Home News Local ഇത്തിക്കര ആറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇത്തിക്കര ആറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാരിപ്പള്ളി: കഴിഞ്ഞ ദിവസം പള്ളിക്കപ്പുഴ ആറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കല്‍ നടയ്ക്കല്‍ അഭിലാഷ് ഭവനില്‍ അഭിലാഷ് (39) ആണ് മരണപ്പെട്ടത്. വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അടുതല മണ്ണയം പാലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളില്‍ അഭിലാഷ് ആറ്റിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ കൊല്ലത്തുനിന്നെത്തിയ സ്‌കൂബ ടീം ആറ്റില്‍ പരിശോധന നടത്തി. തിരച്ചിലില്‍ അടുതല പാലത്തിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പാരിപ്പള്ളി പോലീസ്, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.