ടൂറിസം വകുപ്പും കല്ലട ജലോത്സവ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) രണ്ടാം പാദമത്സരത്തിൽ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ ഒന്നാം സ്ഥാനം നേടി.
കല്ലട വള്ളംകളി ഇനി എല്ലാ വർഷവും 28-ാം ഓണത്തിന് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരത്തിന്റെ സ്ഥിരം വേദിയാക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ 28-ാം ഓണാഘോഷവും സി ബി എൽ വള്ളംകളിയും വ്യത്യസ്ത ദിവസങ്ങളിലായിരുന്നു നടന്നിരുന്നത്. ഇത്തവണ ഉല്ലാസ് കോവൂർ എം എൽ എയുടെയും കൊടിക്കുന്നിൽ സുരേഷ് എം പിയുടെയും അഭ്യർഥന പരിഗണിച്ച് 28-ാം ഓണത്തിന് തന്നെ കല്ലടയിൽ സി ബി എൽ മത്സരം നടത്താൻ ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു. തുടർ മത്സരങ്ങൾക്കായി വള്ളങ്ങൾ കോട്ടപ്പുറത്തേക്ക് കൊണ്ടുപോകേണ്ടതടക്കമുള്ള സമയക്രമീകരണങ്ങൾക്കിടയിലും കല്ലടയിലെ ജനങ്ങളുടെ ആവശ്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പരമ്പരാഗത വള്ളംകളിക്ക് കൂടുതൽ ജനപ്രീതിയും രാജ്യാന്തര ശ്രദ്ധയും ലഭിക്കുന്നതിന് സി ബി എൽ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികമായി നടന്നുവരുന്ന വള്ളംകളികളെ സി ബി എല്ലിന്റെ ഭാഗമാക്കുന്നതിലൂടെ അവയ്ക്ക് കൂടുതൽ പ്രചാരവും ടൂറിസം സാധ്യതകളും ലഭിക്കും.
കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അടുത്ത വർഷം മുതൽ നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പഴയ രീതിയിലുള്ള തീയതിയിലേക്ക് മത്സരം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ഉല്ലാസ് കോവൂർ എം എൽ എ അധ്യക്ഷതവഹിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം പി, ഗോപകുമാർ എം എൽ എ, ജില്ലാ കലക്ടർ ആനി ജൂലാ തോമസ് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.




























