കൊല്ലം: കൊട്ടിയത്ത് പുകയും രൂക്ഷഗന്ധവും ശ്വസിച്ച് 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് കമ്മീഷൻ നിർദേശം നൽകി.
കൊട്ടിയം ഓക്സീലിയം ഐഎസ്സി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഇന്ന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടികളെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം.
സ്കൂളിൽനിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റിൽനിന്നുള്ള പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പ്ലാന്റ് ഉടമകൾ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ച് പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പ്ലാന്റിന്റെ പ്രവർത്തനവും പരിസരത്തെ മലിനീകരണ പ്രശ്നങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് പ്രതീക്ഷ.
Advertisement




























