കുള്ള തന്റെ മറുപടിയും സിസോദിയ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ‘ഞാൻ ഒരു രജപുത്രനാണ്, മഹാറാണ പ്രതാപിന്റെ പിൻഗാമിയാണ്. ഞാൻ എന്റെ തലവെട്ടാൻ തയ്യാറാണ്. പക്ഷേ ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തല കുനിക്കില്ല. എനിക്കെതിരായ എല്ലാ കേസുകളും തെറ്റാണ്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എല്ലാം ചെയ്യുക’ സിസോദിയ വ്യക്തമാക്കി.

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ വിനയ് കുമാർ സക്‌സേന കഴിഞ്ഞമാസം സി.ബി.ഐ. അന്വേഷണത്തിന് ശുപാർശചെയ്തു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിസോദിയയുടെ വീടടക്കം ഏഴുസംസ്ഥാനനങ്ങളിലായി 31 സ്ഥലങ്ങളിൽ സി.ബി.ഐ. പരിശോധന നടത്തി. വിവാദമായ മദ്യനയം ജൂലായിൽ സർക്കാർ പിൻവലിച്ചിരുന്നു

Advertisement