ശാസ്താംകോട്ട:കുന്നത്തൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ 492 കോടി ചെലവിൽ 6 പദ്ധതികൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ച് ഉല്ലാസ് കോവൂർ എംഎൽഎ.പൊതുഗതാഗതം,വിനോദ സഞ്ചാരം,ആരോഗ്യം,വിദ്യാഭ്യാസം, വ്യവസായം,വൈദ്യുതി തുടങ്ങിയ മേഖലകളുടെ വികസനത്തിനായുള്ള പദ്ധതികൾക്ക് 2026-27 ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
ശാസ്‌താംകോട്ട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് ഡിപ്പോ/സബ് ഡിപ്പോ പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം.ദീർഘദൂര,ചെയിൻ സർവ്വീസുകൾ,ഇലക്ട്രിക് ബസ് ചാർജിംഗ് സൗകര്യങ്ങൾ,കൂടുതൽ രാത്രികാല സർവ്വീസുകൾ എന്നിവ അനുവദിക്കണമെന്നും ആധുനിക കാത്തിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നും നിർദ്ദേശങ്ങളിൽ പ്രധാനമാണ്.ഇതിനായി 2 കോടി രൂപ പ്രത്യേകമായി വകയിരുത്തണമെന്നാണ് ആവശ്യം.
ശാസ്‌താംകോട്ടയിൽ ഡോ.ബി.ആർ ഇൻ്റഗ്രേറ്റഡ് ഫിനിഷിംഗ് സ്‌കൂൾ സ്ഥാപിച്ച്, ഐ.ടി ആൻ്റ് ഡിജിറ്റൽ,ഇംഗ്ലീഷ് ഭാഷാ,മത്സര പരീക്ഷ,എഐ ഉൾപ്പെടെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിന് ബജറ്റിൽ 20 കോടി അനുവദിക്കണം.ഈസ്റ്റ് കല്ലട ഉൾപ്പെടെയുള്ള മേഖലകളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ഈസ്റ്റ് കല്ലടയിൽ 110 കെ.വി സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിന് 50 കോടി ബജറ്റിൽ അനുവദിക്കണം.
മൺറോതുരുത്തിനെ ടൂറിസം ഗ്രാമമായി വികസിപ്പിക്കുന്നതിന് 50 കോടിയുടെ പ്രത്യേകം പാക്കേജ് അനുവദിക്കണം.കൂടാതെ മൺറോതുരുത്തിനെ ഔദ്യോഗികമായി ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കണം.ജില്ലയിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് 250 കോടിയുടെ സംസ്ഥാനതല പ്രത്യേക പാക്കേജ് അനുവദിക്കണം.
കുന്നത്തൂർ മണ്ഡലത്തിലെ ആയിര കണക്കിന് കുടുംബങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കശുവണ്ടി മേഖലയെ ആശ്രയിച്ചാണ് കഴിയുന്നതെന്നും കശുവണ്ടി ക്ലസ്റ്റർ വികസന പദ്ധതി ആരംഭിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു.ശാസ്‌താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിയെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് 120 കോടി അനുവദിക്കണം.കുന്നത്തൂർ മണ്ഡലത്തിലെ സാധാരണക്കാരുടെ ആതുരാലയമായ ഇവിടെ എത്തുന്ന രോഗികൾ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പോകേണ്ട ഗതികേടിലാണ്.




































