ശാസ്താംകോട്ട. തടാക തീരത്ത് വേങ്ങയില്‍ പുതിയ അപകടാവസ്ഥ, അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാകാവുന്ന പ്രശ്നമാണ് പുതിയതായി ഉരുത്തിരിയുന്നത്. ശാസ്താംകോട്ട-ചവറ പ്രധാന പാതയില്‍ വേങ്ങയിലെ വളവില്‍ തടാക തീരത്ത് സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു നീക്കിയതോടെയാണ് അപകടാവസ്ഥ. ഇവിടെ റോഡിലെ എസ് വളവ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയും വിധമാണിപ്പോള്‍.ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ല.
നേരത്തേ മരങ്ങള്‍ നിന്നപ്പോള്‍ അഥവാ വാഹനം മറിഞ്ഞാലും തട്ടിനില്‍ക്കുമായിരുന്നു. ഇവിടെ മറിഞ്ഞ ചെറിയവാഹനങ്ങള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ വാഹനം 50അടിയോളം താഴ്ചയിലേക്ക് മറിയാനാണ് സാധ്യത. ഈ റോഡില്‍ മഴയത്ത് വെള്ളക്കെട്ടും അപകടാവസ്ഥ കൂട്ടുന്നു. റോഡിനു ചേര്‍ന്ന് ഇടിഞ്ഞുപോയ ഭാഗത്ത് നാട്ടുകാര്‍ കമ്പ് കുത്തിവച്ചതുമാത്രമാണ് മുന്നറിയിപ്പിനുള്ളത്. കടുത്ത മഴയത്തും രാത്രിയിലും ഇവിടെ കാഴ്ച കുറഞ്ഞ് അപകടാവസ്ഥ ഏറെയാണ്.

സദാ പെട്രോളും ഡീസലും കെഎംഎലിലേക്കുള്ള രാസവസ്തുക്കളും ആസിഡും മറ്റും കൊണ്ടുപോകുന്ന റോഡാണിത്. ഈ വാഹനം മറിഞ്ഞാല്‍ ശാസ്താംകോട്ട ശുദ്ധ ജല തടാകം പാടേ മലിനമായേക്കും. കൊല്ലം നഗരത്തിലേയും നിരവധി പഞ്ചായത്തുകളിലേക്കും പ്രാദേശിക മേഖലകളിലേക്കുമുള്ള ആറ് ലക്ഷത്തോളം പേര്‍ക്ക് ശുദ്ധജലം നല്‍കുന്ന സ്രോതസ് എന്ന നിലയില്‍ ഇത് ആപല്ക്കരമാണ്. മുമ്പ് തടാകതീരത്തെ പ്രധാന അപകട മേഖലകളായും ജാഗ്രതക്കായി ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലമായും പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടിയ സ്ഥലമാണിത്. എന്നാല്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല.
തടാക തീരത്തുകൂടി പ്രധാന പാത ഇത്രയും ചേര്‍ന്നു പോകുന്ന വേറൊരു സ്ഥലമില്ല. ഇവിടെ ത്തന്നെ വളവില്‍ വീതികൂട്ടി പാറ അടുക്കിയെങ്കിലും വളവിലെ അപകടകരമായ പോസ്റ്റ് നീക്കിയിട്ടില്ല. റോഡിന് ക്രാഷ് ബാരിയര്‍ സ്ഥാപിക്കുകയും വളവില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.


































