ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ്
കരുനാഗപ്പള്ളി: ദേശീയപാത നിർമാണ പ്രവർത്തനങ്ങളാൽ ഗതാഗതക്കുരുക്കും വ്യാപാരമേഖലയിലെ പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ, റോഡ് കയ്യേറി നടക്കുന്ന തെരുവ് കച്ചവടത്തിന് നഗരസഭ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നൂറോളം പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി സെക്രട്ടറിയുടെ ചേംബറിലേക്ക് പ്രതിഷേധ മാർച്ചായി എത്തി ഉപരോധം സംഘടിപ്പിച്ചു.
ലൈസൻസും തൊഴിൽനികുതിയും അടച്ച് നിയമാനുസൃതമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ അവഗണിച്ചുകൊണ്ട് ദേശീയപാതയിലും മാർക്കറ്റ് റോഡിലും അനധികൃത തട്ടുകടകൾ വ്യാപകമായി പ്രവർത്തിക്കുന്നതായി അസോസിയേഷൻ ആരോപിച്ചു.
പല തട്ടുകടകളും ബിനാമി ഉടമസ്ഥതയിലാണെന്നും ചിലർ നിരവധി തട്ടുകടകൾ സ്ഥാപിച്ച് തൊഴിലാളികളെ നിയമിച്ച് വൻതോതിൽ വ്യാപാരം നടത്തുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പേരിൽ ലൈസൻസുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴയും വ്യാപകമാക്കുന്ന നഗരസഭ, കോടതി വിധികളെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് പ്രവർത്തിക്കുന്ന തെരുവ് കച്ചവടക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മാറിമാറി വരുന്ന നഗരസഭാ ഭരണസമിതികളും സെക്രട്ടറിമാരും ഇത്തരം അനധികൃത കച്ചവടങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമായി ഉയർന്നു.
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും നഗരസഭ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ലാലാജി ജംഗ്ഷനിലെയും പുള്ളിമാൻ ജംഗ്ഷനിലെയും പഴയ ദേശീയപാതയുടെ വശങ്ങളിൽ താൽക്കാലിക ബങ്കുകൾ അനുവദിച്ച് ഫീസ് ഈടാക്കി നിയമാനുസൃത സംവിധാനം ഒരുക്കാമെന്ന നിർദ്ദേശം താലൂക്ക് വികസന സമിതിയിൽ പലതവണ മുന്നോട്ടുവച്ചിരുന്നുവെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
വിഷയത്തിൽ എം.എൽ.എയും നഗരസഭാ ഭരണസമിതിയും അടിയന്തരമായി ഇടപെട്ട് അനധികൃത കച്ചവടം അവസാനിപ്പിക്കുകയും പുനരധിവാസ പദ്ധതി നടപ്പാക്കുകയും വേണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കകം വിഷയത്തിൽ നടപടികൾ ആരംഭിക്കാമെന്ന് നഗരസഭ സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയിസ്, സെക്രട്ടറി രഞ്ജീവ് ശേഖർ, ട്രഷറർ അനസ് സെയ്‌ദ്, കാട്ടൂർ ബഷീർ, രാജീവൻ ഈസ്റ്റ് ഇന്ത്യ, സക്കീർ പുത്തൻവീട്ടിൽ, സജി സോഡിയാക്ക്, ഹുസൈൻ കൊല്ലക്കാരൻ, സഹജൻ പൊയ്കയിൽ, മുഹമ്മദ് ഫൈസി, എം.കെ. ഷംനാദ്, അമ്പുവിള ലത്തീഫ്, സൈബു സാബു, അനീസ് ചക്കാല, സമീർ ദന്തോ, വിജിൽ നല്ലഭൂമി, അനിൽ ഉണ്ണിത്താൻ, സിയാദ് ഐ സ്പോട്ട്, പ്രശാന്ത്, ജവാദ് ഷാ, ശ്രീജ വി.എസ്., രാജി ചില്ലീസ്, സന ഫാത്തിമ എന്നിവർ സമരത്തിന് നേതൃത്വം നൽകി.



































